കൊൽക്കത്ത (പശ്ചിമ ബംഗാൾ) : ഇലക്‌ടറൽ ബോണ്ട് പദ്ധതി അസാധുവാക്കിയുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌ത് പ്രമുഖ സാമ്പത്തിക വിദഗ്‌ധനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ (Amartya Sen On Electoral Bond Scheme). തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ കൂടുതൽ സുതാര്യത കൈവരിക്കാൻ ഈ നീക്കം വഴിയൊരുക്കുമെന്ന് അമർത്യ സെൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
'ഇലക്‌ടറൽ ബോണ്ടുകൾ ഒരു അഴിമതിയായിരുന്നു, അവ ഇപ്പോൾ ഒഴിവാക്കിയതിൽ ഞാൻ സന്തോഷിക്കുന്നു. ഇത് സംസാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാപരമായ അവകാശങ്ങളും വിവരാവകാശവും ലംഘിക്കുന്നു. ഈ നീക്കം തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ ആളുകൾ പരസ്‌പരം നൽകുന്ന പിന്തുണയിൽ കൂടുതൽ സുതാര്യത അനുവദിക്കുമെന്നും സെൻ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും ഭരണഘടന അവകാശങ്ങളുടെയും വിവരാവകാശത്തിന്‍റെയും ലംഘനങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇലക്‌ടറൽ ബോണ്ട് സ്‌കീം അസാധുവാക്കി. രാഷ്‌ട്രീയ പാർട്ടികൾ പണമിടപാട് നടത്തുന്ന ഓരോ ഇലക്‌ടറൽ ബോണ്ടിന്‍റെയും വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനോട് വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് (എസ്ബിഐ) സുപ്രീം കോടതി നിർദേശിച്ചു. ഈ വിവരങ്ങളിൽ പണമിടപാട് തീയതിയും ബോണ്ടുകളുടെ മൂല്യവും ഉൾപ്പെടുത്തുകയും മാർച്ച് 6 നകം പോൾ പാനലിന് സമർപ്പിക്കുകയും വേണം.