ഒഡിഷ :ദേശീയ തലത്തില്‍ത്തന്നെ ഇത്തവണ ഏറെ പ്രധാന രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് വേദിയായ സംസ്ഥാനമാണ് ഒഡിഷ. തെരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ കൂടി പ്രതീക്ഷിക്കുന്ന സംസ്ഥാനം. ഒഡിഷയിലെ ഏറെ ശ്രദ്ധേയമായ ആറ് ലോക്‌സഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫല സാധ്യതകള്‍ ഇവിടെ അറിയാം.
സാംബല്‍പ്പൂര്‍
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍
കല്‍ക്കരിപ്പാടങ്ങളുടെ നാടായ താല്‍ച്ചറില്‍ ജനിച്ച ഒഡിഷക്കാരനായ ബിജെപി നേതാവ് ധര്‍മേന്ദ്ര പ്രധാന്‍ 15 വര്‍ഷത്തിന് ശേഷം പൊതു തെരഞ്ഞെടുപ്പ് നേരിടുകയാണ്. 2012 മുതല്‍ 2018 വരെ ബിഹാറില്‍ നിന്നും 2018മുതല്‍ മധ്യപ്രദേശില്‍ നിന്നുമുള്ള രാജ്യസഭാംഗമായ ശേഷം ധര്‍മേന്ദ്ര പ്രധാന്‍ തിരിച്ചെത്തുകയാണ് ഒഡിയയുടെ മണ്ണില്‍. പാര്‍ലമെന്‍റിലേക്ക് ആദ്യമായി മത്സരിച്ച് ജയിച്ച ദിയോഗഡ് മണ്ഡലം ഇല്ലാതായതോടെ പുതുതായി രൂപം കൊണ്ട സാംബല്‍പ്പൂരിലാണ് മത്സരം.
ദിയോഗഡ് ഉള്‍പ്പെടുന്ന സാംബല്‍പ്പൂര്‍ മണ്ഡലവുമായി ധര്‍മേന്ദ്ര പ്രധാന് ആത്മബന്ധമുണ്ട്. ബിജെപി ദേശീയ ഉപാധ്യക്ഷനും വാജ്പേയ് സര്‍ക്കാരില്‍ ഉപരിതല ഗതാഗത കൃഷി വകുപ്പുകളുടെ സഹമന്ത്രിയും ഒക്കെയായിരുന്ന ദേബേന്ദ്ര പ്രധാന്‍റെ മകനാണ് ഇദ്ദേഹം. അച്ഛന്‍ രണ്ടു തവണ പ്രതിനിധീകരിച്ച മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കെത്തിയ പാരമ്പര്യവുമുണ്ട്.
മണ്ഡല പുനര്‍ നിര്‍ണയത്തിനുശേഷം ധര്‍മേന്ദ്ര പ്രധാന്‍റെ തട്ടകമായ ദിയോഗഡ് നിയമസഭ മണ്ഡലം സാംബല്‍പൂരിന്‍റെ ഭാഗമായി. സാംബല്‍പൂരാകട്ടെ ഒരിക്കലും ബിജെപിയുടെ ശക്തി കേന്ദ്രവുമല്ല. കഴിഞ്ഞ തവണ വെറും 9162 വോട്ടിന്‍റെ വ്യത്യാസത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ഇവിടെ ജയിച്ചത്.
2019ലെ തെരഞ്ഞെടുപ്പ് ഫലം
നിധീഷ് ഗംഗാ ദേബ് (ബിജെപി) - 4,73,770
നളിനി കാന്ത പ്രധാന്‍ (ബിജെഡി) - 4,64,608
ശരത് പട്‌നായിക് (കോണ്‍ഗ്രസ്) - 1,35,969
ഭൂരിപക്ഷം - 9162
ഇത്തവണയാകട്ടെ ശക്തമായ ത്രികോണ മല്‍സരമാണ് മണ്ഡലത്തില്‍. മുന്‍ ബിജെഡി നേതാവും എംപിയുമായിരുന്ന നാഗേന്ദ്ര കുമാര്‍ പ്രധാന്‍ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരരംഗത്തുണ്ട്. ബിജെഡി സ്ഥാനാര്‍ഥി പ്രണബ് പ്രകാശ് ദാസും ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കുന്നു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്‍റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന നേതാവാണ് പ്രണബ് പ്രകാശ് ദാസ്. ബിജെഡി സംഘടന സെക്രട്ടറിയും ജാജ്പൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ പ്രണബ് ധര്‍മേന്ദ്ര പ്രധാന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മെയ് 25നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ്.
