കേരളം

kerala

ETV Bharat / bharat

നീറ്റില്‍ നീറിപ്പുകഞ്ഞ് പാർലമെന്‍റ്‌ ബജറ്റ് സമ്മേളനം: തത്സമയ അപ്‌ഡേറ്റ് - Parliament 2024 LIVE Updates

By ETV Bharat Kerala Team

Published : Jul 22, 2024, 10:58 AM IST

Updated : Jul 22, 2024, 11:31 AM IST

BUDGET 2024  NIRMALA SITHARAMAN  PARLIAMENT MONSOON SESSION  LATEST MALAYALAM NEWS
A view of the new Parliament House (ANI)

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. നാളെയാണ് സമ്പൂർണ ബജറ്റ്. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്‍റിൽ സമർപ്പിക്കും. ഓഗസ്റ്റ് 12 നാകും ബജറ്റ് സമ്മേളനം അവസാനിക്കുക. കേരളത്തിന് നിർണായകമായ റബർ പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്‍റ്‌, കോഫി പ്രൊമേഷൻ ആൻഡ് ഡെവലപ്മെന്‍റ്‌ തുടങ്ങി ആറ് ബില്ലുകൾ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്‌മീരിന്‍റെ ബജറ്റും അവതരിപ്പിക്കും. 1934 ലെ എയർക്രാഫ്റ്റ് ആക്‌ടിന് പകരം ഭാരതീയ വായുധാൻ വിധേയക്, സ്വാതന്ത്ര്യത്തിന് മുൻപുള്ള നിയമത്തിന് പകരമായി ബോയിലേഴ്‌സ്‌ ബിൽ എന്നിവയും അവതരിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷിയോ​ഗം ഇന്നലെ ചേർന്നിരുന്നു.

LIVE FEED

1:42 PM, 22 Jul 2024 (IST)

ലോക്‌സഭ 2.30 വരെ പിരിഞ്ഞു

ലോക്‌സഭ സമ്മേളനം 2.30 വരെ നിർത്തിവച്ചു. നീറ്റ് യുജി പേപ്പർ ചോർച്ച വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനെ രീക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ പരീക്ഷ സമ്പ്രദായത്തിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി പേപ്പർ ചോർച്ച ഉണ്ടായി എന്നതിന് യാതൊരു തെളിവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മറുവാദം ഉന്നയിച്ചു.

എല്ലാ പരീക്ഷകളെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും മികച്ച പരീക്ഷാ സമ്പ്രദായം വികസിപ്പിക്കുന്നതിനെക്കുറിച്ച് അംഗങ്ങൾ ചർച്ച ചെയ്യണമെന്നും സ്‌പീക്കർ ഓം ബിർള പറഞ്ഞു.

1:36 PM, 22 Jul 2024 (IST)

ഇന്ത്യയുടെ ജിഡിപി, വളര്‍ച്ചയുടെ പാതയിലെന്ന് സര്‍വേ

ന്ത്യയുടെ ജിഡിപി വളര്‍ച്ചയുടെ പാതയിലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കുതിപ്പ് ഈ സാമ്പത്തിക വര്‍ഷവും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. ജിഡിപി നിരക്ക് 8.2 ശതമാനമായി. 2024 സാമ്പത്തിക വര്‍ഷത്തെ ജിഡിപി 8 ശതമാനത്തിന്... Read More

1:24 PM, 22 Jul 2024 (IST)

നീറ്റ് വിഷയം പാർലമെൻ്റിൽ ഉന്നയിക്കുന്നത് തുടരും: രാഹുൽ ഗാന്ധി

നീറ്റ് പരീക്ഷ പേപ്പർ ചോർച്ച പ്രധാന വിഷയമാണെന്നും വര്‍ഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ഇത് പാർലമെൻ്റിൽ ഉന്നയിക്കുന്നത് തുടരുമെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ന് (22-07-2024) രാവിലെ പാർലമെൻ്റ് മന്ദിരത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. 'വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിഷയത്തില്‍ പ്രതികരിക്കണമായിരുന്നു. സുപ്രീം കോടതിയെക്കുറിച്ചും പ്രധാനമന്ത്രി മോദിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.

