ന്യൂഡൽഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ വോട്ട് ചെയ്യാനെത്തുക 90,07,755 ഭിന്നശേഷിക്കാരായ വോട്ടർമാർ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 44 ശതമാനത്തിന്‍റെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2019-ൽ 62,63,701 പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (പിഡബ്ല്യുഡി) വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകൾ പ്രകാരം, 53,64,676 പുരുഷന്മാരും 36,42,637 സ്‌ത്രീകളും 442 ട്രാന്‍സ്‌ജെന്‍ഡര്‍ പിഡബ്ല്യുഡി വോട്ടർമാരുമാണ് ഇത്തവണയുള്ളത്.
12,60,161 പിഡബ്ല്യുഡി വോട്ടര്‍മാരുള്ള ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ബിഹാറിൽ 7,45,937, കർണാടകയിൽ 6,19,069, മഹാരാഷ്‌ട്രയിൽ 6,04,288, മധ്യപ്രദേശിൽ 5,79,500, രാജസ്ഥാനിൽ 5,74,079, തെലങ്കാനയിൽ 5,26,709, ഒഡീഷയിലും മറ്റുള്ളവയിലുമായി 5,22,805 എന്നിങ്ങനെയാണ് പട്ടിക പോകുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണത്തിലും ഉത്തർപ്രദേശാണ് ഒന്നാമത്. 442-ല്‍ 68 വോട്ടർമാരാണ് ഉത്തര്‍പ്രദേശിലുള്ളത്. കർണാടകയിൽ 53, തമിഴ്‌നാട്ടിൽ 50, ഒഡീഷയിൽ 49, ബിഹാറിൽ 39 എന്നിങ്ങനെയാണ് ട്രാന്‍സ് വോട്ടര്‍മാരുടെ കണക്കുകള്‍.
രാജ്യത്തുടനീളമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് ഔദ്യോഗികമായി അറിയിച്ചു. 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും അംഗ വൈകല്യമുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
18-ാം ലോക്‌സഭയിലേക്കുള്ള 543 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ഏഴ് ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെയാണ് നടക്കുന്നത്. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 എന്നിങ്ങനെയാണ് വോട്ടെടുപ്പ് തീയതികൾ. ജൂണ്‍ 4 ന് വോട്ടെണ്ണും.
ഇന്ത്യയിൽ ആകെ 96.8 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 49.72 കോടി പുരുഷന്മാരും 47.1 കോടി സ്‌ത്രീകളുമാണ്. 1.82 കോടി കന്നി വോട്ടർമാരും 85 വയസ്സിനു മുകളിൽ പ്രായമുള്ള 81,11,740 വോട്ടർമാരും ഇന്ത്യയിലുണ്ട്.
1951 സെപ്റ്റംബറില്‍ ആരംഭിച്ച് 1952 ഫെബ്രുവരിയില്‍ അവസാനിച്ച, അഞ്ച് മാസം നീണ്ട രാജ്യത്തെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പാണ് ഇതുവരെ നടന്നതില്‍ ഏറ്റവും ദൈർഘ്യമേറിയ തെരഞ്ഞെടുപ്പ്.
Also Read :കാശ്‌മീരി കുടിയേറ്റക്കാർക്ക് വോട്ട് ചെയ്യാൻ ഇനി 'എം ഫോം' വേണ്ട; ചട്ടത്തില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ - Changes In Kashmiri Migrants Form M