കശ്‌മീർ: ഇന്നലെ (ഒക്ടോബർ 8) ദക്ഷിണ കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ കൊക്കർനാഗ് വനമേഖലയിൽ നിന്നും കാണാതായ ടെറിട്ടോറിയൽ ആർമി സൈനികൻ്റെ മൃതദേഹം കണ്ടെത്തി. അനന്ത്നാഗ് വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സൈനികനെ കാണാതായതിനെ തുടർന്ന് ഇന്ന് രാവിലെ പോലീസും സൈന്യവും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സൈനികന്‍റെ മൃതദേഹം കണ്ടെത്തിയത്.
മുക്‌ദംപോറ നൗഗാം അനന്ത്‌നാഗിൽ നിന്നുള്ള ഹിലാൽ അഹമ്മദ് ഭട്ട് എന്ന സൈനികനാണ് മരണപ്പെട്ടത്. സൈനികനെ കാണാതായതിനെക്കുറിച്ചും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇൻ്റലിജൻസ് ഇൻപുട്ടിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ആർമിയും ജമ്മു കശ്‌മീർ പോലീസും മറ്റ് ഏജൻസികളും, കോക്കർനാഗിലെ കസ്‌വാൻ വന മേഖലയിൽ സംയുക്ത തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതായി കഴിഞ്ഞ ദിവസം ചിനാർ കോർപ്‌സ് ഓഫ് ആർമി എക്‌സിൽ കുറിച്ചിരുന്നു. ടെറിട്ടോറിയൽ ആർമിയിലെ ഒരു സൈനികനെ കാണാതായതായി റിപ്പോർട്ട് ചെയ്‌തതിനാൽ ഓപ്പറേഷൻ രാത്രിയിലും തുടരുന്നതായും ഇവർ അറിയിച്ചിരുന്നു.
രണ്ട് സൈനികരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെങ്കിലും ഒരാൾ രക്ഷപ്പെട്ടു. ഫയാസ് അഹമ്മദ് ഷെയ്ഖ് എന്ന സൈനികനാണ് രക്ഷപ്പെട്ടത്. തോളിലും ഇടതു കാലിലും പരിക്കേറ്റ ഫയാസ് അഹമ്മദ് ഷെയ്ഖിനെ കൂടുതൽ ചികിത്സയ്ക്കായി ശ്രീനഗറിലെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Also Read:ലംഘിച്ചാല്‍ കനത്ത പിഴ; പുതിയ പരിഷ്‌ക്കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്