ചെന്നൈ :വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കേരളത്തിന് എന്ത് സഹായവും നൽകാൻ തമിഴ്‌നാട് സർക്കാർ തയ്യാറാണെന്നും സ്റ്റാലിന്‍ പറഞ്ഞു. 'വയനാട്ടിലെ വൻ ഉരുൾപൊട്ടലിനെക്കുറിച്ചും അതുമൂലമുണ്ടായ ജീവഹാനികളെക്കുറിച്ചും അറിഞ്ഞതിൽ അതിയായ വേദനയുണ്ട്.
പ്രദേശത്ത് ഇപ്പോഴും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം എല്ലാവരെയും രക്ഷിക്കുമെന്ന് ഉറപ്പുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ സഹോദര സംസ്ഥാനമായ കേരളത്തിന് ആവശ്യമായ ലോജിസ്റ്റിക്, മാന്‍പവര്‍ പിന്തുണ നൽകാൻ തമിഴ്‌നാട് സർക്കാർ തയ്യാറാണ്. ”- സ്‌റ്റാലിൻ പറഞ്ഞു.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. കേരള മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കലക്‌ടറുമായും സംസാരിച്ചതായി രാഹുല്‍ ഗാന്ധി അറിയിച്ചു. വയനാടിന് സാധ്യമായ എല്ലാ സഹായവും നൽകാൻ കേന്ദ്ര മന്ത്രിമാരുമായി സംസാരിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.