കോട്ട: നീറ്റ് യുജി 2025ന്‍റെ രജിസ്ട്രേഷനും പരീക്ഷാ പ്രക്രിയയും കാര്യക്ഷമമാക്കുന്നതിന് സുപ്രധാന അപ്‌ഡേറ്റുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). പരീക്ഷയുടെ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി ഓട്ടോമേറ്റഡ് പെർമനന്‍റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) ഐഡി നീറ്റ് യുജിയുമായി സംയോജിപ്പിക്കുമെന്ന് എൻടിഎ അറിയിച്ചു.
നീറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കുമ്പോള്‍ അപ്‌ഡേറ്റ് ചെയ്‌ത ആധാറും, APAAR ഐഡിയും ഉപയോഗിക്കണമെന്ന് NTA ഔദ്യോഗിക അറിയിപ്പിൽ ഉദ്യോഗാർഥികളോട് ആവശ്യപ്പെട്ടു. പത്താം ക്ലാസ് മാർക്ക് ഷീറ്റ് അനുസരിച്ചുള്ള വിവരങ്ങൾ ആധാറിലും അപ്‌ഡേറ്റ് ചെയ്യണമെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി.
ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ നീറ്റ് പരീക്ഷയുടെ സുതാര്യത വര്‍ധിക്കും. പരിശോധന പ്രക്രിയ ഉള്‍പ്പെടെ സുഗമമാക്കാനും സാധിക്കുമെന്നും ആധാര്‍ സാധുവായ ഒരു മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും എൻടിഎയുടെ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, നീറ്റ് യുജി 2025 പരീക്ഷയ്ക്കുള്ള അപേക്ഷാ നടപടികൾ ഉടൻ ആരംഭിക്കും, ഇതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in വഴി ലഭ്യമാകുമെന്നും എൻടിഎ അറിയിച്ചു.
എന്താണ് എപിഎഎആര്‍?
ഓട്ടോമേറ്റഡ് പെർമനന്‍റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി എന്നതിന്‍റെ ചുരുക്കപ്പേരാണ് APAAR. ഇന്ത്യയിലെ എല്ലാ വിദ്യാർഥികൾക്കുമായി രൂപകൽപ്പന ചെയ്‌ത ഒരു പ്രത്യേക തിരിച്ചറിയൽ സംവിധാനമാണ് ഇത്. 2020 ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിപ്പിച്ച് സർക്കാർ ആരംഭിച്ച 'ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി' എന്ന പ്രോഗ്രാമിന്‍റെ ഭാഗമാണ് ഇത്.
APAAR ഐഡി എന്നത് ഒരു 12 അക്ക കോഡ് ആണ്. വിദ്യാർഥികള്‍ക്ക് അവരുടെ സ്കോർ കാർഡ്, മാർക്ക് ഷീറ്റുകൾ, ഗ്രേഡ് ഷീറ്റ്, ഡിഗ്രികൾ, ഡിപ്ലോമകൾ, സർട്ടിഫിക്കറ്റുകൾ, പാഠ്യേതര നേട്ടങ്ങൾ എന്നിവയുൾപ്പെടെ എല്ലാ അക്കാദമിക് ക്രെഡിറ്റുകളും ഡിജിറ്റലായി സൂക്ഷിക്കാനും ആക്‌സസ് ചെയ്യാനും ഇത് സഹായിക്കും
APAAR ഐഡി കാർഡിനായി ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യാം?
APAAR ഐഡിക്കായി രജിസ്റ്റർ ചെയ്യാൻ വിദ്യാർഥികൾക്ക് സാധുവായ ഒരു ആധാർ കാർഡും ഡിജിലോക്കറിൽ ഒരു അക്കൗണ്ടും വേണം. ഡിജിലോക്കര്‍ വഴി ഇ കെവൈസി അപ്‌ഡേഷൻ നടത്തുക. സ്കൂളുകളില്‍ കോളേജുകളില്‍ നിന്നുംം APAAR ഐഡി കാർഡുകൾക്ക് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതം ആവശ്യമുണ്ട്.
