ഹൈദരാബാദ്: ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് തങ്ങളുടെ ബൈക്കുകളിൽ ബജാജ് മാറ്റം വരുത്തുന്നത് ഇതാദ്യമല്ല. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന മധ്യവർഗ കുടുംബങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി പൾസർ സീരീസിൽ പുതിയ വേരിയന്‍റ് പുറത്തിറക്കി ജനപ്രിയ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ. ബജാജ് പൾസർ എൻ 160 ൻ്റെ പുതിയ ബേസിക് വേരിയന്‍റാണ് പുറത്തിറക്കിയത്. ഇന്ത്യൻ കുടുംബങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ പേരെ ഉൾക്കൊള്ളിക്കാവുന്ന രീതിയിൽ സിംഗിൾ സീറ്റ് വേരിയൻ്റായാണ് പുറത്തിറക്കിയിരിക്കുന്നത്.
ഇത് ഇന്ത്യൻ മധ്യവർഗ കുടുംബങ്ങളുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നത് ലക്ഷ്യമിട്ടുള്ള അപ്‌ഡേറ്റാണെന്നതിൽ സംശയമില്ല. സ്റ്റാൻഡേർഡ് വേരിയൻ്റിനേക്കാൾ ഏകദേശം 10,000 രൂപ കുറഞ്ഞ വിലയിലാണ് പുതിയ ബജാജ് പൾസർ എൻ 160 പുറത്തിറക്കിയിരിക്കുന്നത്.
പുതിയ വേരിയന്‍റിന്‍റെ പ്രത്യേകത: ബജാജ് പൾസർ എൻ 160 മോഡലിന്‍റെ പുതിയ വേരിയന്‍റിന്‍റെ പ്രത്യേകത എന്തെന്നാൽ സ്പ്ലിറ്റ് സീറ്റിന് പകരം സിംഗിൾ പീസ് സീറ്റാണ് നൽകിയിരിക്കുന്നത്. ഇത് സീറ്റിന്‍റെ നീളം വർധിപ്പിക്കുന്നതിനൊപ്പം ഡ്രൈവർക്കും ഒപ്പമുള്ള യാത്രക്കാർക്കും സുഖകരമായ യാത്ര പ്രദാനം ചെയ്യും. ബൈക്കിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്നതിനും സിംഗിൾ പീസ് സീറ്റ് സഹായിക്കും. കൂടാതെ കൂടുതൽ കട്ടിയുള്ള ഗ്രാബ് റെയിൽ ആണ് പുതിയ വേരിയന്‍റിൽ നൽകിയിരിക്കുന്നത്. ഇതിന് കൂടുതൽ ഭാരം താങ്ങാനാവും.
പുതിയ വേരിയന്‍റിൽ സ്‌പ്ലിറ്റ് ഗ്രാബ് റെയിലുകൾ കൂടുതൽ കരുത്തുറ്റ സിംഗിൾ പീസ് ഗ്രാബ് റെയിൽ ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്. ഇത് ബൈക്കിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്നതിന് സഹായിക്കും. ഭാരം ക്രമീകരിക്കുന്നതിനും ഇത് സഹായിക്കും. കഴിഞ്ഞ വർഷമാണ് ബജാജ് ഫ്രീഡം സിഎൻജി പതിപ്പ് വിപണിയിലെത്തുന്നത്. ഇതിനും സമാന രീതിയിൽ കൂടുതൽ നീളമുള്ള സീറ്റാണ് നൽകിയിട്ടുണ്ട്.
വില എത്രയാകും?
