ന്യൂഡല്‍ഹി:വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയെ ഇന്ത്യാ സഖ്യം പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ്. ഇതുവരെ ഇന്ത്യാ സഖ്യത്തിലെ ഒരു കക്ഷിയും ഔദ്യോഗികമായി എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എഎപി ഭരണകൂടത്തോട് വര്‍ധിച്ച് വരുന്ന ജനവിരുദ്ധത കോണ്‍ഗ്രസിന് മേല്‍ കെട്ടിവയ്ക്കാനുള്ള എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ ശ്രമങ്ങളെയും അദ്ദേഹം അപലപിച്ചു. എഎപിയില്‍ നിന്നൊരു മാറ്റം ഡല്‍ഹി ജനത ആഗ്രഹിക്കുന്നുവെന്ന കാര്യം കെജ്‌രിവാള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് വേണ്ടതെല്ലാം അദ്ദേഹം ചെയ്‌തിട്ടുണ്ട്. കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമല്ലെന്നൊരു ധാരണ പരത്താന്‍ കെജ്‌രിവാള്‍ ശ്രമിക്കുന്നു. അതിലൂടെ നേട്ടമുണ്ടാക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമമെന്നും യാദവ് ആരോപിച്ചു.
നേരത്തെ, ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് എഎപിയും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണെന്നും ഇന്ത്യാ സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ കക്ഷികള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. മമത ബാനര്‍ജി തങ്ങളെ പിന്തുണയ്ക്കുന്നു, അഖിലേഷ് യാദവും പിന്തുണയ്ക്കുന്നു, ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയും തങ്ങളെ പിന്തുണയ്ക്കുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എഎപിയും ബിജെപിയും കോണ്‍ഗ്രസും ഡല്‍ഹിയില്‍ നേരിട്ട് ഏറ്റുമുട്ടുകയാണ്. എഎപി എപ്പോഴും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.