ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വീണ്ടും വധ ഭീഷണി. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ച് കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ അടുത്തിടെ കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശം സ്ഥിതിയാകും സല്‍മാന്‍ ഖാന്‍റേതെന്ന് വധ ഭീഷണി. മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.
"ഇത് നിസ്സാരമായി കാണരുത്. സൽമാൻ ഖാൻ ജീവിച്ചിരിക്കാനും ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, സല്‍മാന്‍ ഖാന്‍ അഞ്ച് കോടി രൂപ നൽകണം. പണം നൽകിയില്ലെങ്കിൽ, സൽമാൻ ഖാന് ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശമായ വിധി നേരിടേണ്ടിവരും." -ഇപ്രകാരമാണ് ഭീഷണി സന്ദേശം.
സന്ദേശം അയച്ചയാൾ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെടുന്നു. അതേസമയം സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട് മുംബൈ പൊലീസ്.
സൽമാൻ ഖാൻ്റെ പ്രിയ സുഹൃത്തും എൻസിപി നേതാവുമായ ബാബ സിദ്ദിഖി (66) ഒക്‌ടോബർ 12നാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിൻ്റെ എംഎൽഎയായ മകൻ സീഷാൻ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസിന് പുറത്ത് വച്ചാണ് ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. കേസിൽ നാല് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിഷ്‌ണോയ് സംഘത്തിൻ്റെ തുടർച്ചയായ ഭീഷണികൾ നേരിടുന്ന ബോളിവുഡ് താരമാണ് സല്‍മാന്‍ ഖാന്‍. ഏപ്രിൽ 14ന് ബാന്ദ്രയിലെ നടൻ്റെ വസതിക്ക് പുറത്ത് രണ്ട് ഷൂട്ടർമാർ അഞ്ച് റൗണ്ട് വെടിവച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ബാബ സിദ്ദിഖിയുടെ കൊലപാതകം.
അതേസമയം സൽമാൻ ഖാൻ്റെ ബാന്ദ്രയിലെ വസതിക്ക് ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മുൻകാല ഭീഷണികളെ തുടർന്ന് താരം അതീവ ജാഗ്രതയിലാണ്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ പ്രധാന അംഗത്തെ നവി മുംബൈ പൊലീസ് വ്യാഴാഴ്‌ച്ച അറസ്‌റ്റ് ചെയ്‌തിരുന്നു. സുഖ്ബീർ ബാൽബീർ സിംഗ് എന്ന സുഖ്, പാനിപ്പട്ടില്‍ വച്ചാണ് പിടിയിലായത്. സൽമാൻ ഖാനെ കൊല്ലാനുള്ള ഗൂഢാലോചനയുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.
സൽമാൻ ഖാൻ്റെ സുരക്ഷയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടെ നടന് വൈ പ്ലസ് (Y+) സുരക്ഷ അനുവദിച്ചു. ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്ത് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ സജ്ജീകരിച്ച എഐ പ്രവർത്തനക്ഷമമാക്കിയ ഉയർന്ന റെസല്യൂഷൻ സിസിടിവി ക്യാമറകളും മുംബൈ പോലീസ് സ്ഥാപിച്ചിട്ടുണ്ട്.