ന്യൂഡൽഹി:രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരിലൊരാളായ ഡോ. മന്‍മോഹന്‍ സിങിന്‍റെ രാജ്യസഭയിലെ സ്‌ത്യുത്യര്‍ഹമായ സേവനത്തിന് പരിസമാപ്‌തി. 33 വർഷം നീണ്ട പാർലമെൻ്ററി ജീവിതത്തിനൊടുവില്‍ മന്‍മോഹന്‍ സിങ് ഇന്ന് രാജ്യസഭയില്‍ നിന്ന് വിരമിച്ചു. അദ്ദേഹത്തിന്‍റെ രാജ്യസഭാ കാലാവധി ഇന്നാണ് (03-04-2024) അവസാനിച്ചത്.
മന്‍മോഹന്‍ സിങ് രാജ്യത്തിന് നല്‍കിയ സംഭാവനകളെ അദ്ദേഹത്തിന്‍റെ മന്ത്രിസഭയില്‍ അംഗമായിരുന്ന എംഎം പള്ളം രാജു അനുസ്‌മരിച്ചു. 'എന്‍റെ അഭിപ്രായത്തിൽ, ദേശീയ താത്പര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യാത്ത ശക്തനായ പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. ക്യാബിനറ്റ് യോഗങ്ങളിൽ, ഒരു അത്ഭുതകരമായ മേല്‍നോട്ടം അദ്ദേഹത്തിനുണ്ടായിരുന്നു, അദ്ദേഹത്തിന്‍റെ പ്രവർത്തന ശൈലി പരക്കെ അംഗീകരിക്കപ്പെട്ടു.'- പള്ളം രാജു ഇടിവി ഭാരതിനോട് പറഞ്ഞു.
ഡോ. സിങ് ഒരു ശാന്തനായ മനുഷ്യൻ ആയിരുന്നു എന്നും എന്നാല്‍ ഒരു സ്‌റ്റേറ്റ്സ്‌മാന് വേണ്ട എല്ലാ ഗുണങ്ങളുമുണ്ടായിരുന്നു. ഒരു സാമ്പത്തിക വിദഗ്‌ധനെന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട അദ്ദേഹത്തിന് നയപരമായ വിഷയങ്ങളിൽ മികച്ച പരിജ്ഞാനമുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവു ധനമന്ത്രിയായിരിക്കെ ആരംഭിച്ച സാമ്പത്തിക ഉദാരവൽക്കരണത്തിന്‍റെ ശില്‍പിയായിരുന്നു ഡോ. സിങ്. അദ്ദേഹത്തിന്‍റെ നയങ്ങൾ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുകയും രാജ്യത്തിന്‍റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്‌തു എന്നും രാജു പറഞ്ഞു.
2008ൽ ഇന്ത്യ-യുഎസ് സിവിൽ ആണവ കരാറിനെ ചൊല്ലി ഇടതുപക്ഷ പാർട്ടികൾ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ സോണിയാ ഗാന്ധി സിങ്ങിനെ പൂർണമായി പിന്തുണച്ചിരുന്നു. യുപിഎ കാലത്ത് കോൺഗ്രസിൽ രണ്ട് ശക്തി കേന്ദ്രങ്ങളുണ്ടായിരുന്നു എന്ന വാദത്തെയും മുൻ കേന്ദ്രമന്ത്രി തള്ളി.
'അവരവരുടെ റോളുകള്‍ വ്യക്തമായി വിഭജിച്ച് നല്‍കിയിരുന്നു. യാതൊരു ബാഹ്യ ഇടപെടലുമില്ലാതെ സിങ് പ്രധാനമന്ത്രിയായി സർക്കാരിനെ മുന്നോട്ട് നടത്തി. സോണിയ ഗാന്ധി രാഷ്‌ട്രീയ വശത്ത് നിന്ന് പാർട്ടിയെയും സഖ്യകക്ഷികളെയും കൈകാര്യം ചെയ്‌തു. ഇരുവരും ഒരു ടീമായി പ്രവർത്തിച്ചാണ് ഫലങ്ങൾ നൽകിയത്'- രാജു പറഞ്ഞു.