സ്ഥാനാര്‍ഥികള്‍
- ധര്‍മേന്ദ്ര പ്രധാന്‍- ബിജെപി
- നാഗേന്ദ്ര കുമാര്‍ പ്രധാന്‍- കോണ്‍ഗ്രസ്
- പ്രണബ് പ്രകാശ് ദാസ്- ബിജെഡി
സുന്ദര്‍ഗഡ്
ബിജെപിയുടെ മുതിര്‍ന്ന നേതാവും 5 തവണ എം പിയുമായ കേന്ദ്ര ഗോത്ര കാര്യക്ഷേമ മന്ത്രി ജുവല്‍ ഓറം മത്സരിക്കുന്ന മണ്ഡലം. മുന്‍ ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ ദിലീപ് ടിര്‍ക്കിയാണ് ബിജെഡി ടിക്കറ്റില്‍ ജുവല്‍ ഓറമിനെ നേരിടുന്നത്. 2014 മുതല്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുതവണയും ജുവല്‍ ഓറമാണ് ജയിച്ചുവരുന്നത്.
2014ല്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 18,829 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജുവല്‍ ഓറം ദിലീപ് ടിര്‍ക്കിയെ പിന്തള്ളുകയായിരുന്നു. നിലവില്‍ ഹോക്കി ഇന്ത്യ പ്രസിഡന്‍റ് കൂടിയാണ് ദിലീപ് ടിര്‍ക്കി. ഇരുവര്‍ക്കും പുറമേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജനാര്‍ദ്ദന്‍ ദെഹൂറിയും ഇവിടെ മത്സരിച്ചു. മെയ് ഇരുപതിനായിരുന്നു വോട്ടെടുപ്പ്. 1998 മുതലുള്ള 6 തെരഞ്ഞെടുപ്പുകളില്‍ 2009 ഒഴികെ 5 തവണയും ഇവിടെ ജയിച്ചുകയറിയത് ജുവല്‍ ഓറം ആണെന്നുള്ള ആത്മ വിശ്വാസം ബിജെപിക്കുണ്ട്.
2019ലെ തെരഞ്ഞെടുപ്പ് ഫലം
ജുവല്‍ ഓറം (ബിജെപി) - 5,00056
സുനിത ബിസ്വാള്‍ (ബിജെഡി) - 2,76,991
ജോര്‍ജ് ടിര്‍ക്കി (കോണ്‍ഗ്രസ്) - 2,68,218
ഭൂരിപക്ഷം- 2,23,065
2024ലെ സ്ഥാനാര്‍ഥികള്‍
- ജുവല്‍ ഓറം ബിജെപി
- ദിലീപ് ടിര്‍ക്കി- ബിജെഡി
- ജനാര്‍ദ്ദന്‍ ദെഹൂരി- കോണ്‍ഗ്രസ്
കേന്ദ്രപ്പാറ
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ബൈജയന്ത് പാണ്ഡ മല്‍സരിക്കുന്ന മണ്ഡലം. ബിജെഡിയുടെ ശക്തികേന്ദ്രമാണിത്. 1998 മുതല്‍ ബിജെഡി എംപിമാരെ മാത്രം വിജയിപ്പിച്ച പാരമ്പര്യമാണ് ഈ മണ്ഡലത്തിനുള്ളത്. 2009 ലും 2014 ലും ബിജെഡി ടിക്കറ്റില്‍ വിജയിച്ച ബൈജയന്ത് പാണ്ഡ മണ്ഡലം പിടിക്കാന്‍ ഒരിക്കല്‍ക്കൂടി കളത്തിലിറങ്ങുകയാണ്.
കഴിഞ്ഞ തവണയും ബൈജയന്ത് പാണ്ഡ തന്നെയായിരുന്നു ബിജെപി സ്ഥാനാര്‍ഥി എങ്കിലും 1,52,584 വോട്ടിന്‍റെ വലിയ വ്യത്യാസത്തില്‍ പരാജയപ്പെടുകയായിരുന്നു. ഒഡിയ നടനും ടെലിവിഷന്‍ താരവും നിര്‍മാതാവുമൊക്കെയായ അനുഭവ് മൊഹന്തിയായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെഡിയില്‍ നിന്ന് രാജിവച്ച് അനുഭവ് മൊഹന്തി ബിജെപിയില്‍ ചേര്‍ന്നു.
മുന്‍ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്‍റെ ഉറ്റ അനുയായിയുമായിരുന്ന മുന്‍ മന്ത്രി നളിനി കാന്ത് മൊഹന്തിയുടെ മകന്‍ രാജനഗറില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അന്‍ഷുമാന്‍ മൊഹന്തിയെയാണ് ഇവിടെ ബിജെഡി സ്ഥാനാര്‍ഥിയാക്കിയത്. ജൂണ്‍ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.
2019ലെ തെരഞ്ഞെടുപ്പ് ഫലം
അനുഭവ് മൊഹന്തി (ബിജെഡി) - 6,28,939
ബൈജയന്ത് പാണ്ഡ (ബിജെപി) 4,47,456
ധരണീധര്‍ നായക് (കോണ്‍ഗ്രസ്) - 1,13,841