ബജാജ് പൾസർ എൻ 160 മോഡലിന് മുൻപ് രണ്ട് വേരിയന്‍റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ യുഎസ്‌ഡി ഉള്ള വേരിയന്‍റിന് 1.39 ലക്ഷം രൂപയും യുഎസ്‌ഡി ഇല്ലാത്ത വേരിയന്‍റിന് 1.33 ലക്ഷം രൂപയുമാണ് വില. ഇവയിൽ നിന്നും പുതിയ സിംഗിൾ സീറ്റ് വേരിയന്‍റിന് 10,000 രൂപ വരെ വില കുറയാനാണ് സാധ്യത. എന്നാൽ ഈ വിലക്കുറവിന് അനുസരിച്ച് പുതിയ വേരിയന്‍റിൽ സ്റ്റൻഡേർഡ് മോഡലുകളിലെ ചില ഫീച്ചറുകൾ നഷ്‌ട്ടമാകാം. ഇൻസ്‌ട്രുമെന്‍റ് കൺസോൾ ഉണ്ടാകുമെങ്കിലും പുതിയ മോഡലിൽ ടേൺ ബൈ ടേൺ നാവിഗേഷനുള്ള ഇൻസ്‌ട്രുമെന്‍റ് കൺസോൾ ഉണ്ടാവില്ല. കൂടാതെ റെയിൻ, റോഡ്, ഓഫ്-റോഡ് എന്നീ റൈഡ് മോഡുകളും പുതിയ വേരിയന്‍റുകളിൽ ഉണ്ടാവില്ല. അപ്‌സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പുതിയ വേരിയന്‍റിൽ നഷ്‌ട്ടമാവും.
മറ്റ് ഫീച്ചറുകൾ: ബജാജ് പൾസർ എൻ 160 ൻ്റെ പുതിയ വേരിയന്‍റിന്‍റെ മെക്കാനിക്കൽ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ബൈക്കിന്‍റെ മുൻവശത്ത് 37 എംഎം ടെലിസ്‌കോപിക് ഫോർക്കും പിൻവശത്ത് നൈട്രോക്‌സ് മോണോഷോക്ക് സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്. മുന്നിലും പിന്നിലും യഥാക്രമം 300 എംഎം, 230 എംഎം ഡിസ്‌ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്. സിംഗിൾ സീറ്റ് വേരിയൻ്റിൽ സിംഗിൾ-ചാനൽ എബിഎസും നൽകിയിട്ടുണ്ട്. എന്നാൽ സ്റ്റാൻഡേർഡ് വേരിയൻ്റിൽ ഡ്യുവൽ-ചാനൽ എബിഎസ് ലഭ്യമല്ല.
എഞ്ചിൻ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, 164.82 സിസി, സിംഗിൾ സിലിണ്ടർ, SOHC, 2-വാൽവ്, എയർ കൂൾഡ് എഞ്ചിനാണ് പുതിയ വേരിയന്‍റിൽ നൽകിയത്. 15.7 ബിഎച്ച്പി പവറും 14.65 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നതാണ് എഞ്ചിൻ. 5 സ്‌പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നത്. സീറ്റൊഴികെ മറ്റ് ഡിസൈനുകൾ സ്റ്റാൻഡേർഡ് വേരിയൻ്റിന് സമാനമാണ്. കൂടാതെ കളർ ഓപ്‌ഷനുകളിലും ഗ്രാഫിക്‌സിലും മാറ്റം വരുത്തിയിട്ടില്ല. എൽഇഡി ഡിആർഎല്ലുകളോട് കൂടിയ ബൈ-ഫങ്ഷണൽ എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകളാണ് മോട്ടോർസൈക്കിളിനുള്ളത്. പിൻവശത്ത് ഗ്ലിറ്റർ പാറ്റേൺ ഉള്ള എൽഇഡി ടെയിൽ ലാമ്പും നൽകിയിട്ടുണ്ട്. ടേൺ ഇൻഡിക്കേറ്റർ ഹാലൊജൻ യൂണിറ്റാണ് നൽകിയത്.
Also Read:
- ജനമനസുകളിൽ ഇടംനേടിയ സ്‌കൂട്ടർ: നിരവധി മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ 110; വില 80,950 രൂപ
- ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ
- ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തിക്കഴിഞ്ഞു മക്കളേ...
- സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജ് വരുന്നു: സ്ലിം ഡിസൈനാകുമെന്ന് സൂചന; ലോഞ്ച് ഈ വർഷം തന്നെ
- സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഗ്രേഡുകളുണ്ടോ? എസ് 24 അൾട്രയുമായി താരതമ്യം ചെയ്യാം...