ന്യൂഡൽഹി: മണിപ്പൂരില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതിന് സംസ്ഥാനത്ത് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അക്രമസംഭങ്ങളെ കുറിച്ച് അന്വേഷിക്കുന്ന വസ്‌തുത അന്വേഷണ സംഘം. ഡല്‍ഹി മീതെയ് കോര്‍ഡിനേറ്റിങ്ങ് കമ്മിറ്റിയുടെ പ്രത്യേക അന്വേഷണസംഘമാണ് കേന്ദ്രസര്‍ക്കാരിനോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അരങ്ങേറുന്ന കൂട്ടക്കൊലയില്‍ കുക്കി തീവ്രവാദികള്‍ക്കെതിരെ അസം റൈഫിള്‍സ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഡിഎംസിസി കണ്‍വീനറും അന്വേഷണസംഘത്തിലെ അംഗവുമായ ഡോ. സെറാം റോജേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
'ഏറെക്കാലമായി കുക്കി സമൂഹത്തോടൊപ്പമായിരുന്നു ഞങ്ങള്‍ അവിടെ ജീവിച്ചിരുന്നത്. അന്നൊന്നും യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായതോടെ ഇരു വിഭാഗങ്ങളും വേര്‍പിരിഞ്ഞു. മണിപ്പൂരില്‍ സമാധാനം ആണ് വേണ്ടത്. സംസ്ഥാനത്ത് നിയമവാഴ്‌ചയും സമാധാനപരമായ സഹവര്‍ത്തിത്വവും പുനഃസ്ഥാപിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.
മോറെ പട്ടണത്തില്‍ സംസ്ഥാന സേനയ്‌ക്ക് നേര കുക്കി തീവ്രവാദികള്‍ നിരന്തരമായി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇത് ഗൗരവമായി കണ്ടുകൊണ്ട് തന്നെയാണ് അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫിസര്‍ വിഷയത്തില്‍ ഇടപെടുകയും ആക്രമണം തുടര്‍ന്നാല്‍ കുക്കികള്‍ക്ക് സേന തക്കതായ മറുപടി നല്‍കുമെന്ന് പറയുകയും ചെയ്‌തത്. എന്നാല്‍, അത് വെറും വാക്കില്‍ ഒതുങ്ങി, കുക്കി തീവ്രവാദികള്‍ക്കെതിരെയോ അക്രമിള്‍ക്കെതിരെയോ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.