കൃഷ്‌ണഗിരി:തമിഴ്‌നാട് കൃഷ്‌ണഗിരി ജില്ലയിൽ സ്ത്രീയെയും കുട്ടിയേയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് അഞ്ച് ഉത്തരേന്ത്യൻ യുവാക്കൾക്ക് നേരെ ആൾക്കൂട്ട മർദനം. നാട്ടുകാർ ചേർന്ന് നടത്തിയ ആക്രമണത്തിൽ അസം സ്വദേശികൾക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ 50 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. 8 പേരെ ഇതിനോടകം അറസ്റ്റു ചെയ്‌തു. മറ്റു പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കൃഷ്‌ണഗിരി ജില്ലയിലെ സെമ്പടമുത്തൂർ പഞ്ചായത്തിലാണ് സംഭവം നടന്നത്. മർദനമേറ്റ തൊഴിലാളികൾ കൃഷ്‌ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തരേന്ത്യയിൽ നിന്നുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം മേഖലയിൽ തമ്പടിച്ചതായി കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻ വാട്‌സ്ആപ്പിൽ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. ഇതിനു ശേഷമാണ് അസം സ്വദേശികൾക്ക് നേരെ ആൾക്കൂട്ട മർദനമുണ്ടായത്. സ്ത്രീയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ എത്തിയെന്ന് ആരോപിച്ചാണ് അന്യസംസ്ഥാന തൊഴിലാളികളെ 50-ലധികം പേർ ചേർന്ന് ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.
കമാൽ ഹുസൈൻ (30), നിസാം അലി (26), മുഹമ്മദ് മെസുദ്ദീൻ (30), ആഷ് മുഹമ്മദ് (30), സോഹദ് അലി (31) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ചരക്ക് വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്. സെമ്പാടമുത്തൂർ, ബേത്തത്തലപ്പള്ളി, തുരിഞ്ഞിപ്പട്ടി പഞ്ചായത്തിലെ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്ന് കൃഷ്‌ണഗിരി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.