ചിത്രദുർഗ (കർണാടക) : ബലാത്സംഗ കേസിൽ അറസ്റ്റിലായ ബിജെപി നേതാവും അഭിഭാഷകനുമായ ജി ദേവരാജെ ഗൗഡയെ ശനിയാഴ്‌ച ചോദ്യം ചെയ്യലിനായി സംഭവം നടന്ന ഹോളനരസിപുരയിലേക്ക് കൊണ്ടുപോയി. നിയമ നടപടികൾക്ക് ശേഷം ഹിരിയൂർ പൊലീസ് ദേവരാജെ ഗൗഡയെ ഹോളനരസിപുര പൊലീസിന് കൈമാറുകയായിരുന്നു. ഹാസൻ ജില്ലയിൽ നിന്നുള്ള 36 കാരിയുടെ പരാതിയിലാണ് ഗൗഡയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.
സ്വത്ത് വിൽക്കാൻ സഹായിക്കാമെന്ന വ്യാജേന ദേവരാജെ ഗൗഡ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഏപ്രിൽ ഒന്നിനാണ് ഗൗഡയ്‌ക്കെതിരെ പീഡനത്തിന് കേസെടുത്തത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ പൊലീസ് വെള്ളിയാഴ്‌ച രാത്രി ഗുലിഹാൾ ടോൾ ഗേറ്റിൽ വച്ചാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്‌തത്. ഹാസൻ പൊലീസ് നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ശനിയാഴ്‌ച രാവിലെ ഹോളനരസിപൂർ പൊലീസ് ചിത്രദുർഗയിലെത്തുകയും നിയമ നടപടികൾക്ക് ശേഷം ദേവരാജെ ഗൗഡയെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു.