ന്യൂഡല്‍ഹി:രാജ്യത്തെ വ്യോമയാനമേഖലയെക്കുറിച്ച് ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ച് പുതിയ വ്യോമയാനമന്ത്രിയും തെലുഗുദേശം പാര്‍ട്ടി എംപിയുമായ കിഞ്ജാരപു രാം മോഹന്‍ നായിഡു. പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് വലിയൊരു ഉത്തരവാദിത്തമാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് തവണ ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നിന്ന് ലോക്‌സഭയിലെത്തിയ 36കാരനായ നായിഡുവാണ് ഇക്കുറി മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
പ്രധാനമന്ത്രി തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം സാക്ഷാത്ക്കരിക്കാന്‍ തനിക്ക് ഏറെ സന്തോഷമുണ്ട്. ഈ സ്ഥാനലബ്‌ധിയില്‍ താന്‍ പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുന്നു. ചുമതലയേറ്റ ശേഷം ഒരു അവലോകന യോഗം സംഘടിപ്പിക്കുമെന്നും പിന്നീട് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ-സാമ്പത്തിക പശ്‌ചാത്തലം പരിഗണിക്കാതെ എല്ലാവരുടെയും യാത്ര അനുഭവം മെച്ചപ്പെടുത്തും. വിമാനത്തില്‍ യാത്ര ചെയ്യുക എന്നത് പണക്കാര്‍ക്ക് മാത്രം കഴിയുന്ന കാര്യമല്ല. ഇപ്പോള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിമാനത്തില്‍ പറക്കാനാകും. അത് കൊണ്ട് തന്നെ അവര്‍ക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കാനാണ് തന്‍റെ ശ്രമം. പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുള്ള തന്‍റെ നയങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. വ്യോമയാന മേഖലയില്‍ കൂടുതല്‍ യുവാക്കളുടെ പങ്കാളിത്തം വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയ്ക്ക് കൂടുതല്‍ കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.