ലഖ്‌നൗ : ഗുണ്ടാത്തലവനും രാഷ്‌ട്രീയ നേതാവുമായിരുന്ന മുഖ്‌താർ അൻസാരിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി മകന്‍ രംഗത്ത്. മുഖ്‌താര്‍ അന്‍സാരിയെ ജയിലില്‍ സ്ലോ പോയിസണിങ്ങിന് വിധേയനാക്കിയെന്ന് മകന്‍ ഉമർ അൻസാരി ആരോപിച്ചു. താൻ സ്ലോ പോയിസണിങ്ങിന് വിധേയനാക്കപ്പെടുന്നതായി പിതാവ് വെളിപ്പെടുത്തിയിരുന്നുവെന്ന് ഉമർ അൻസാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്‌താര്‍ അൻസാരിയുടെ സഹോദരനും ഗാസിപൂർ എംപിയുമായ അഫ്‌സൽ അൻസാരിയും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്.
പോസ്‌റ്റ്‌മോര്‍ട്ടം എപ്പോൾ നടത്തുമെന്ന് ഞങ്ങൾക്ക് അറിയില്ല. ഇന്നലെ രാത്രി തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി രാവിലെ മൃതദേഹം വിട്ടുനൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നടപടിക്രമങ്ങള്‍ ഭരണകൂടം എന്തിനാണ് വൈകിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്‌താര്‍ അൻസാരിയുടെ മൂത്ത സഹോദരൻ സിബ്‌ഗത്തുള്ള അൻസാരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉമർ അൻസാരി ഉന്നയിച്ച ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ, സ്ലോ പോയിസണിങ്ങ് നടക്കുന്നുണ്ടെന്ന് മുഖ്‌താര്‍ അൻസാരി അഭിഭാഷകർ മുഖേന കോടതിയെ രേഖാമൂലം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ അധികൃതർ നിഷേധിക്കുകയാണ്.
വ്യാഴാഴ്‌ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് ഉത്തർപ്രദേശിലെ ബന്ദയിലെ ആശുപത്രിയിൽ മുഖ്‌താര്‍ അന്‍സാരി മരിക്കുന്നത്. 63 കാരനായ മുഖ്‌താര്‍ മൗ സദറിൽ നിന്ന് അഞ്ച് തവണ എംഎൽഎ ആയിരുന്നു. 2005 മുതൽ ഉത്തർപ്രദേശിലും പഞ്ചാബിലുമായി ജയിലിൽ കഴിയുകയായിരുന്നു മുഖ്‌താര്‍. അറുപതിലധികം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.