കേരളം

kerala

ETV Bharat / bharat

ഇന്ത്യയെ അറിയാനും ആസ്വദിക്കാനും ഒരു യാത്ര ആയാലോ; ഓരോ സംസ്ഥാനങ്ങളും സന്ദര്‍ശിക്കേണ്ടത് എപ്പോള്‍?, ദേശീയ വിനോദസഞ്ചാര ദിനത്തില്‍ അറിയാം വിശദമായി തന്നെ.. - NATIONAL TOURISM DAY

രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ വിനോദസഞ്ചാരത്തിന് മികച്ച രീതിയിലുള്ള സ്വാധീനമാണുള്ളത്.

TOURIST DESTINATIONS IN INDIA  HISTORY OF TOURISM IN INDIA  CULTURAL IMPORTANCE  ECONOMY AND TOURISM
National Tourism Day (ETV Bharat)

By ETV Bharat Kerala Team

Published : Jan 25, 2025, 2:59 PM IST

ല്ലാക്കൊല്ലവും ജനുവരി 25 ദേശീയ വിനോദസഞ്ചാരദിനമായി ആചരിച്ച് വരുന്നു. രാജ്യത്തിന്‍റെ പ്രകൃതി സൗന്ദര്യം തിരിച്ചറിയുന്നതിനും വിനോദസഞ്ചാരത്തിന് രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ ഉള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനും വേണ്ടിയാണ് ദേശീയ വിനോദ സഞ്ചാരദിനം ആചരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ വിനോദസഞ്ചാരത്തിന് മികച്ച രീതിയിലുള്ള സ്വാധീനമാണുള്ളത്. രാജ്യത്തിന്‍റെ സാംസ്‌കാരിക സാമ്പത്തിക വളര്‍ച്ചയ്ക്ക് വിനോദസഞ്ചാരത്തിന് നിര്‍ണായക പ്രാധാന്യമുണ്ടെന്ന തിരിച്ചറിവാണ് ഇന്ത്യന്‍ സര്‍ക്കാരിനെ ഇത്തരം ഒരുദിനാചാരണത്തിന് പ്രേരിപ്പിച്ചത്.

ദേശീയ വിനോദസഞ്ചാരത്തിന്‍റെ പ്രാധാന്യം

ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കാരമെന്ന നിലയില്‍ ഇന്ത്യയ്ക്ക് വൈവിധ്യവും ബഹുസ്വരവുമായ ഒരു സംസ്‌കാരമാണുള്ളത്. രാജ്യത്തിന്‍റെ സമ്പന്നമായ ചരിത്രവും മനോഹരമായ ഇടങ്ങളും രാജ്യത്തെ സഞ്ചാരികളുടെ പ്രിയകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ചയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്‌ടിക്കാനും ഇത് ഇന്ത്യന്‍ സമ്പദ്ഘടനയുടെ പുരോഗതിയിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ബോധവത്ക്കരിക്കാനുമായി രാജ്യമെമ്പാടും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.

ദേശീയ വിനോദസഞ്ചാര ദിനത്തിന്‍റെ തുടക്കം

ഇന്ത്യ സ്വതന്ത്രമായതിന് തൊട്ടുപിന്നാലെ 1948 മുതലാണ് ദേശീയ വിനോദസഞ്ചാരദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്താനും സാംസ്‌കാരിക നയതന്ത്രത്തിനുമായി വിനോദസഞ്ചാര മന്ത്രാലയം വിനോദസഞ്ചാര വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ വിവിധ നടപടികള്‍ കൈക്കൊള്ളുന്നു. ഇന്ത്യന്‍ പാരമ്പര്യത്തെയും സൗന്ദര്യത്തെയും കുറിച്ച് ലോകമെമ്പാടും വിവരങ്ങളെത്തിക്കാന്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന പേരിലുള്ള പരിപാടി സംഘടിപ്പിക്കുന്നു.

കാലാകാലങ്ങളില്‍ വിനോദസഞ്ചാര പ്രചരണ പരിപാടികളില്‍ വിവിധ മാറ്റങ്ങള്‍ കൊണ്ടു വരുന്നുണ്ട്. 1950കളിലും 60കളിലും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും ആഗോള വിപണനത്തിനുമായിരുന്നു വിനോദസഞ്ചാരമന്ത്രാലയം മുന്‍ഗണന നല്‍കിയിരുന്നത്. എന്നാലിന്ന് പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപനവും നയമെച്ചപ്പെടുത്തലും വ്യവസായത്തിലെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരം നല്‍കലുമൊക്കെയായി ദിനാചരണം ഏറെ മുന്നോട്ട് പോയിരിക്കുന്നു.

