പട്‌ന :ഭാര്യയും മക്കളുമടക്കം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ കേസെടുത്ത് പൊലീസ്. ദർഭംഗ സ്വദേശിയായ പവൻ മഹാതോയ്‌ക്കെതിരെയാണ് കേസ്. ഇയാളുടെ ഭാര്യ പിങ്കി (26), മക്കളായ പ്രിയ (4), പ്രീത് (6 മാസം), പിങ്കിയുടെ അമ്മ പ്രമീള ദേവി (59) എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ ഒളിച്ചിരുന്ന രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച (മെയ് 10) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം.
രാത്രിയില്‍ കുടുംബം ഉറങ്ങി കിടക്കുമ്പോഴാണ് വീട്ടിലെത്തിയ ഇയാള്‍ കൊലപാതകം നടത്തിയത്. അമ്മിക്കല്ല് കൊണ്ടാണ് നാല് പേരെയും ഇയാള്‍ അടിച്ച് വീഴ്‌ത്തിയത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരും മരിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട് മുറിക്കുള്ളില്‍ ഒളിച്ചിരുന്ന പിങ്കിയുടെ രണ്ട് മക്കളാണ് സംഭവത്തില്‍ ദൃക്‌സാക്ഷികള്‍. കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഭര്‍ത്താവുമായുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് ഏറെ നാളായി പിങ്കിയും മക്കളും സുഖേത് ഗ്രാമത്തിലെ സ്വന്തം വീട്ടിലാണ് താമസം. ബിസിനസ് ചെയ്യാന്‍ പണം ആവശ്യപ്പെട്ട് പ്രതിയായ മഹോതോ നിരന്തരം പിങ്കിയുടെ അമ്മയെ സമീപിച്ചിരുന്നു. എന്നാല്‍ പണം നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ കുടുംബ വഴക്കാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
സംഭവം ദിവസവും മഹാതോ മറ്റൊരാള്‍ക്കൊപ്പം പിങ്കിയുടെ വീട്ടിലെത്തിയിരുന്നതായാണ് ലഭിക്കുന്ന വിവരം. പിതാവ് കൊലപാതകം നടത്തിയതെന്നാണ് മക്കള്‍ നല്‍കുന്ന മൊഴി. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ജഞ്ജർപൂർ ഡിഎസ്‌പി പവൻ കുമാർ സിങ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ വിട്ടു നല്‍കുമെന്ന് ഡിഎസ്‌പി പറഞ്ഞു.
Also Read : ജോലി ഉപേക്ഷിച്ചതില്‍ പ്രകോപനം; 40കാരിയെ തൊഴിലുടമ കുത്തിക്കൊന്നു - Woman Murder In Jalna