തിരുവനന്തപുരം: മുകളിൽ നിന്ന് താഴേക്ക് ഈ രണ്ടു വീതം നാല് വരി കുത്തുകൾ. ഭാഷ മാത്രമല്ല, സംഗീതവും കണക്കും തുടങ്ങി, കാഴ്‌ച മറഞ്ഞവർക്ക് ലോകത്തെ വായിക്കാൻ ഒരുക്കിയ, സവിശേഷ ലിപി സംവിധാനമായ ബ്രെയ്‌ലിയിൽ പാഠപുസ്‌തകങ്ങൾ തയ്യാറാക്കുന്നൊരിടമുണ്ട് തിരുവനന്തപുരത്ത്. 1,3,5,7,9 ക്ലാസുകളിലെ പുസ്‌തകങ്ങൾ ഒരുക്കുന്ന തിരക്കിലാണ് തിരുവനന്തപുരം, ലോ കോളേജ് ജംഗ്ഷന് സമീപമുള്ള കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡിലെ ബ്രെയ്‌ലി പ്രസ് ജീവനക്കാർ.
സംസ്ഥാനത്തെ 400 ഓളം അന്ധവിദ്യാർത്ഥികൾക്കായുള്ള പുസ്‌തകങ്ങളുടെ അച്ചടി തകൃതിയായി നടക്കുമ്പോൾ തൊട്ടപ്പുറത്തെ മുറിയിൽ അച്ചടി പിശകുകൾ പരിശോധിക്കുകയാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും അധ്യാപകനുമായിരുന്ന വിജയൻ മാഷ്. 6 പൊട്ടുകളെ അടിസ്ഥാനമാക്കി 63 ചിഹ്നങ്ങൾ ഉപയോഗിച്ച് ഞൊടിയിടയിൽ ബ്രെയ്‌ലി തയ്യാറാക്കുന്ന വിധവും വിജയൻ മാഷിനറിയാം.
പാഠപുസ്‌തകങ്ങൾ ബെയ്‌ലിയിലേക്ക് സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെ വിവർത്തനം ചെയ്യുന്നതാണ് ആദ്യ ഘട്ടം. പിന്നീട് ഓരോ കോപ്പി വീതം പ്രിന്‍റ് ചെയ്യും. തുടർന്ന് ഇരു പുസ്‌തകങ്ങളിലെയും ഉള്ളടക്കം പരിശോധിച്ച് തിരുത്തും. ഇതിന് ശേഷമാകും പൂർണ തോതിൽ പ്രിന്‍റിംഗ് ആരംഭിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജൂൺ മാസത്തിൽ അധ്യയനം ആരംഭിക്കുന്നതിന് മുൻപായി പാഠപുസ്‌തകങ്ങളുടെ പ്രിന്‍റിംഗ് ആരംഭിക്കും. നവംബർ വരെയും പല സ്‌കൂളുകളും പുസ്‌തകങ്ങൾ ആവശ്യപ്പെടുന്നത്തോടെ വീണ്ടും പ്രിന്‍റിംഗ് പുനരാരംഭിക്കും. ബെൽജിയം, നോർവേ എന്നിവിടങ്ങളിൽ നിന്നും 2017 ൽ ഇറക്കുമതി ചെയ്‌ത പ്രിന്‍റിംഗ് യന്ത്രത്തിലാണ് ഇപ്പോൾ അച്ചടി.
വർഷങ്ങളായുള്ള സംഘടനയുടെ പ്രവർത്തനം സമൂഹത്തിന് അത്രതോളം പരിചിതമല്ല. എന്നിരുന്നാലും അധ്യയന വർഷം പാതി കഴിഞ്ഞാലും ബ്രെയ്‌ലി പാഠപുസ്‌തകങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പുതിയ ആവശ്യക്കാർ എല്ലാ വർഷവും തേടിയെത്താറുണ്ട്.