ഇക്കൊല്ലത്തെ വിനോദസഞ്ചാരദിന സന്ദേശം

''വിനോദസഞ്ചാരം മൊത്തം വളര്‍ച്ചയ്ക്കായി'' (Tourism For inclusive Growth) എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിന്‍റെ സന്ദേശം. വിനോദസഞ്ചാരമേഖല സാമ്പത്തിക മേഖലയ്ക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം ഇതിന്‍റെ നേട്ടങ്ങള്‍ സമൂഹത്തിന്‍റെ എല്ലാതലങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കാനും ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു.

പ്രാദേശിക ജനതയ്ക്ക് തൊഴില്‍ ഉറപ്പാക്കിക്കൊണ്ട് അവരെ ശാക്തീകരിക്കുക എന്നതും ദിനാചരണത്തിന്‍റെ ലക്ഷ്യമാണ്. സുസ്ഥിര നടപടികള്‍ പ്രോത്സാഹിപ്പിക്കുകയും ഡിജിറ്റല്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യത്തെയും സുസ്ഥിര വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കുകയും ദിനാചരണത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നു.

ഇന്ത്യന്‍ വിനോദസഞ്ചാരമേഖലയുടെ വ്യാപനം

സമ്പന്നമായ പാരമ്പര്യവും സാംസ്‌കാരിക വൈവിധ്യവും അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുമെല്ലാം സാധ്യതകളുടെ കലവറയാണ്. ഇന്ത്യന്‍ വിനോദസഞ്ചാര വ്യവസായം ആഗോളതലത്തില്‍ ഏറെ ജനപ്രിയമായതിന്‍റെ കാരണവും ഇതെല്ലാമാണ്. സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ഉറവിടമായി വിനോദസഞ്ചാരമേഖല മാറുക മാത്രമല്ല മറിച്ച് രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചതിലൂടെയാണ് ഇത് സാധ്യമായത്.

മഹാമാരിക്കാലത്തിന് ശേഷം വളരെ വേഗത്തിലാണ് വിനോദസഞ്ചാരമേഖല ഉണര്‍വിന്‍റെ പാതയിലേക്ക് എത്തിയത്. ആഭ്യന്തര വിനോദസഞ്ചാരമേഖലയാണ് ഇതിന് സഹായിച്ചതെന്ന് ലോക ട്രാവല്‍ ആന്‍ഡ് ടൂറിസ് കൗണ്‍സില്‍ 2024 ഇക്കണോമിക് ഇംപാക്‌ട് റിസര്‍ച്ച് വ്യക്തമാക്കുന്നു. 2023ല്‍ വിനോദസഞ്ചാരമേഖല ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ സംഭാവന നല്‍കിയത് 19.13 ലക്ഷം കോടി രൂപയാണ്.

അതായത് 2019ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ പത്ത് ശതമാനം കൂടുതല്‍. 430 ലക്ഷം തൊഴിലുകളും മേഖല നല്‍കി. 2019ല്‍ നിന്ന് എട്ട് ശതമാനം വര്‍ധനയാണ് ഈ രംഗത്തുണ്ടായത്. ആഭ്യന്തര സഞ്ചാരികള്‍ 2019നെക്കാള്‍ 2023ല്‍ പതിനഞ്ച് ശതമാനം അധികം സംഭാവന മേഖലയ്ക്ക് നല്‍കി. അതായത് 14.64 ലക്ഷം കോടി രൂപ.

രാജ്യത്തെ 2047 വികസന കാഴ്‌ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ തുടക്കമിട്ടിട്ടുള്ള പദ്ധതികളുടെ ഭാഗമായി 2047 ഓടെ രാജ്യത്തെ സഞ്ചാരികളുടെ എണ്ണം പത്ത് കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിനുള്ള സംഭാവന 2024ല്‍ 21.15 ലക്ഷം കോടി രൂപയാക്കാനും അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നു. 2034ഓടെ ഇത് 43.25 ലക്ഷം കോടി രൂപയാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ഇതിന് പുറമെ 630 ലക്ഷം തൊഴില്‍ സൃഷ്‌ടിക്കണമെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. സാമൂഹ്യ ഉള്‍ക്കൊള്ളല്‍, തൊഴില്‍, സാമ്പത്തിക പുരോഗതി എന്നിവയും വിനോദസഞ്ചാര മേഖലയിലൂടെ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇന്ത്യയെ എല്ലാവര്‍ക്കും താത്പര്യമുള്ള ഒരു വിനോദസഞ്ചാര മേഖലയാക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു. ഇന്ത്യയെ 2047ഓടെ വികസിത രാജ്യമാക്കാനുള്ള ശ്രമത്തില്‍ നിര്‍ണായക പങ്ക് വഹിക്കുക വിനോദസഞ്ചാരരംഗമാണ്. ഈ മേഖലയുടെ കരുത്ത് തിരിച്ചറിഞ്ഞ് വിനോദസഞ്ചാരമേഖലയ്ക്കായി 2025 സാമ്പത്തിക വര്‍ഷത്തേക്ക് സര്‍ക്കാര്‍ 2,479 കോടി രൂപയാണ് നീക്ക് വച്ചിട്ടുള്ളത്.

