ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിങ് സെയ്‌നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പഞ്ച്കുലയിൽ രാവിലെ 10 മണിക്ക് സെക്‌ടര്‍ 5 ലെ ദസറ ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരും, ബിജെപിയിലെ മുതിർന്ന നേതാക്കളും, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.
സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ (ഒബിസി) നിന്നുള്ളയാളാണ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന നയാബ് സിങ് സെയ്‌നി. മാര്‍ച്ചില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ പിന്മുറക്കാരാനായിയാണ് സെയ്‌നി എത്തിയത്. പുതിയ സര്‍ക്കാരിലെ ഹരിയാന മുഖ്യമന്ത്രിയായി നയാബ് സെയ്‌നിയെ കഴിഞ്ഞ ദിവസം ഐകകണ്‌ഠേന ബിജെപി തെരഞ്ഞെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പത്തില്‍ എട്ടു മന്ത്രിമാരും തോറ്റു, ഇനി പുതുമുഖങ്ങള്‍:
നയാബ് സെയ്‌നി സര്‍ക്കാരിലെ മറ്റ് മന്ത്രമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസ്ഥാനത്തേക്ക് നിരവധി പുതുമുഖങ്ങള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മുൻ സെയ്‌നി സർക്കാരിലെ പത്തിൽ എട്ടു മന്ത്രിമാരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താൻ ബിജെപി തീരുമാനിച്ചത്.
അന്തരിച്ച ബൻസി ലാലിന്‍റെ ചെറുമകൾ ശ്രുതി ചൗധരി മന്ത്രിസഭയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഹരിയാന മന്ത്രിസഭയിൽ അനിൽ വിജ്, കൃഷൻ ലാൽ മിധ, അരവിന്ദ് കുമാർ ശർമ്മ, വിപുൽ ഗോയൽ, നിഖിൽ മദൻ എന്നിവർ ഉൾപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.