ഓണ്‍ലൈനായി APAAR ഐഡി കാർഡിനായി രജിസ്റ്റർ ചെയ്യാൻ ഈ ഘട്ടങ്ങൾ പിന്തുടരുക:
- ഘട്ടം 1: അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിന്‍റെ (ABC ബാങ്ക്) വെബ്സൈറ്റ് https://www.abc.gov.in/ സന്ദർശിക്കുക.
- ഘട്ടം 2: 'മൈ അക്കൗണ്ട്' എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് 'വിദ്യാർഥി (student)' എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഘട്ടം 3: ആദ്യം ഒരു ഡിജിലോക്കർ അക്കൗണ്ട് ഉണ്ടാക്കാൻ, 'സൈൻ അപ്പ്' ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ ഫോൺ നമ്പർ, വിലാസം, ആധാർ കാർഡ് വിശദാംശങ്ങൾ എന്നിവ നൽകുക.
- ഘട്ടം 4: ശേഷം നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
- ഘട്ടം 5: KYC സ്ഥിരീകരണത്തിനായി ആധാർ കാർഡ് വിവരങ്ങൾ ABC-യുമായി പങ്കിടാൻ ഡിജിലോക്കർ നിങ്ങളുടെ അനുമതി ചോദിക്കും. 'ഞാൻ സമ്മതിക്കുന്നു 'I agree' എന്ന് തെരഞ്ഞെടുക്കുക.
- ഘട്ടം 6: സ്‌കൂളിന്‍റെയോ യൂണിവേഴ്‌സിറ്റിയുടെയോ പേര്, ക്ലാസ് അല്ലെങ്കിൽ കോഴ്‌സ് തുടങ്ങിയ അക്കാദമിക് വിവരങ്ങൾ നൽകുക.
- ഘട്ടം 7: ശേഷം സബ്‌മിറ്റ് ചെയ്‌താല്‍ APAAR ഐഡി കാർഡ് ലഭിക്കും.
NEET UG-2025 രജിസ്‌ട്രേഷന് എന്തുകൊണ്ട് ആധാർ പ്രധാനമാണ്?
- ലളിതമായ അപേക്ഷാ പ്രക്രിയ: ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ കൃത്യമായി ലഭിക്കാനും അപേക്ഷാ പ്രക്രിയ വേഗത്തിലാക്കുന്നതിനും ആധാർ സഹായിക്കുന്നു.
- പരീക്ഷയുടെ കാര്യക്ഷമത വര്‍ധിക്കും:ആധാര്‍ വഴി സുഗമമായ പരീക്ഷാ പ്രക്രിയ ഉറപ്പ് വരുത്താൻ സാധിക്കും, ഇത് കാലതാമസവും മറ്റ് പ്രശ്‌നങ്ങളും കുറയ്ക്കുന്നു.
- ഹാജർ പരിശോധന വേഗത്തിലാക്കാൻ സാധിക്കും: ആധാർ-ലിങ്ക്ഡ് ഐഡന്‍റിറ്റി ആയതിനാല്‍ പരീക്ഷാ സമയത്ത് വേഗത്തില്‍ ഹാജര്‍ പരിശോധിക്കാൻ സാധിക്കും.
- ഉദ്യോഗാർഥികളെ വേഗത്തില്‍ തിരിച്ചറിയാൻ സാധിക്കും:മുഖം തിരിച്ചറിയൽ പോലുള്ള സംവിധാനം ഉപയോഗിച്ചതിനാല്‍ ആധാർ സുരക്ഷ വർധിപ്പിക്കുകയും ഉദ്യോഗാര്‍ഥികളെ വേഗത്തില്‍ തിരിച്ചറിയാൻ സാധിക്കുകയും ചെയ്യുന്നു.
Read Also:ജനുവരി 15 ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു