ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ളവര്‍ പ്രചാരണത്തിനെത്താനിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പും വിശകലന വിധേയമാക്കുകയാണ് രാഷ്‌ട്രീയവിദഗദ്ധര്‍. പാര്‍ലമെന്‍റ്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ വ്യത്യസ്‌തമാണെന്നാണ് ഇവര്‍ വസ്‌തുതകള്‍ നിരത്തി സമര്‍ത്ഥിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക കക്ഷിയെ പിന്തുണയ്ക്കുന്നവര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരെ വോട്ട് ചെയ്യുന്ന കാഴ്‌ച കാണാമെന്ന് ഡല്‍ഹി സര്‍വകലാശാല അധ്യാപകനും രാഷ്‌ട്രീയ വിദഗ്ദ്ധനുമായ പ്രൊഫ. അപൂര്‍വാനന്ദ് ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ സ്വാധീനം നിയമസഭ തെരഞ്ഞെടുപ്പിലുമുണ്ടാകാം. എന്നാല്‍ ഇത് എല്ലാ മണ്ഡലങ്ങളിലും ഒരു പോലെ ആകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരേ മണ്ഡലത്തില്‍, ഒരേ വോട്ടര്‍ തന്നെ വ്യത്യസ്‌ത തെരഞ്ഞെടുപ്പില്‍ വ്യത്യസ്‌ത തരത്തില്‍ തീരുമാനമെടുക്കുന്നതും നമുക്ക് കാണാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഎപിക്കും കെജ്‌രിവാളിനും വേണ്ടി വോട്ട് ചെയ്‌തവര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്‌തു. ഇക്കുറിയും ഇത് തന്നെ സംഭവിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്‌തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപിയെ തന്നെയാകും ഇക്കുറിയും വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുകയെന്നും അപൂര്‍വാനന്ദ് പറഞ്ഞു.
തന്ത്രങ്ങള്‍
നാല്‍പ്പത് താരപ്രചാരകര്‍ വീതമാണ് ബിജെപിക്കും എഎപിക്കും വേണ്ടി രംഗത്ത് ഇറങ്ങുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം മോദിയും ഷായും ആദിത്യനാഥും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. കോണ്‍ഗ്രസിലും പിന്നിലല്ല. ഇന്ത്യ സഖ്യത്തിലെ കക്ഷികളായ കോണ്‍ഗ്രസും എഎപിയും നേര്‍ക്ക് നേര്‍ ഡല്‍ഹിയില്‍ ഏറ്റുമുട്ടുന്നു എന്നതാണ് രസകരം. ഇരുകക്ഷികളും പരസ്‌പരം പല ആരോപണ പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നു. ഒപ്പം ബിജെപിയെയും ഇവര്‍ അക്രമിക്കുന്നു.
ബിജെപി നയിക്കുന്ന സഖ്യമായ എന്‍ഡിഎ തെരഞ്ഞെടുപ്പിനെ ഒന്നിച്ചാണ് നേരിടുന്നത്. എന്നാല്‍ 70 സീറ്റുകളില്‍ 68 ലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബുരൈയ്‌രി മണ്ഡലം ജനതാദള്‍ യുണൈറ്റഡിന്‍റെ ശൈലേന്ദ്രകുമാറിന് വേണ്ടിയും ദിയോലി രാം വിലാസ് പാസ്വാന്‍റെ ലോക്‌ജനശക്തി പാര്‍ട്ടിക്കും വേണ്ടി നീക്കി വച്ചിരിക്കുകയാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളാണ് ചര്‍ച്ചയാകുക. പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ എംപിമാര്‍ നിയമനിര്‍മ്മാതാക്കളാകുന്നു. അവരെ നിയമം നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിലും പ്രാദേശിക വിഷയങ്ങള്‍ക്കും പ്രാധാന്യം കിട്ടാറുണ്ട്. മണ്ഡലത്തില്‍ റോഡുണ്ടാക്കാം, ആശുപത്രി നിര്‍മ്മിക്കാം എന്നെല്ലാം പറഞ്ഞ് രാഷ്‌ട്രീയക്കാര്‍ എത്തുന്നു. എന്നാല്‍ ഒരാള്‍ എംപിയായിക്കഴിഞ്ഞാല്‍ അഞ്ച് വര്‍ഷത്തേക്ക് ഇയാളെ പിന്നെ മണ്ഡലത്തില്‍ കാണാനേ ആകില്ല, മണ്ഡലത്തിന് വേണ്ടി യാതൊന്നും ചെയ്യാറുമില്ലെന്ന് ആരോപണങ്ങള്‍ ഉയരുന്നു.
ആശുപത്രികളും റോഡുകളും നിര്‍മ്മിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഒരു എംപിയുടെ ഉത്തരവാദിത്തമല്ല. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇതൊരു നാട്ടുനടപ്പ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രാദേശിക വിഷയങ്ങള്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറെ പ്രാധാന്യമുണ്ട്. പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്‌ത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് വലിയ വിഷയങ്ങള്‍ എന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.