ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാമീണ ഇന്ത്യയെ വഞ്ചിച്ചതിന്‍റെ ജീവിക്കുന്ന സ്‌മാരകമാണ് പദ്ധതിയെന്നും ഖാര്‍ഗെ പറഞ്ഞു.
2005-ലെ ഇതേ ദിനത്തില്‍ യുപിഎ സര്‍ക്കാര്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് നിയമം (എംജിഎന്‍ആര്‍ഇജിഎ) പാസാക്കിയതും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഗ്രാമീണമേഖലയിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുന്ന നിയമമാണിത്. കുറഞ്ഞ കൂലിയും കൃത്യതയില്ലാത്ത തൊഴില്‍ ദിനങ്ങളും തൊഴില്‍ കാര്‍ഡുകള്‍ ഇല്ലാതാക്കലും അടക്കമുള്ള ന്യൂനതകള്‍ ഉണ്ടെങ്കിലും നിലവില്‍ 13.3 കോടി ജനങ്ങള്‍ തൊഴിലുറപ്പ് മേഖലയെ ആശ്രയിച്ച് നില്‍ക്കുന്നുവെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
സാങ്കേതികതയും ആധാറും ഉപയോഗിച്ച് മോദി സര്‍ക്കാര്‍ ഏഴ് കോടി തൊഴിലാളികളുടെ തൊഴില്‍ കാര്‍ഡുകള്‍ ഇല്ലാതാക്കി. ഇവരെയെല്ലാം പദ്ധതിക്ക് പുറത്താക്കി. ഇക്കൊല്ലത്തെ ബജറ്റില്‍ തൊഴിലുറപ്പ് മേഖലയ്ക്ക് മാറ്റിവച്ചിരിക്കുന്നത് 1.78 കോടി രൂപമാത്രമാണ്. പദ്ധതിയ്ക്ക് അനുവദിച്ച തുകയില്‍ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണിത്. മോദി സര്‍ക്കാര്‍ കൃത്രിമമായി ജോലിയോടുള്ള ആകര്‍ഷകത്വം ഇല്ലാതാക്കാനാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുന്നത്.