മുംബൈ: ഹരിയാന തെരഞ്ഞെടുപ്പ് പരാജയത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെതിരെ ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് ജയിക്കാനാകുമെന്ന് അവര്‍ കരുതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അധികാരത്തിലേറാന്‍ മറ്റ് കക്ഷികളൊന്നും ഒപ്പം വേണ്ടെന്ന ചിന്തയാണ് കോണ്‍ഗ്രസിന്‍റെ പതനത്തിന് കാരണമായത്. കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ കരുതിയത് തനിച്ച് മത്സരിച്ച് ജയിച്ച് അധികാരത്തിലെത്താമെന്നാണ്. സമാജ്‌വാദി പാര്‍ട്ടി, എഎപി, മറ്റ് ചെറുകക്ഷികള്‍ എന്നിവയുമായി സീറ്റുകള്‍ പങ്കിട്ടിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറിച്ചായേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പോരാട്ടം തികച്ചും മാതൃകാപരമായിരുന്നു. അവര്‍ ശരിക്കും പരാജയപ്പെട്ട ഒരു യുദ്ധത്തിലാണ് പൊരുതി ജയിച്ചത്. കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇപ്പോഴും അവര്‍ പരാജയപ്പെടുകയും ബിജെപി വിജയിക്കുകയും ചെയ്‌തു. കാരണം അവര്‍ക്ക് കൃത്യമായ സംവിധാനങ്ങളുണ്ട്. അത് കൊണ്ട് തന്നെ വിജയം അവര്‍ക്കായേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജമ്മുകശ്‌മീര്‍ തെരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രണ്ടിടത്തും 90 സീറ്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു 90 ഇന്ത്യയും മറ്റേത് എന്‍ഡിഎയും കൊണ്ടുപോയി. ജമ്മുകശ്‌മീരിനും ഹരിയാനയ്ക്കും അവരവരുടേതായ മൂല്യമുണ്ട്. എന്നാല്‍ കേന്ദ്രഭരണ പ്രദേശത്തിന് ബിജെപി കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഭരണഘടനയുടെ 370ാം അനുച്ഛേദം 2024ലെ തെരഞ്ഞെടുപ്പില്‍ വലിയ വിഷയമായി. ജമ്മുകശ്‌മീരില്‍ ഫറൂഖ് അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം ചേര്‍ന്നത് കൊണ്ടാണ് അവിടെ വിജയം നേടാനായത്.
കോണ്‍ഗ്രസ് ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന് മറ്റൊരു ശിവസേന നേതാവും എംപിയുമായ പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യം ജമ്മുകശ്‌മീരില്‍ നന്നായി പൊരുതി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നു. എന്നാല്‍ ഹരിയാനയില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ട് പോലും തിരിച്ചടി നേരിട്ടു. ബിജെപി അവിടെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. താനവരെ അഭിനന്ദിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹരിയാനയില്‍ 90 സീറ്റുകളില്‍ 48ഉം ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസിന് 37 ഇടത്തേ വിജയിക്കാനായുള്ളൂ. മൂന്നിടത്ത് സ്വതന്ത്രരും രണ്ടിടത്ത് ഇന്ത്യന്‍ നാഷണല്‍ ലോക്‌ദളും (ഐഎന്‍എല്‍ഡി)യും വിജയം കണ്ടു.
അതേസമയം വരാനിരിക്കുന്ന മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ യുബിടി സേനയുടെ നിലപാട് മഹാ വികാസ് അഘാടി സഖ്യത്തിന്‍റെ സീറ്റ് വിഭജനത്തില്‍ നിര്‍ണായകമാകും. കോണ്‍ഗ്രസും ശരദ് പവാറിന്‍റെ എന്‍സിപിയും അടക്കമുള്ള തങ്ങളുടെ സഖ്യകക്ഷികള്‍ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ താന്‍ പിന്തുണയ്ക്കുമെന്ന് യുബിടി സേന മേധാവി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മഹാരാഷ്‌ട്രയില്‍ വിജയിക്കേണ്ടതിന്‍റെ ആവശ്യകതയും സഖ്യപങ്കാളികള്‍ക്കുള്ള പിന്തുണയും ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി. ശിവസേനയുടെ സംസ്ഥാന തല പരിപാടിയായ വജ്ര നിര്‍ധര്‍ പരിഷത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഉദ്ധവിന്‍റെ ഈ വാക്കുകള്‍. 288 അംഗ മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഇക്കൊല്ലം അവസാനം നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇനിയും തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല.
Also Read: ഒറ്റയക്ക നമ്പരില്‍ നിന്ന് ഹാട്രിക് തിളക്കത്തിലേക്ക്; ഹരിയാനയില്‍ ബിജെപിയുടെ പോരാട്ട വീഥികള്‍