രാജ്യത്തെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍

  • സ്വദേശ് ദര്‍ശന്‍ പദ്ധതി
  • 2022ലെ ദേശീയ വിനോദസഞ്ചാര നയം
  • ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ പദ്ധതി
  • ദേഖോ അപ്‌ന ദേശ് പദ്ധതി
  • ദേശീയ ഹരിത വിനോദസഞ്ചാര ദൗത്യം
  • മേളകള്‍ക്കും ഉത്സവങ്ങള്‍ക്കുമുള്ള പിന്തുണ
  • വിനോദസഞ്ചാര പ്രോത്സാഹനം
  • ഇ വിസ സംവിധാനം
  • ജിഎസ്‌ടി കുറയ്ക്കല്‍
  • ആര്‍സിഎസ് ഉഡാന്‍ പദ്ധതികള്‍ വഴിയുള്ള വ്യോമയാന സൗകര്യങ്ങള്‍

ഇന്ത്യയിലെ വിനോദസഞ്ചാരമേഖല

വിനോദസഞ്ചാരവും യാത്രാവിപണിയുമായി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ ആഗോള സാമ്പത്തിക ശക്തിയാണ്. 2027ഓടെ മൂന്നാമത്തെ ഏറ്റവും വലിയ ആഭ്യന്തര യാത്രാവിപണിയായി ഇന്ത്യയെ മാറ്റിയെടുക്കാനും ലക്ഷ്യമിടുന്നു.

2024ലെ വിനോദസഞ്ചാരികളുടെ കണക്കുകള്‍

  1. വിദേശസഞ്ചാരികള്‍-6.36 ലക്ഷം
  2. വിദേശ നാണ്യത്തിലൂടെ ലഭിച്ച വരുമാനം 20006 കോടി
  3. രാജ്യത്തിന് പുറത്ത് സന്ദര്‍ശനം നടത്തിയ ഇന്ത്യാക്കാര്‍-27.01 ലക്ഷം

ഇന്ത്യയിലെ വിനോദസഞ്ചാരങ്ങള്‍

  • സാഹസിക വിനോദസഞ്ചാരം

രാജ്യത്ത് അടുത്തിടെയായി സാഹസിക വിനോദസഞ്ചാരത്തിന് പ്രിയമേറിയിട്ടുണ്ട്. വിദൂര കേന്ദ്രങ്ങളിലും പ്രാദേശിക ഇടങ്ങളിലുമുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. ലഡാക്ക്, സിക്കിം, ഹിമാലയം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സാഹസിക സഞ്ചാരം സന്ദര്‍ശകര്‍ ഏറെ ഇഷ്‌ടപ്പെടുന്നു. ഹിമാചല്‍ പ്രദേശും കശ്‌മീരും സ്‌കീയിങ് പോലുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉത്തരാഞ്ചല്‍, അസം, അരുണാചല്‍ പ്രദേശ്, എന്നിവിടങ്ങള്‍ നദികളിലെ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് പോലുള്ളവയും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

  • ആത്മീയ വിനോദസഞ്ചാരം

ഇന്ത്യയെന്നാല്‍ സാംസ്‌കാരിക പ്രാധാന്യവും പാരമ്പര്യം വിളിച്ചോതുന്നതുമായ നിരവധിയിടങ്ങളുടെ സമ്മേളനമാണ്. മതങ്ങളുടെയും സംസ്‌കാരത്തിന്‍റെയും ഭാഷയുടെയും വൈവിധ്യങ്ങള്‍ ഇന്ത്യയെ സമാനതകളില്ലാത്തവിധം വ്യത്യസ്‌തമാക്കുന്നു. രാജ്യത്ത് നിരവധി ആത്മീയ കേന്ദ്രങ്ങളുമുണ്ട്. ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നവര്‍ ഒരിക്കലും ഇതൊന്നും നഷ്‌ടമാക്കിക്കൂടാ.

മുസ്‌ലീം പള്ളികള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്‌തവ ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍, മഠങ്ങള്‍, എന്നിവയെല്ലാം ചേര്‍ന്ന് ഇന്ത്യയെ യഥാര്‍ത്ഥത്തില്‍ ഏറെ വിശുദ്ധമാക്കുന്നു. പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൗതമ ബുദ്ധന്‍ തന്‍റെ ജീവിതത്തിന്‍റെ വലിയൊരു ഭാഗവും ചെലവിട്ടത് നമ്മുടെ രാജ്യത്താണ്. ബോധ്‌ഗയയില്‍ വച്ച് അദ്ദേഹത്തിന് ജ്ഞാനോദയം ഉണ്ടായി. തന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ഉത്തര്‍പ്രദേശിലുടനീളം സഞ്ചാരിച്ചു. അദ്ദേഹം മഹാനിര്‍വാണം പ്രാപിച്ചതും ഇവിടെ വച്ച് തന്നെയാണ്.

  • സാംസ്‌കാരിക വിനോദസഞ്ചാരം

സാംസ്‌കാരിക വൈവിധ്യത്താല്‍ സമ്പന്നമായ ഇന്ത്യയിലേക്ക് സഞ്ചാരികള്‍ എത്തുന്നത് ഇത് കൂടി അനുഭവിക്കാനാണ്. രാജസ്ഥാനിലെ പുഷ്‌കര്‍ മേള, ഉത്തര്‍പ്രദേശിലെ താജ്‌മഹോത്സവം, ഹരിയാനയിലെ സൂരജ് കുണ്ട് മേള, എന്നിവ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന ഇടങ്ങളാണ്. മഹാരാഷ്‌ട്രയിലെ അജന്ത, എല്ലോറ ഗുഹകള്‍, തമിഴ്‌നാട്ടിലെ മഹാബലിപുരം, കര്‍ണാടകയിലെ ഹമ്പി, ഉത്തര്‍പ്രദേശിലെ താജ്‌മഹല്‍, രാജസ്ഥാനിലെ ഹവ മഹല്‍ എന്നിവയും നമ്മുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന കാണേണ്ട സ്ഥലങ്ങള്‍ തന്നെ.

  • കടലോര വിനോദസഞ്ചാരം

ഇന്ത്യയുടെ വിശാലമായ കടല്‍ത്തീരം വളരെ മികച്ച സഞ്ചാര സാധ്യതകളാണ് തുറന്ന് നല്‍കുന്നത്. കേരളം, ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷ്വദ്വീപ് എന്നിവ വന്‍തോതില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

  • പാരിസ്ഥിതിക വിനോദസഞ്ചാരം

അടുത്തിടെ നമ്മുടെ രാജ്യത്ത് പ്രാധാന്യം നേടിയ ഒന്നാണ് പരിസ്ഥിതി വിനോദസഞ്ചാരം. പ്രദേശത്തെ സ്വഭാവിക സൗന്ദര്യം പരിപാലിച്ച് കൊണ്ടുള്ള വിനോദസഞ്ചാരമാണിത്. പാരിസ്ഥിതിക വികസനത്തിനും ഇത് ഏറെ മൂല്യവത്താണ്. അസമിലെ കാസിരംഗ ദേശീയോദ്യാനം, ഗുജറാത്തിലെ ഗിര്‍ ദേശീയോദ്യാനം, മധ്യപ്രദേശിലെ കന്‍ഹ ദേശീയോദ്യാനം എന്നിവ ഇതില്‍ ചിലതാണ്.

  • ആരോഗ്യ വിനോദസഞ്ചാരം

ലോകമെമ്പാടും നിന്ന് നിരവധി പേരാണ് നമ്മുടെ രാജ്യത്തേക്ക് വിവിധ ചികിത്സകള്‍ തേടിയെത്തുന്നത്. ശസ്‌ത്രക്രിയകള്‍ അടക്കമുള്ളവയ്ക്കായി ഇവര്‍ ഇന്ത്യയെ ആശ്രയിക്കുന്നു. പണച്ചെലവ് കുറഞ്ഞ മികച്ച ചികിത്സ ഇവിടെ ലഭ്യമാകുന്നുവെന്നതാണ് ഇവരെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. വിദേശികള്‍ക്ക് ചികിത്സ നല്‍കുന്ന നിരവധി ആരോഗ്യ കേന്ദ്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അമേരിക്ക, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളിലെ ചെലവിനെക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ ഇവിടെ അവിടുത്തേതിന് സമാനമായ ചികിത്സകള്‍ ലഭിക്കുന്നു. തമിഴ്‌നാട്ടിലെ ചെന്നെയിലേക്കാണ് ആരോഗ്യ വിനോദസഞ്ചാരത്തിനെത്തുന്നവരില്‍ 45 ശതമാനവും വരുന്നത്.

