ഹൈദരാബാദ് :ഇന്ന് ദേശീയ ബാലികാദിനം(National Girl Child Day 2024). പെണ്‍കുട്ടികളെ ശാക്തീകരിക്കേണ്ടതിന്‍റെ ആവശ്യകതയെയും അവര്‍ സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് ബോധവത്കരിക്കാനാണ് എല്ലാ വര്‍ഷവും ജനുവരി 24 ദേശീയ ബാലികാദിനമായി ആചരിക്കുന്നത് (Educate a girl, change the world). പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നല്‍കൂ, ലോകത്തെ മാറ്റി മറിക്കൂ എന്നതാണ് ഇക്കൊല്ലത്തെ ദേശീയ ബാലികാദിനാചരണത്തിന്‍റെ മുദ്രാവാക്യം.
ഇന്ദിരാഗാന്ധി രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ ദിനമാണ് ജനുവരി 24. അതുകൊണ്ടുതന്നെ ഈ ദിനം സര്‍ക്കാര്‍ ദേശീയ ബാലികാദിനമായി ആചരിക്കാന്‍ തെരഞ്ഞെടുക്കുകയായിരുന്നു.(India's First Woman PM).
പെണ്‍കുട്ടികളുടെ കരുത്തും ദൗര്‍ബല്യവും സാമര്‍ത്ഥ്യവും അംഗീകരിക്കുന്നതിനൊപ്പം അവരുടെ അവകാശങ്ങളെയും അവസരങ്ങളെയും ആഘോഷിക്കാന്‍ കൂടിയുള്ളതാണ് ഈ ദിവസം. വനിതാ ശിശുവികസന വകുപ്പാണ് ഈ ദിനാചരണം ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടുള്ളത്. ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പോഷണം തുടങ്ങി എല്ലാ മേഖലകളിലും തുല്യാവസരം ഉണ്ടാകേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്ക് തുല്യാവസരം ഉറപ്പാക്കാന്‍ ദേശീയ ബാലികാദിനത്തിലൂടെ സാധ്യമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ദിനാചരണത്തിന്‍റെ ചരിത്രം : 2008ല്‍ കേന്ദ്ര വനിതാ -ശിശുവികസന മന്ത്രാലയമാണ് ദിനാചരണത്തിന് തുടക്കമിട്ടത്. ദൈനംദിനം നമ്മുടെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ബോധവത്കരിക്കാനാണ് ഇത്തരമൊരു ദിനാചരണത്തിന് തുടക്കമിട്ടത്. നമ്മുടെ രാജ്യത്ത് പെണ്‍കുഞ്ഞുങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ കുടുംബഭാരം ചുമലിലേറ്റേണ്ടി വരികയും ഇവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പെണ്‍കുട്ടികളുടെ കുടുംബം, കുട്ടികള്‍ എന്നുള്ള ചുരുങ്ങിയ കാഴ്ചപ്പാടുകളെ മാറ്റി മറിക്കുക എന്നത് തന്നെയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. അവരുടെ ലോകം കുറച്ച് കൂടി വിശാലമാക്കേണ്ടതുണ്ട്. ഓരോ പെണ്‍കുഞ്ഞിനുമുള്ള തുല്യതയെയും അന്തസിനെയും കുറിച്ച് അവരെയും സമൂഹത്തെയും ബോധവത്കരിക്കാനും ഈ ദിനാചരണത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നു. ഇത്തരം സന്ദേശങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍ ഓരോ വര്‍ഷവും ദിനാചരണത്തോട് അനുബന്ധിച്ച് ദേശവ്യാപകമായി പല പരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുമുണ്ട്.
പ്രാധാന്യം : ലിംഗബോധത്തിനുള്ളില്‍ പെണ്‍കുട്ടികളെ തളച്ചിടുന്നത് ഇല്ലാതാക്കുക എന്നത് തന്നെയാണ് ഈ ദിനാചരണം കൊണ്ട് അധികൃതര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ പെണ്‍കുട്ടികളെ ഉദ്ധരിക്കുക എന്നതും ദിനാചരണത്തിന്‍റെ ലക്ഷ്യമാണ്. പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവരിലും സമൂഹത്തിലും ബോധമുണ്ടാക്കുക, പെണ്‍കുട്ടികളുടെ ആരോഗ്യം, പോഷണം തുടങ്ങിയവയ്ക്ക് ഊന്നല്‍ കൊടുക്കുക തുടങ്ങിയവയും ദിനാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. ലിംഗ അനുപാതത്തിലുണ്ടാകുന്ന വ്യതിയാനത്തെക്കുറിച്ച് ബോധവത്കരിക്കാനും പെണ്‍ഭ്രൂണഹത്യകള്‍ പൂര്‍ണമായി ഇല്ലാതാക്കാനും പെണ്ണിനോട് സമൂഹത്തിന്‍റെ കാഴ്ചപ്പാട് മാറ്റിയെടുക്കാനും ഇത്തരമൊരു ദിനാചരണത്തിലൂടെ അധികൃതര്‍ ശ്രമിക്കുന്നു.
ലക്ഷ്യങ്ങള്‍ : പെണ്‍കുട്ടികളോടുള്ള വിവേചനം ഇല്ലാതാക്കാനും ലിംഗ സമത്വം കൊണ്ടുവരാനും ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവര്‍ക്കാവശ്യമുള്ള വിവരങ്ങളും വിഭവങ്ങളും അവസരങ്ങളും നല്‍കുക എന്നും ഇവരുടെ ശേഷിമുഴുവന്‍ വിനിയോഗിക്കാന്‍ അവരെ പ്രാപ്‌തരാക്കുക എന്നതും ഈ ദിനാചരണത്തിന്‍റെ ലക്ഷ്യമാണ്.
പെണ്‍കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിച്ചുകൊണ്ട് ശൈശവ വിവാഹവും ലൈംഗിക ചൂഷണവും പോലുള്ളവയില്‍ നിന്ന് സംരക്ഷിക്കുക. പെണ്‍കുട്ടികള്‍ക്ക് സമൂഹത്തില്‍ വിജയിക്കാനുള്ള പുത്തന്‍ സാധ്യതകള്‍ തുറന്നുനല്‍കുകയും അതിനായി സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യുക. ഇന്ത്യന്‍ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന എല്ലാ അനീതികള്‍ക്കും പൂര്‍ണവിരാമമിടുകയും ലക്ഷ്യം.
ഇന്ത്യന്‍ സമൂഹത്തില്‍ പെണ്‍കുട്ടികളെ അവരുടെ പ്രാധാന്യത്തെ എല്ലാ അംഗീകാരത്തോടെയും മാനിക്കുമെന്ന ഉറപ്പ് നല്‍കുക. ഇന്ത്യന്‍ സമൂഹത്തില്‍ പെണ്‍കുട്ടിക്ക് അവളുടെ എല്ലാ മനുഷ്യാവകാശങ്ങളും സാക്ഷാത്ക്കരിക്കുമെന്ന ഉറപ്പ് നല്‍കുക.ദമ്പതിമാര്‍ക്ക് പെണ്‍കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുക. ഇന്ത്യന്‍ സമൂഹത്തില്‍ ലിംഗസമത്വം ഉറപ്പാക്കുക.
പെണ്‍കുട്ടികളുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ :പെണ്‍കുട്ടികള്‍ക്ക് തുല്യാവസരം ഉറപ്പാക്കാനും ലിംഗവ്യത്യാസം ഇല്ലാതാക്കാനുമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്.