ശ്രീനഗർ: ജമ്മു കശ്‌മീരിലെ തീവ്രവാദത്തിനെതിരായ പോരാട്ടം അതിന്‍റെ അവസാന ഘട്ടത്തിലാണെന്നും ശേഷിക്കുന്ന ശൃംഖലകളെ തകർക്കാനുള്ള ബഹുമുഖ തന്ത്രം നിലവിലുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ കേന്ദ്രഭരണപ്രദേശത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ കുറവിനെ കുറിച്ച് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“ഭീകരതയും വിഘടനവാദവും അവസാനിക്കുകയാണ്, ജമ്മു കശ്‌മീരിലെ പൗരന്മാരാണ് ഈ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്,” - പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകങ്ങളായി അടച്ചുപൂട്ടലുകൾ, പണിമുടക്കുകൾ, തീവ്രവാദ ഭീഷണികൾ എന്നിവ ജനാധിപത്യത്തെ പ്രതികൂലമായി ബാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഭരണഘടനയിലുള്ള അചഞ്ചലമായ വിശ്വാസത്തോടെയാണ് ഇത്തവണ ജനങ്ങൾ തങ്ങളുടെ വിധി തീരുമാനിച്ചിരിക്കുന്നത്. ജമ്മു കശ്‌മീരിലെ വോട്ടർമാരെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു," എന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ മേഖലയിലെ ടൂറിസം പ്രവർത്തനങ്ങളിലും നിക്ഷേപങ്ങളിലും ഗണ്യമായ ഉയർച്ചയും അദ്ദേഹം രേഖപ്പെടുത്തി.