ഇംഫാൽ:സൈനികരും കുക്കി വിഘടനവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ മണിപ്പൂരിലെ സ്ഥിതിഗതികൾ ശാന്തമായി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ രാവിലെ പൊലീസ് പട്രോളിങ് നടത്തി. പ്രദേശത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജില്ല ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു.
അതേസമയം കാണാതായവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുക്കി-സോ വിഭാഗം സംസ്ഥാനത്തെ മലയോര മേഖലകളിൽ ചൊവ്വാഴ്‌ച (നവംബര്‍ 12) പുലർച്ചെ അഞ്ച് മണി മുതൽ വൈകുന്നേരം ആറ് വരെ സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്‌തതായി അധികൃതർ അറിയിച്ചു.
തിങ്കളാഴ്‌ച (നവംബര്‍ 11) ഉച്ചക്ക് ജിരിബാമിലെ സിആർപിഎഫ് ക്യാമ്പിന് നേരെ വിമതര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് സിആർപിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇതേ തുടര്‍ന്ന് ഇംഫാൽ താഴ്‌വരയില്‍ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി. ബോറോബെക്ര പൊലീസ് സ്റ്റേഷനും അതിനോട് ചേർന്നുള്ള സിആർപിഎഫ് ക്യാമ്പും കൂടാതെ ജകുരഡോർ കരോങ് മാർക്കറ്റ് പരിസരത്തുമുള്ള നിരവധി കടകളും വീടുകളും തീവ്രവാദികൾ ആക്രമിച്ചു. തുടര്‍ന്ന് സുരക്ഷ സേന തിരിച്ചടിച്ചു.