യുവാക്കളെ സംബന്ധിച്ചിടത്തോളം നീറ്റ് വളരെ പ്രധാനപ്പെട്ട വിഷയമാണ്. പാര്‍ലമെന്‍റില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞങ്ങൾ എപ്പോഴും ആവശ്യപ്പെടുന്നുണ്ട്. പക്ഷേ സർക്കാര്‍ അതില്‍ താത്പര്യം കാണിക്കുന്നില്ല. ഞങ്ങൾ ഈ വിഷയം വീണ്ടും ഉന്നയിക്കുകയും സർക്കാരിൽ സമ്മർദം ചെലുത്തുകയും ചെയ്യും.' - രാഹുല്‍ ഗാന്ധി പറഞ്ഞു.

12:13 PM, 22 Jul 2024 (IST)

പരീക്ഷാ സംവിധാനത്തിന്‍റെ വിശ്വാസ്യത തകര്‍ന്നെന്ന് ഹൈബി ഈഡന്‍

രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്‍റെ വിശ്വാസ്യത തകര്‍ന്നെന്ന് ഹൈബി ഈഡന്‍ ശൂന്യ വേളയില്‍ ആരോപിച്ചു. ഏഴ് വര്‍ഷത്തിനിടെ രാജ്യത്തെ പതിനഞ്ച് സംസ്ഥാനങ്ങളിലായി എഴുപത് ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ ഉണ്ടായി. കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടെതെന്നും ഹൈബി ആരോപിച്ചു.

12:05 PM, 22 Jul 2024 (IST)

ഇക്കണോമിക് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഇക്കണോമിക് സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്.

12:02 PM, 22 Jul 2024 (IST)

രാജ്യത്ത് വ്യവസായങ്ങളുടേയും കമ്പനികളുടെയും പ്രവര്‍ത്തനം സുഗമമാക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികളെടുത്തെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സഭയെ അറിയിച്ചു . 63 കുറ്റങ്ങള്‍ ഡീ ക്രിമിനലൈസ് ചെയ്‌തത് കമ്പനികളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്ര പ്രോസസിങ്ങ് സംവിധാനവും ആരംഭിച്ചിട്ടുണ്ടെന്നും ധനമന്ത്രി.

11:59 AM, 22 Jul 2024 (IST)

കള്ളം നിരന്തരം ഉറക്കെ വിളിച്ചു പറഞ്ഞതു കൊണ്ട് സത്യമാവില്ല

നിറ്റ് പരീക്ഷയിലെ ക്രമക്കേട് നടത്തിപ്പ് സംവിധാനവുമായി ബന്ധപ്പെട്ടതായതിനാല്‍ എന്തൊക്കെ നടപടികളാണ് ആ വിഴ്‌ചകള്‍ പരിഹരിക്കാന്‍ കൈക്കൊണ്ടതെന്ന് രാഹുല്‍ ഗാന്ധി ആരാഞ്ഞു. ഇതിന് ധര്‍മേന്ദ്ര പ്രധാന്‍ നല്‍കിയ മറുപടി ഇങ്ങനെ "രാജ്യത്തെ പരീക്ഷാ സംവിധാനം വെറും പാഴാണെന്ന് പറയുന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവന അങ്ങേയറ്റം അപലപനീയമാണ്. ഒരു കള്ളം നിരന്തരം ഉറക്കെ വിളിച്ചു പറഞ്ഞതു കൊണ്ട് സത്യമാവില്ല".

