ശ്രീനഗർ: ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിനെതിരായ ബിജെപി പ്രതിഷേധത്തില്‍ സംഘർഷം. നിയമസഭയിലുണ്ടായ സംഘർഷത്തിൽ തങ്ങളുടെ ആറ് നിയമസഭാംഗങ്ങൾക്ക് പരിക്കേറ്റതായി ബിജെപി. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ എതിർത്തതിനെത്തുടർന്ന് ആറ് എംഎൽഎമാരെ നിയമസഭയിൽ നിന്ന് മാർഷലുകളുടെ അകമ്പടിയോടെ പുറത്താക്കിയെന്ന് ബിജെപി നിയമസഭാംഗം സതീഷ് ശർമ ആരോപിച്ചു.
'നിയമസഭ സംഘർഷത്തെ തുടർന്ന് മാർഷലുകളുടെ അകമ്പടിയോടെ ഞങ്ങളെ സഭയിൽ നിന്ന് പുറത്താക്കി. ഞങ്ങളുടെ ആറ് നിയമസഭാംഗങ്ങൾക്ക് പരിക്കേറ്റു. അഖ്‌നൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ മോഹൽ ലാൽ ആശുപത്രിയിലാണ്,' എന്ന് സതീശ് ശർമ്മ ഇടിവി ഭാരതിനോട് പറഞ്ഞു. വലതുകൈയുടെ വിരലുകളിൽ ഒടിവുണ്ടായതിനെ തുടർന്നാണ് മോഹൽ ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ സ്‌പീക്കറുടെ പങ്ക് പക്ഷപാതപരമായിരുന്നുവെന്ന് മോഹൽ ലാൽ മാധ്യമങ്ങളോട് പറഞ്ഞു. 'ജമ്മു കശ്‌മീർ പ്രമേയത്തിലെ പ്രത്യേക പദവിക്കെതിരെ ഞങ്ങളുടെ അഭിപ്രായം നിയമസഭയിൽ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ സ്‌പീക്കറുടെ നിർദേശപ്രകാരം നിയമസഭയിലെ മാർഷലുകൾ ഞങ്ങളെ കൈയേറ്റം ചെയ്‌തു, ഞങ്ങൾക്ക് പരിക്കേറ്റു,' അദ്ദേഹം പറഞ്ഞു.
'രാജ്യത്തിനും 2019 ഓഗസ്‌റ്റ് 5ലെ തീരുമാനങ്ങൾക്കും എതിരായി സംസാരിക്കുന്ന അത്തരം ശബ്‌ദങ്ങളെ ഞങ്ങൾക്ക് അനുവദിക്കാനാവില്ല. ഇന്നുണ്ടായ പ്രതിഷേധത്തിൽ എനിക്ക് ചെറുതായി പരിക്കേറ്റു. എന്നാൽ നമ്മുടെ രാജ്യത്തിൻ്റെ ഐക്യത്തിനായി ഞാൻ എൻ്റെ ജീവൻ നൽകാനും തയ്യാറാണ്,' എന്ന് മോഹൽ ലാൽ കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370, 35 എ പുനഃസ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള ബഹളത്തിനും തുടർന്നുണ്ടായ സംഘർഷത്തിനും പിന്നാലെ നിയമസഭ സ്‌പീക്കർ അബ്‌ദുൾ റഹീം റാത്തർ നിയമസഭയിൽ നിന്ന് ബിജെപി എംഎൽഎമാരെ പുറത്താക്കാൻ ഉത്തരവിട്ടിരുന്നു. ബിജെപി നിയമസഭാംഗങ്ങളും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പിഡിപി) മറ്റ് പ്രതിപക്ഷ നിയമസഭാംഗങ്ങളും പീപ്പിൾസ് കോൺഫറൻസിൻ്റെ ഏക നിയമസഭാംഗമായ സജാദ് ലോണും സ്വതന്ത്ര നിയമസഭാംഗമായ ഷെയ്ഖ് ഖുർഷീദും തമ്മിലാണ് വാക്കേറ്റമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ്മ പ്രമേയത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ, അവാമി ഇത്തേഹാദ് പാർട്ടി നേതാവും ലംഗേറ്റിൽ നിന്നുള്ള എംഎൽഎയുമായ ഷെയ്ഖ് ഖുർഷീദ് 'ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണം' എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചു. ഇതിൽ പ്രകോപിതരായ ബിജെപി അംഗങ്ങൾ നടുത്തളത്തിലേയ്ക്ക് ഇറങ്ങുകയും ബാനർ തട്ടിയെടുത്ത് കീറിമുറിക്കുകയും ചെയ്‌തു. ബിജെപി എംഎൽഎമാരായ വിക്രം രൺധാവ, ആർഎസ് പതാനിയ, സതീഷ് ശർമ എന്നിവർ ചേർന്നാണ് ബാനർ കീറിയത്.
അതേസമയം പിഡിപി നിയമസഭാംഗങ്ങളായ വഹീദ് ഉർ റഹ്മാൻ പര, ഫയാസ് മിർ, പിസി എംഎൽഎ സജാദ് ലോൺ, സ്വതന്ത്ര എംഎൽഎ ഷബീർ കുല്ലയ് (ഷോപിയാനിൽ നിന്ന്) എന്നിവർ ഖുർഷീദിനെ പിന്തുണച്ചതോടെയാണ് സംഘർഷമുണ്ടായത്.
ബഹളം ശമിപ്പിക്കാൻ സ്‌പീക്കർക്ക് 15 മിനിറ്റോളം സഭ നിർത്തിവയ്‌ക്കേണ്ടി വന്നു. എന്നാൽ, സഭ നിർത്തിവെച്ച ശേഷവും ബിജെപി അംഗങ്ങൾ പ്രതിഷേധം തുടർന്നു. അതേസമയം നവംബർ 4ന് ആരംഭിച്ച പുതിയ യുടി (യൂണിയൻ ടെറിട്ടറി) നിയമസഭയുടെ അഞ്ച് ദിവസത്തെ സമ്മേളനം നാളെ അവസാനിക്കും.
Also Read: 'കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ സാധ്യമായ പിന്തുണ നല്‍കും': അമിത് ഷാ