  • വന്യജീവി വിനോദസഞ്ചാരം

ഇന്ത്യയ്ക്ക് വലിയ വനസമ്പത്താണുള്ളത്. മനോഹരവും അപൂര്‍വവുമായ വന്യജീവികളും ഇവിടെയുണ്ട്. ഇവയില്‍ പലതും വംശനാശ ഭീഷണി നേരിടുന്നവയുമാണ്. സരിസ്‌ക വന്യജീവി സങ്കേതം, രാജസ്ഥാനിലെ കിയോലാദിയോ ഘാന ദേശീയോദ്യാനം, ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് ദേശീയോദ്യാനം എന്നിവ ഇവയില്‍ ചിലതാണ്.

ഓരോ മാസവും സന്ദര്‍ശിക്കാനാകുന്ന ഇന്ത്യയിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍

  • ജനുവരി, രാജസ്ഥാന്‍: രാജകീയ സംസ്ഥാനമായ രാജസ്ഥാന്‍ സന്ദര്‍ശിച്ച് കൊണ്ട് പുതുവര്‍ഷത്തിലെ യാത്രകള്‍ക്ക് തുടക്കമിടാം. ജയ്‌പൂര്‍, ഉദയ്‌പൂര്‍, ജയ്‌സാല്‍മീര്‍ തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള സമയം കൂടിയാണിത്.
  • ഫെബ്രുവരി, ഗോവ: ഗോവ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ മാസം ഫെബ്രുവരിയാണ്. പുതുവര്‍ഷ തിരക്കൊഴിഞ്ഞ് തണുത്ത കാറ്റുള്ള നേരമാണിത്. ഇവിടുത്തെ കടലോരങ്ങളും ചലനാത്മകമായ രാത്രിയും പ്രശസ്‌തമായ ഗോവ കാര്‍ണിവലും ഫെബ്രുവരിയില്‍ നിങ്ങളെ ഇങ്ങോട്ട് വരവേല്‍ക്കും.
  • മാര്‍ച്ച് വാരണസി: ഹോളി ഇന്ത്യയുടെ പുണ്യപുരാതന നഗരങ്ങളില്‍ ഒന്നായ വാരണസിയില്‍ ആഘോഷിക്കുന്നതാകും ഉചിതം. നിറങ്ങളുടെ ഉത്സവവും ഗംഗയുടെ തീരവുമെല്ലാം മറക്കാനാകാത്ത ഒരു സാംസ്‌കാരിക അനുഭൂതിയാകും നിങ്ങള്‍ക്ക് സമ്മാനിക്കുക.
  • ഏപ്രില്‍, മൂന്നാര്‍; വേനല്‍ക്കാലത്തെ അതിജീവിക്കാന്‍ കേരളത്തിലെ മൂന്നാറിലേക്ക് പോന്നോളൂ. ഇവിടുത്തെ തണുത്ത കാലാവസ്ഥയും മനോഹര ഭൂമിയും നിങ്ങള്‍ക്ക് മറക്കാനാകാത്ത അനുഭൂതിയാകും നല്‍കുക. നീലക്കുറിഞ്ഞി പൂക്കുന്ന കാലമാണെങ്കില്‍ ഈ യാത്ര കൂടുതല്‍ ഹൃദ്യമാകും. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഇവിടെ നീലക്കുറിഞ്ഞി പൂക്കുക. തേയിലത്തോട്ടങ്ങളുടെ മാസ്‌മര കാഴ്‌ചയും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
  • മെയ്, ലഡാക്ക്; മഞ്ഞുരുന്ന ലഡാക്ക് നിങ്ങള്‍ക്ക് സാഹസിക യാത്രയുടെ ഉള്ളറകള്‍ തുറന്ന് നല്‍കുന്നു. ഉയരമുള്ള കേന്ദ്രങ്ങളില്‍ സ്ഥിതി ചെയ്യുന്ന തടാകങ്ങളും കുന്നുകളും ബുദ്ധ മതകേന്ദ്രങ്ങളുമെല്ലാം സാഹസിക യാത്രകളുടെ പറുദീസയാക്കി ലഡാക്കിനെ മാറ്റിയിരിക്കുന്നു.
  • ജൂണ്‍, ഋഷികേശ്: ഋഷികേശിലെ സാഹസികതകള്‍ ആസ്വദിക്കാന്‍ പറ്റിയ മാസമാണ് ജൂണ്‍. ലോകത്തിന്‍റെ യോഗ തലസ്ഥാനമെന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. ഗംഗയുടെ ഓളങ്ങളില്‍ സാഹസിക തുഴച്ചിലില്‍ ഏര്‍പ്പെടുമ്പോഴും ഒരു ആശ്രമത്തില്‍ ധ്യാനിക്കുമ്പോഴും ഋഷികേശ് നിങ്ങള്‍ക്ക് ത്രില്ലും പരിശുദ്ധിയും സമ്മാനിക്കുന്നു.
  • ജൂലൈ, മേഘാലയ: മേഘാലയയിലെ മഴക്കാലം അനുഭവിച്ചറിയേണ്ടതാണ്. മേഘങ്ങളുടെ ആലയമാണിത്. ചിറാപുഞ്ചിയും ഷില്ലോങുമെല്ലാം ഇവിടെ നിങ്ങളെ മാടി വിളിക്കുന്നുണ്ട്.
  • ഓഗസ്റ്റ്, സ്‌പിതി താഴ്‌വര: മഴക്കാലത്ത് സ്‌പിതി താഴ്‌വരയാകും സഞ്ചാരികള്‍ക്ക് ഏറെ അനുയോജ്യം അവിടുത്തെ മലനിരക്കാഴ്‌ചകള്‍ ഏറെ ഹൃദ്യമാണ്. ഇവിടുത്തെ ഓഗസ്റ്റിലെ തെളിഞ്ഞ ആകാശം ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്‌ട കേന്ദ്രമാണ്.
  • സെപ്റ്റംബര്‍, അരുണാചല്‍ പ്രദേശ്: ഇവിടുത്തെ സംഗീതോത്സവം ഇക്കാലത്ത് ധാരാളം സംഗീത പ്രേമികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. സംഗീതത്തോടൊപ്പം വിശാലമായ വയലേലകളും ഗോത്ര സംസ്‌കാരവും നിങ്ങള്‍ക്ക് മറ്റൊരു ലോകം സമ്മാനിക്കും.
  • ഒക്‌ടോബര്‍, ഉത്തരാഖണ്ഡ്: ജിം കോര്‍ബറ്റ് ദേശീയോദ്യാനം സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ മാസമാണ് ഒക്‌ടോബര്‍. കടുവകള്‍, ആനകള്‍, വൈവിധ്യമാര്‍ന്ന പക്ഷികള്‍ എന്നിവ നിങ്ങളുടെ മനം കവരും. മഴക്കാലത്തിന് ശേഷം ഒക്‌ടോബറിലാണ് ഇവിടം സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കുക.
  • നവംബര്‍, പുഷ്‌കര്‍: പുഷ്‌കര്‍ മേള നടക്കുന്നത് നവംബറിലാണ്. ഈ സമയത്ത് രാജസ്ഥാനിലെ ഈ മണല്‍നഗരം സന്ദര്‍ശിക്കുന്നത് വലിയ അനുഭവമായിരിക്കും. മേളയിലെ സാംസ്‌കാരിക പരിപാടികളും വിപണികളും ഒരു പുത്തന്‍ അനുഭവം സഞ്ചാരികള്‍ക്ക് സമ്മാനിക്കും.
  • ഡിസംബര്‍, കേരളം- കേരളത്തിലെ കായല്‍ സൗന്ദര്യം ആസ്വദിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു വര്‍ഷം അവസാനിപ്പിക്കാം. ആലപ്പുഴയുടെ ജലാശയങ്ങളിലൂടെയുള്ള ഒരു ഹൗസ് ബോട്ട് യാത്രയോടെ ആകട്ടെ നിങ്ങളുടെ 2025നെ യാത്രയാക്കുന്നത്.

Also Read:അഗസ്ത്യന്‍റെ മടിത്തട്ടിലേക്ക് പോകാം... സഹ്യന്‍റെ തെക്കേ അറ്റത്ത് മൂന്നു ദിവസത്തെ ട്രക്കിങ്ങിന് സമയമായി

ABOUT THE AUTHOR

...view details