ഭുവനേശ്വര്‍ :ദന ചുഴലിക്കാറ്റിന്‍റെ സ്വീധീനഫലമായി ഒഡിഷയിലെ പതിനൊന്ന് ജില്ലകളില്‍ ശക്തമായ മഴ. ഇന്നലെ വൈകിട്ട് മുതലാണ് മഴ ആരംഭിച്ചത്. ഇന്ന് അര്‍ധരാത്രിയോടെയോ നാളെ രാവിലെയോടെയോ ദന ചുഴലിക്കാറ്റ് ഒഡിഷയ്ക്കും പശ്ചിമബംഗാളിനും ഇടയില്‍ പുരി, സാഗര്‍ ദ്വീപുകളില്‍ കരതൊടുമെന്നാണ് റിപ്പോര്‍ട്ട്.
100 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയിലാകും ദന കരയിലെത്തുക. അതിതീവ്ര ചുഴലിക്കാറ്റുകളുടെ വിഭാഗത്തിലാണ് ദനയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊണാര്‍ക്ക് സൂര്യക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, മയൂര്‍ഭഞ്ജിലെ സിമിലി പാല്‍ കടുവാസംരക്ഷണ കേന്ദ്രം, നന്ദന്‍കാനന്‍ മൃഗശാല, ഭിട്ടാര്‍കനിക സങ്കേതം എന്നിവ സുരക്ഷാ മുന്‍കരുതലുകള്‍ പരിഗണിച്ച് ഇന്നും നാളെയും പ്രവര്‍ത്തിക്കില്ല.
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 197 ട്രെയിനുകള്‍ റദ്ദാക്കി. പുറപ്പെടേണ്ട 94 ട്രെയിനുകളും 103 തിരികെ വരേണ്ട ട്രെയിനുകളുമാണ് റദ്ദാക്കിയിട്ടുള്ളത്. 23 മുതല്‍ 26 വരെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഭുവനേശ്വറിലെ ബിജു പട്‌നായിക് രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ നാളെ രാവില ഒന്‍പത് വരെയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി.
ദന ചുഴലിക്കാറ്റിനെ നേരിടാന്‍ 182 സംഘങ്ങളെ നിയോഗിച്ചതായി ഒഡിഷ അഗ്നി ശമന സേനാ മേധാവി സുധാംശു സാരംഗി അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ കെടുതികള്‍ നേരിടാന്‍ രണ്ടായിരം ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
ബംഗാള്‍ ഉള്‍ക്കടലിന്‍റെ വടക്ക് പടിഞ്ഞാറന്‍ മേഖലയ്ക്ക് മുകളില്‍ രൂപം കൊണ്ട ദന, വടക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങി കരുത്താര്‍ജിച്ച് ശക്തമായ ചുഴലിക്കാറ്റായി ഇന്ന് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള 14 ജില്ലകളിലും ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 20 സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 400 പേരെയും നിയോഗിച്ചിട്ടുണ്ട്. വനം വകുപ്പില്‍ നിന്നുള്ള ചിലരെയും ദുരന്തനിവാരണത്തിനായി വിന്യസിച്ചിട്ടുണ്ട്.
എല്ലാ ഭാഗങ്ങളിലും ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഖോര്‍ദ സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ദീപ്‌തി രഞ്ജന്‍ സേതി പറഞ്ഞു. പാതയോരങ്ങളിലെ കൂറ്റന്‍ പരസ്യ ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആവശ്യമുള്ളയിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കും. വെള്ളത്തിനും ഭക്ഷണത്തിനും വേണ്ട ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനാകുമെന്നും എസ്‌ഡിഎം സേതി പറഞ്ഞു.
സംസ്ഥാനത്തെ ചുഴലിക്കാറ്റ് ഒരുക്കങ്ങള്‍ നേരിടാന്‍ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ജിയുടെ നേതൃത്വത്തില്‍ അവലോകന യോഗവും നടന്നു. രാവിലെ പതിനൊന്ന് മണിയോടെ 90 ശതമാനം ജനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഇതിനകം നാല് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ച് കഴിഞ്ഞു.
ദന ചുഴലിക്കാറ്റിനെ അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രപാറ, ഭദ്രാക്, ബാലസോര്‍, ജഗത്സിങ് പൂര്‍, പുരി തുടങ്ങിയ ജില്ലകളില്‍ മതിയായ ഒരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞു. ജനങ്ങള്‍ അവരവരുടെ സുരക്ഷിതത്വത്തിന് മുന്‍തൂക്കം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികും നിര്‍ദേശിച്ചു. സംസ്ഥാനത്തിന്‍റെ ശക്തമായ ദുരന്തനിവാരണ നയത്തെക്കുറിച്ചും അദ്ദേഹം പുറത്ത് വിട്ട ദൃശ്യ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ചുഴലിക്കാറ്റിനെ നേരിടാന്‍ സഹായകമാകും.
ദേശീയ ദുരന്ത നിവാരണ സേനയില്‍ നിന്നുള്ള അംഗങ്ങള്‍ ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ കര, നാവിക, വ്യോമ, തീരസംരക്ഷണ സേനകളില്‍ നിന്നുള്ള സംഘങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി രംഗത്തുണ്ട്. കര്‍ശന ജാഗ്രത നിര്‍ദേശമാണ് ഇരു സംസ്ഥാനങ്ങളിലുമുള്ളത്.
Also read:'ദന' ചുഴലിക്കാറ്റ്; മണിക്കൂറിൽ 120 കിലോമീറ്റർ വേഗം, ഒഡീഷയിൽ നിന്നും പത്ത് ലക്ഷത്തോളം പേരെ ഒഴിപ്പിക്കുന്നു