ന്യൂഡല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിച്ചുവെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത അഞ്ച് വര്‍ഷം രാജ്യത്തിന് വളരെ ഉപയോഗപ്രദമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
2014ല്‍ ആദ്യമായി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ താന്‍ പുതിയൊരു ആളായിരുന്നു. എന്നാല്‍ ഇത്രയും കാലം ഭരിച്ചതിലൂടെ തനിക്ക് നിരവധി അനുഭവങ്ങളുണ്ടായി. ഇത് രാഷ്‌ട്രീയ ജീവിതത്തില്‍ ഏറെ പ്രയോജനകരമാണ്. കാരണം മുന്നോട്ട് വേഗത്തില്‍ നീങ്ങാന്‍ ഈ അനുഭവ സമ്പത്ത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകം ഇപ്പോള്‍ സംഘര്‍ഷങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഇന്ത്യക്ക് സ്വന്തം താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമല്ല മറിച്ച് സ്വന്തമായൊരു സ്വത്വം രൂപപ്പെടുത്താനും കഴിഞ്ഞു. ലോകം വളരെ ദുഷ്‌കരമായ സാഹചര്യത്തിലൂടെയാണിപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്.