ബെംഗളൂരു :മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (എംയുഡിഎ) അനധികൃതമായി ഭൂമി പതിച്ചുനൽകിയ കേസ് അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ കമ്മിഷൻ രൂപീകരിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുടുംബത്തിന് എതിരെയുള്ള എംയുഡിഎ അനധികൃതമായി ഭൂമി പതിച്ചുനൽകിയ കേസ് വലിയ കോളിളക്കം സൃഷ്‌ടിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ തമ്മില്‍ വലിയ പോരാട്ടമാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.
തിങ്കളാഴ്‌ച (ജൂലൈ 15) മുതൽ ആരംഭിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഈ വിഷയം ആയുധമാക്കാന്‍ ഒരുങ്ങി ഇരിക്കുകയായിരുന്നു ബിജെപി-ജെഡി (എസ്). അതിനിടയിലാണ് എംയുഡിഎ നിയമവിരുദ്ധ കേസ് അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ റിട്ടയേർഡ് ജസ്റ്റിസിൻ്റെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിച്ച് ഉത്തരവിറക്കിയത്. കർണാടക ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പിഎൻ ദേശായിയുടെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മിഷനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.