റെയ്സെൻ (മധ്യപ്രദേശ്) :മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാസഹോദരന്‍റെ വീടിന് തീയിട്ടു. ജില്ലാ ആസ്ഥാനത്ത് നിന്ന് 100 കിലോമീറ്റർ അകലെ ബറേലി പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ജാംഗഡ് ഗ്രാമത്തിൽ ഞായറാഴ്‌ച (ഫെബ്രുവരി 25) രാത്രിയാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ ഏഴുവയസ്സുള്ള പ്രതിയുടെ മരുമകൾ തീയില്‍ പെട്ട് മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രതിയായ രാമുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
രാമുവും ഇയാളുടെ ഭാര്യയും തമ്മിൽ വൈവാഹിക തർക്കം നിലനിന്നിരുന്നതായും ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഭാര്യയെ തന്‍റെ അടുത്തേക്ക് മടങ്ങാൻ അനുവദിക്കാത്തതിൽ ഭാര്യാസഹോദരൻ രാജേഷിനെ പ്രതി സംശയിക്കുകയും, തുടർന്ന് അയാളുടെ കുടിലിന് തീയിടുകയുമായിരുന്നു.
കൂലിപ്പണിക്കാരനായ രാജേഷ് ഭാര്യയ്ക്കും നാല് കുട്ടികൾക്കുമൊപ്പം ഫാമിലെ ഒരു കുടിലിലാണ് താമസിച്ചിരുന്നതെന്ന് ബറേലി പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് വിജയ് ത്രിപാഠി പറഞ്ഞു. കുടുംബം അകത്തുണ്ടായിരുന്നപ്പോൾ പ്രതി കുടിലിന് തീകൊളുത്തുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് കുട്ടികളുമായി ദമ്പതികൾ കത്തുന്ന കുടിലിൽ നിന്ന് പുറത്തുവരുമ്പോൾ അവരുടെ ഏഴ് വയസ്സുള്ള മകൾ തീയിൽ അകപ്പെട്ട് മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.