കരിംനഗർ : 'നമ്മുടെ ലക്ഷ്‌മിയുടെ മകൻ കലക്‌ടറായി.' തെലങ്കാനയിലെ ഉള്‍നാടന്‍ ഗ്രാമമായ വെളിച്ചാലയില്‍ നാലാള്‍ കൂടുന്നിടത്തെവിടെയും പൊതു സംസാരം ഇപ്പോള്‍ ഇതാണ്. കരിംനഗറിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. ബീഡി തൊഴിലാളിയായ ലക്ഷ്‌മിയോടൊപ്പം ഒരു ഗ്രാമം മുഴുവന്‍ നന്ദല സായ്‌കിരണിന്‍റെ വിജയം ആഘോഷമാക്കുകയാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ പോലും നേരാംവണ്ണമില്ലാത്ത ഗ്രാമത്തിലാണ് നന്ദല സായ്‌കിരണ്‍ ജനിക്കുന്നത്. കൊടും ദാരിദ്ര്യത്തോട് പടവെട്ടുന്നതിനിടയിലും കൈമുതലായ വിദ്യാഭ്യാസം ആയുധമാക്കി ഇന്ത്യയിലെ കോടികളുടെ സ്വപ്‌നമായ സിവിൽ സര്‍വീസ് അദ്ദേഹം നേടിയെടുത്തു. മനക്കരുത്തിന് മുന്നില്‍ മറ്റെന്തും നിഷ്‌പ്രഭമാകുമെന്ന, പലകുറി ആവര്‍ത്തിക്കപ്പെട്ട പ്രപഞ്ച സത്യം അദ്ദേഹം തന്‍റെ ജീവിതം കൊണ്ട് ഒരിക്കല്‍ കൂടി ലോകത്തിന് കാണിച്ചു കൊടുത്തു.
നന്ദല സായ്കിരണിന്‍റെ വാക്കുകള്‍...:'ചെറുപ്പം മുതലേ അമ്മയുടെ അധ്വാനം കൊണ്ട് മാത്രം വീട്ടുകാര്യം നടന്നുപോകുന്ന ഒരു കുടുംബ പശ്ചാത്തലമാണ് എനിക്കുണ്ടായിരുന്നത്. ഏഴ് വർഷം മുമ്പാണ് അച്ഛൻ അസുഖം ബാധിച്ച് ഞങ്ങളെ വിട്ടു പോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ക്ക് അന്യമായിരുന്നില്ല. ബീഡിത്തൊഴിലാളിയായ അമ്മ ഞങ്ങൾക്കുവേണ്ടി വളരെ കഷ്‌ടപ്പെട്ടു. എന്തുകൊണ്ടെന്നറിയില്ല, എന്നിലും എന്‍റെ ജ്യേഷ്‌ഠ സഹോദരിയിലും അമ്മ ആദ്യം മുതൽക്കേ വളരെയധികം പ്രതീക്ഷവച്ചിരുന്നു. ഞങ്ങൾ വലിയ ഉയരങ്ങളിലെത്തുമെന്ന് അവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
നിങ്ങളുടെ വിദ്യാഭ്യാസം നമ്മുടെ ജീവിതം മാറ്റുമെന്ന് അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. അത് ഏത് തലത്തിലും എത്താം. നിങ്ങൾ വലുതാകുമ്പോൾ നമ്മളെപ്പോലുള്ളവരെ സഹായിക്കാൻ മറക്കരുതെന്നും നെയ്ത്തുകാരനായ അച്ഛന്‍ ഇടക്കിെട ഓര്‍മിപ്പിക്കുമായിരുന്നു.
നല്ല ജോലി കിട്ടിയാലേ ഈ അവസ്ഥ മാറൂ എന്ന് അപ്പോള്‍ മുതല്‍ മനസിലുണ്ടായിരുന്നു. ആ പ്രേരണയോടെയാണ് ഞാൻ വായന തുടങ്ങിയത്. ഞാൻ ഹൃദയം കൊണ്ട് വായിച്ചു. പത്താം ക്ലാസില്‍ ടോപ്പറായതിനാൽ കോളജ് ഇന്‍റര്‍മീഡിയറ്റിൽ ഫീസിൽ ഇളവ് ലഭിച്ചു. അത് എന്‍റെ ആത്മവിശ്വാസത്തിന്‍റെ അടിത്തറയായി.
പരമാവധി പരിശ്രമിച്ച് ഞാന്‍ 98 ശതമാനം മാർക്ക് നേടി. അതിന് ശേഷം വാറങ്കൽ എൻഐടിയിൽ സ്കോളർഷിപ്പോടെ സീറ്റ് കിട്ടി. എന്നിരുന്നാലും ചെറിയ ഫീസും ചെലവുകളും ഞങ്ങൾക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസ വായ്‌പ എടുത്താണ് പഠിച്ചത്. ഈ സമയത്താണ് അച്ഛൻ മരിക്കുന്നത്. അതോടെ കുടുംബ ഭാരം മുഴുവൻ അമ്മയുടെ മേല്‍ ആയി.
എല്ലാ കാര്യങ്ങളിലും അമ്മ ഞങ്ങളെ പിന്തുണച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മൂത്ത സഹോദരി ശ്രാവന്തിക്ക് അസിസ്‌റ്റന്‍റ് എഞ്ചിനിയറായി ജോലി ലഭിച്ചു. ബി.ടെക്കിന്‍റെ അവസാന വർഷത്തിൽ കാമ്പസ് പ്ലേസ്‌മെന്‍റില്‍ എന്നെയും തെരഞ്ഞെടുത്തു. ഞങ്ങളുടെ പ്രശ്‌നങ്ങൾ എല്ലാം തീർന്നു. ജോലിയിൽ ചേരുമ്പോൾ എനിക്ക് ഇരുപത്തിയൊന്ന് വയസായിരുന്നു.