കല്‍ബുര്‍ഗി: ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് വേണ്ടി പിതാവിനെ കൊലപ്പെടുത്തി മകന്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന സംഭവമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
മകനെയും കൂട്ടാളികളെയും മഡബുള പൊലീസ് അറസ്റ്റ് ചെയ്‌തു. കല്‍ബുര്‍ഗി നഗരത്തിലെ ആദർശ് കോളനി നിവാസിയായ സതീഷ്, ഇയാളുടെ സുഹൃത്ത് അരുൺ, യുവരാജ്, രാകേഷ് എന്നിവരാണ് അറസ്റ്റിലായത്.
സംഭവമിങ്ങനെ:
കല്‍ബുര്‍ഗി നഗരത്തിലെ ആദർശ് കോളനിയിലെ താമസക്കാരനാണ് കൊല്ലപ്പെട്ട കലിംഗരായ. കലിംഗരായന്‍റെ മൂന്ന് ആൺമക്കളിൽ ഒരാളായ സതീഷ് കോളനിയിൽ ഹോട്ടൽ നടത്തിയിരുന്നു. വീടു വയ്ക്കാനും സഹോദരിമാരുടെ വിവാഹത്തിനുമായി സതീഷ് നിരവധിയിടങ്ങളില്‍ നിന്ന് കടം വാങ്ങിയിരുന്നു.
ഹോട്ടലിൽ സ്ഥിരമായി വരാറുണ്ടായിരുന്ന അരുണ്‍ എന്ന വ്യക്തിയാണ് സതീഷിന് കൊലപാതകമെന്ന ഉപാധി പറഞ്ഞുകൊടുക്കുന്നത്. അരുണുമായി സൗഹൃദത്തിലാകുന്ന സതീഷ് ലോണിനെ കുറിച്ച് അരുണിനോട് പറഞ്ഞു. പിതാവിന്‍റെ പേരിൽ രണ്ട് ഇൻഷുറൻസ് പോളിസി എടുക്കാൻ അരുണ്‍ നിർദേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതനുസരിച്ച് കലിംഗരായയുടെ പേരിൽ 22 ലക്ഷം രൂപയുടെയും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ഇൻഷുറൻസ് പോളിസികൾ സതീഷ് എടുത്തു. ഇൻഷുറൻസ് ആനുകൂല്യം നേടുന്നതിന് കലിംഗരായനെ കൊലപ്പെടുത്താന്‍ അരുൺ സതീഷിനെ ഉപദേശിച്ചു. കൊലപാതകത്തിന് വേണ്ട സഹായങ്ങളും ഇയാള്‍ ചെയ്‌ത് കൊടുത്തു.
കഴിഞ്ഞ വർഷം ജൂലായ് എട്ടിന് കലിംഗരായനെയും കൂട്ടി സതീഷ് ബൈക്കിൽ ബെന്നൂർ ഗ്രാമത്തില്‍ എത്തി. ഇവിടെ മൂത്രമൊഴിക്കാനെന്ന വ്യാജേന ബൈക്കിൽ നിര്‍ത്തി ഇറങ്ങി. ഈ സമയം ബൈക്കിന് സമീപം നിന്ന കലിംഗരായന്‍റെ മുകളിലൂടെ ട്രാക്‌ടർ പാഞ്ഞ് കയറുകയായിരുന്നു. കലിംഗരായൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അരുണ്‍ ഏര്‍പ്പാടാക്കിയ ആളുകളാണ് കലിംഗരായന്‍റെ ദേഹത്ത് ട്രാക്‌ടര്‍ ഓടിച്ചു കയറ്റിയത്.സംഭവം റോഡപകടമാണെന്ന് വരുത്തിത്തീർക്കാൻ അരുൺ സതീഷിന്‍റെ തലയിലും പരിക്കേല്‍പ്പിച്ചു. തുടർന്ന് മഡബുള പൊലീസ് സ്റ്റേഷനിലെത്തിയ സതീഷ്, ബൈക്കില്‍ ട്രാക്‌ടർ ഇടിച്ച് പിതാവ് മരിച്ചെന്ന് പൊലീസിനെ അറിയിച്ചു. മരണത്തില്‍ മഡബുള പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
പൊലീസ് ചോദ്യം ചെയ്‌തപ്പോൾ പരസ്‌പര വിരുദ്ധമായ മൊഴികളാണ് സതീഷ് നൽകിയത്. ഇതിനിടെ ഇൻഷുറൻസ് ക്ലെയിം ഇനത്തിൽ ലഭിച്ച അഞ്ച് ലക്ഷം രൂപയിൽ മൂന്ന് ലക്ഷം രൂപ സതീഷ് അമ്മയുടെ ഫോൺ പേ അക്കൗണ്ടിൽ നിന്ന് കൊലപാതകം ആസൂത്രണം ചെയ്‌ത അരുണിന് നൽകിയിരുന്നു. അരുണിന്‍റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത് കണ്ടെത്തിയ പൊലീസ് അരുണിനെയും ചോദ്യം ചെയ്‌തു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ മകന്‍ സതീഷ് കുറ്റം സമ്മതിക്കുകയായിരുന്നു.
കലിംഗരായന്‍റെ ദേഹത്തുകൂടെ ട്രാക്‌ടര്‍ ഓടിച്ചു കയറ്റിയ യുവരാജിനെയും രാകേഷിനെയും പൊലീസ് അറസ്റ്റ് ചെയ്‌തതായി ജില്ലാ പൊലീസ് സൂപ്രണ്ട് അഡൂർ ശ്രീനിവാസുലു അറിയിച്ചു. നാല് പ്രതികളിൽ നിന്നായി 27,000 രൂപയും കൃത്യത്തിന് ഉപയോഗിച്ച ട്രാക്‌ടറും പൊലീസ് പിടിച്ചെടുത്തു.
Also Read:കുഞ്ഞിന് കക്കിരി കൊടുക്കരുതെന്ന് ശാസിച്ചു; സഹോദരിയെ കുത്തിക്കൊന്ന് യുവാവ്, പിതാവടക്കം ആശുപത്രിയില്‍