11:46 AM, 22 Jul 2024 (IST)

തെളിവില്ലെന്ന് ധര്‍മേന്ദ്ര പ്രധാന്‍

കഴിഞ്ഞ ഏഴ് വര്‍ഷം ചോദ്യപേപ്പര്‍ ചോര്‍ന്നതിന് ഒരൊറ്റത്തെളിവും ലഭിച്ചില്ല. നാഷണല്‍ ടെസ്‌റ്റിങ്ങ് ഏജന്‍സി എന്‍ ടി എക്ക് കീഴില്‍ 240 പരീക്ഷകള്‍ വിജയകരമായി നടത്തി. നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയം സുപ്രീം കോടതിയുടെ മുന്നിലാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക സഭയില്‍ പറഞ്ഞു. ശൂന്യ വേളയില്‍ നാഷണല്‍ ടെസ്‌റ്റിങ്ങ് ഏജന്‍സിയുടെ പരീക്ഷകളെപ്പറ്റിയുള്ള അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

11:42 AM, 22 Jul 2024 (IST)

നീറ്റ് പേപ്പർ ചോർച്ച; വിദ്യാഭ്യാസ മന്ത്രി സ്ഥാനമൊഴിയണമെന്ന് അഖിലേഷ് യാദവ്

ലോക്‌സഭയിലെ വര്‍ഷക്കാല സമ്മേളനത്തില്‍ നീറ്റ് പേപ്പർ ചോർച്ചാ വിഷയം രാഹുല്‍ ഗാന്ധി എം.പി സഭയില്‍ ഉന്നയിച്ചു. സമാജ്‌വാദി എംപി അഖിലേഷ് യാദവ് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നമ്മുടെ പരീക്ഷാ സമ്പ്രദായത്തിൽ വളരെ ഗുരുതരമായ ഒരു പ്രശ്‌നമുണ്ടെന്ന് രാജ്യത്തിന് മുഴുവൻ വ്യക്തമാണ്. ഇത് നീറ്റിന്‍റെ മാത്രം ചോദ്യമല്ല, എല്ലാ പ്രധാന പരീക്ഷകളിലും ഇത് ഉണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

11:13 AM, 22 Jul 2024 (IST)

ലോക്‌സഭാ നടപടികൾ ആരംഭിച്ചു: ശത്രുഘ്‌നൻ സിൻഹ സത്യപ്രതിജ്ഞ ചെയ്തു

ലോക്‌സഭ സ്‌പീക്കർ ഓം ബിർള സഭയിലെത്തി സഭാ നടപടികൾ ആരംഭിച്ചു. എ.ഐ.ടി.സി എം.പി ശത്രുഘ്നൻ സിൻഹ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്‌ട്രത്തിന്‍റെ പുരോഗതിയിൽ നേതാക്കൾ കൂട്ടായി പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓം ബിർള എക്‌സിൽ നേരത്തെ കുറിച്ചിരുന്നു.

10:43 AM, 22 Jul 2024 (IST)

ബജറ്റ് വികസിത ഭാരതത്തിനുള്ള അടിത്തറ

60 വർഷത്തിന് ശേഷം മൂന്നാം തവണയും ഒരു സർക്കാർ അധികാരത്തിൽ വന്നതും, മൂന്നാം തവണ ആദ്യ ബജറ്റ് അവതരിപ്പിക്കാനാകുന്നതും അഭിമാനകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണവെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ന് രാജ്യം മുഴുവൻ ബജറ്റിലേക്കാണ് ഉറ്റുനോക്കുന്നത്. ഇതൊരു പോസിറ്റീവ് സെഷനായിരിക്കണം. ഈ ബജറ്റ് അമൃത് കാലത്തെ സുപ്രധാന ബജറ്റാണ്. ഇന്നത്തെ ബജറ്റ് നമ്മുടെ ഭരണത്തിൻ്റെ അടുത്ത 5 വർഷത്തേക്കുള്ള ദിശ നിർണ്ണയിക്കും. ഈ ബജറ്റ് 'വികസിത് ഭാരത്' ഞങ്ങളുടെ സ്വപ്‌നത്തിൻ്റെ ശക്തമായ അടിത്തറയായി മാറുമെന്നും മോദി.

Last Updated : Jul 22, 2024, 11:31 AM IST

ABOUT THE AUTHOR

...view details