ന്യൂഡൽഹി: മാര്‍ക്ക് സക്കർബർഗിന്‍റെ പരാമർശത്തില്‍ ക്ഷമാപണം നടത്തി മെറ്റ ഇന്ത്യ. സക്കര്‍ബര്‍ഗിന്‍റെ പരാമര്‍ശം അശ്രദ്ധമായ പിഴവ് ആണ് എന്നാണ് മെറ്റയുടെ വിശദീകരണം. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് മെറ്റ ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ് ശിവ്‌നാഥ് തുക്രാല്‍ ക്ഷമാപണം നടത്തിയത്.
കൊവിഡ് മഹാമാരിക്ക് ശേഷം സര്‍ക്കാരിനെതിരെ രാജ്യത്ത് ഒരു വികാരം ഉയര്‍ന്നിട്ടുണ്ട് എന്നായിരുന്നു സക്കര്‍ബര്‍ഗിന്‍റെ പ്രസ്‌താവന. ജോ റോഗൻ പോഡ്‌കാസ്റ്റിലായിരുന്നു സക്കർബർഗിന്‍റെ പരാമര്‍ശം. ഈ പരാമർശങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് രംഗത്തെത്തിയിരുന്നു.
2024 ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യയുൾപ്പെടെ മിക്ക സർക്കാരുകളും കൊവിഡിന് ശേഷം പരാജയപ്പെട്ടുവെന്ന സക്കർബർഗിന്‍റെ വാദം വസ്‌തുതാപരമായി തെറ്റാണ് എന്നായിരുന്നു അശ്വിനി വൈഷ്‌ണവിന്‍റെ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ 640 ദശലക്ഷത്തിലധികം വോട്ടർമാരുമായി 2024ല്‍ തെരഞ്ഞെടുപ്പ് നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലുള്ള വിശ്വാസം ഇന്ത്യയിലെ ജനങ്ങൾ വീണ്ടും ഉറപ്പിച്ചുവെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
'ബഹുമാനപ്പെട്ട മന്ത്രി അശ്വിനി വൈഷ്‌ണവ്, 2024 ലെ തെരഞ്ഞെടുപ്പിൽ പല അധികാരകക്ഷികളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ല എന്ന മാർക്കിന്‍റെ നിരീക്ഷണം നിരവധി രാജ്യങ്ങൾക്ക് ബാധകമാണ്. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെ ആയിരുന്നില്ല. അശ്രദ്ധ മൂലമുണ്ടായ ഈ പിഴവിന് ഞങ്ങൾ ക്ഷമാപണം നടത്തുന്നു. മെറ്റയ്ക്ക് ഇന്ത്യ എപ്പോഴും പ്രധാനപ്പെട്ട ഒരു രാജ്യമാണ്. അതിന്‍റെ നൂതന ഭാവിയുടെ കേന്ദ്ര ബിന്ദുവായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' എന്നും ശിവ്‌നാഥ് തുക്രാല്‍ എക്‌സില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യന്‍ സര്‍ക്കാർ വിരുദ്ധ വികാരം ഉണര്‍ത്തിവിടും വിധം സക്കര്‍ബര്‍ഗ് നടത്തിയ പ്രസ്‌താവനയില്‍ വിശദീകരണം നല്‍കാന്‍ മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്ന് പാര്‍ലമെന്‍റിന്‍റെ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അധ്യക്ഷനും ബിജെപി എംപിയുമായ നിഷികാന്ത് ദുബെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കമ്പനി ഖേദം പ്രകടിപ്പിക്കാത്ത പക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Also Read: സക്കര്‍ബര്‍ഗിന്‍റെ പരാമര്‍ശം; മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് നിഷികാന്ത് ദുബെ