പട്‌ന: ഓൺലൈൻ ഗെയിം കളിക്കാൻ കുടുംബം അനുവദിക്കാത്തതിനെത്തുടർന്ന് തുടർന്ന് യുവാവ് ലോഹവസ്‌തുക്കൾ വിഴുങ്ങി. കത്തിയും താക്കോലും നെയിൽ കട്ടറും ഉൾപ്പെടെയുള്ള ലോഹവസ്‌തുക്കളാണ് വിഴുങ്ങിയത്. ബിഹാർ മോത്തിഹാരിയിലെ ചന്ദ്മാരി പ്രദേശത്താണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം.
ഓൺലൈൻ ഗെയിം ആയ 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' കളിയ്ക്കാൻ സമ്മതിക്കാത്തതിനെ തുടർന്നായിരുന്നു യുവാവിന്‍റെ ഈ സാഹസം. രഹസ്യമായാണ് യുവാവ് ലോഹവസ്‌തുക്കൾ വിഴുങ്ങിയത്. ആദ്യത്തെ മണിക്കൂറുകളിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പിന്നീട് യുവാവിന്‍റെ ആരോഗ്യനില വഷളായി. ഇതിനെത്തുടർന്ന് വീട്ടുകാർ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സോണോഗ്രാഫിയിലൂടെയും അൾട്രാസൗണ്ട് പരിശോധനയിലൂടെയും ആണ് ഡോക്‌ടർമാർ ഇയാളുടെ വയറിൽ ലോഹസാന്നിധ്യം കണ്ടെത്തിയത്. പിന്നീട് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുക്കുകയായിരുന്നു. താക്കോൽ, കത്തി, രണ്ട് നെയിൽ കട്ടറുകൾ, ചെറിയ ഇരുമ്പ് ഉരുപ്പടികൾ എന്നിവ പുറത്തെടുത്തു. ഇത്രയും സാധനങ്ങൾ വിഴുങ്ങിയിട്ടും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമാണെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. അമിത് കുമാർ പറഞ്ഞു.
ഇയാൾക്ക് ചെറിയ തോതിൽ മാനസികസ്വാസ്ഥ്യമുള്ളതായാണ് വീട്ടുകാർ പറയുന്നത്. യുവാവ് ഓൺലൈൻ ഗെയിമുകൾക്കും സമൂഹമാധ്യമങ്ങൾക്കും അടിമയാണ്. പബ്‌ജി ഉൾപ്പെടെയുള്ള ഗെയിമുകളാണ് യുവാവിന്‍റെ മനോനിലയെ തകരാറിലാക്കിയതെന്നും വീട്ടുകാർ പറഞ്ഞു. ഇതിനെത്തുടർന്ന് യുവാവ് മനസികാരോഗ്യവിദഗ്‌ധന്‍റെ ചികിത്സയിലായിരുന്നു. മറ്റുള്ളവരെക്കാൾ പ്രത്യേകത തനിക്കുണ്ടെന്ന് കാണിക്കാനാണ് ലോഹവസ്‌തുക്കൾ കഴിച്ചതെന്ന് യുവാവ് പറഞ്ഞു. നിലവിൽ ഇയാൾ അപകടനില തരണം ചെയ്‌തിട്ടുണ്ട്.
Also Read:പബ്ജി കളി തടഞ്ഞ അമ്മയെ കൊന്ന മകൻ: മൃതദേഹം മറവ് ചെയ്യാൻ സുഹൃത്തിന് 5000 രൂപ വാഗ്ദാനം