വ്യാഴത്തിൻ്റെ ഉപഗ്രഹമായ യൂറോപ്പയെ കുറിച്ചുള്ള പഠനത്തിനായി വിക്ഷേപിക്കാനിരുന്ന ക്ലിപ്പർ പേടകത്തിന്‍റെ വിക്ഷേപണ തീയതി നീട്ടി. യൂറോപ്പിലെ ഫ്ലോറിഡയിൽ ആഞ്ഞടിക്കുന്ന മിൽട്ടൺ കൊടുങ്കാറ്റ് ഭീഷണിയെ തുടർന്നാണ് വിക്ഷേപണം നീട്ടിയത്. ഒക്‌ടോബർ 10ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്ന് സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു ക്ലിപ്പർ പേടകം വിക്ഷേപിക്കാനിരുന്നത്.
യൂറോപ്പയ്‌ക്കുള്ളിലെ ഭുഗർഭ സമുദ്രം വാസയോഗ്യമാണോ എന്ന് നിർണയിക്കുന്നതിനുള്ള നാസയുടെ ദൗത്യമാണ് യൂറോപ്പ ക്ലിപ്പർ. മിൽട്ടൺ കൊടുങ്കാറ്റിന്‍റെ അപകടസാധ്യത കണക്കിലെടുത്ത് ദൗത്യം വൈകിപ്പിക്കുകയാണെന്ന് നാസ തങ്ങളുടെ എക്‌സ് പേജിൽ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷയ്‌ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കൊടുങ്കാറ്റിൽ നിന്നും പേടകത്തെ സംരക്ഷിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും നാസയുടെ ലോഞ്ച് സർവീസസ് പ്രോഗ്രാമിന്‍റെ സീനിയർ ലോഞ്ച് ഡയറക്‌ടർ ടിം ഡൺ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
നീട്ടിവെച്ച ദൗത്യത്തിന്‍റെ വിക്ഷേപണ തീയതി നാസ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നവംബർ ആറിനകം പേടകം വിക്ഷേപിക്കുമെന്നും ആണ് യുഎസ് ബഹിരാകാശ ഏജൻസി അറിയിച്ചിരിക്കുന്നത്. യൂറോപ്പ ക്ലിപ്പർ ദൗത്യത്തിന് വ്യാഴത്തിലെത്താൻ 2.6 ബില്യൺ കിലോ മീറ്റർ സഞ്ചരിക്കേണ്ടി വരും. 2030 ഓടെ ആയിരിക്കും ദൗത്യം യൂറോപ്പയിലെത്തുക.
മിൽട്ടൺ കൊടുങ്കാറ്റ് ഈ ആഴ്‌ച ഗൾഫ് ഓഫ് മെക്‌സിക്കോയിൽ നിന്ന് കിഴക്കോട്ട് നീങ്ങും. കൊടുങ്കാറ്റിന്‍റെ സ്വാധീനം ഫ്ലോറിഡയുടെ കിഴക്കൻ തീരത്തെ കേപ് കനാവറൽ, മെറിറ്റ് ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും കാരണമായേക്കും. ഐസ് കൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്ന യൂറോപ്പയിൽ ഓക്‌സിജന്‍റെ അളവ് കൂടുതലാണ്. യൂറോപ്പയിൽ സമുദ്രമുണ്ടോയെന്നും ജീവൻ നിലനിർത്താൻ സാധിക്കുമോയെന്നും പര്യവേക്ഷണം ചെയ്യുകയാണ് ഈ ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം.