ജൽന :മഹാരാഷ്ട്രയിലെ ജൽനയിൽ 13 കാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്നംഗ സംഘം പിടിയിൽ. ആയുർവേദ മരുന്നു വ്യാപാരിയായ കൃഷ്‌ണ മുജ്‌മുലെയുടെ മകനെ അയൽവാസിയും മറ്റ് രണ്ടുപേരും ചേർന്നാണ് തട്ടിക്കൊണ്ട് പോയത്. കുട്ടിയെ വിട്ടുനല്‍കാന്‍ 5 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.
എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്‌ച രാവിലെയാണ് രോഹിത് ഭൂരെവാൾ, അർബാസ് ഷെയ്ഖ്, നിതിൻ ശർമ എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ചൊവ്വാഴ്‌ച രാവിലെ കുട്ടി സ്‌കൂളിലേക്ക് പോയി കുറച്ച് സമയത്തിന് ശേഷം മുജ്‌മുലെയ്ക്ക് ഒരു ഭീഷണി കോൾ വന്നു. കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ 5 കോടി രൂപ ലഭിക്കണമെന്നും അല്ലാത്തപക്ഷം കുട്ടിയുടെ ജീവന് ആപത്തുണ്ടാക്കുന്ന ഇൻജെക്ഷൻ നൽകുമെന്നും സംഘം ഭീഷണിപ്പെടുത്തി.
ശേഷം സ്‌കൂളിലെത്തിയ പിതാവ് കുട്ടി അവിടെ എത്തിയിട്ടില്ലെന്ന് മനസിലാക്കുകയുമായിരുന്നു. തുടർന്ന് സദർ ബസാർ പൊലീസിലും ജില്ല പൊലീസ് സൂപ്രണ്ടിനും പരാതി നൽകുകയും ചെയ്‌തു. പരാതി ലഭിച്ച ഉടൻ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പൊലീസ് ആരംഭിക്കുകയായിരുന്നു.
അതിനിടയിൽ പൊലീസിന്‍റെ പദ്ധതിയനുസരിച്ച് മോചനദ്രവ്യമായി 20 ലക്ഷം രൂപ നൽകാമെന്ന് പിതാവ് സംഘത്തെ അറിയിച്ചു. ഇത് അംഗീകരിച്ച പ്രതികൾ പണം കൈമാറാനുള്ള സ്ഥലം അറിയിക്കുകയും ചെയ്‌തു. പണം കൈമാറാൻ തീരുമാനിച്ച സ്ഥലത്ത് പ്രതികളെ പിടികൂടുന്നതിനായി പൊലീസ് നേരത്തെ സജ്ജമായിരുന്നു.
നിശ്ചിത സ്ഥലത്ത് മുജ്‌മുലെ ഉപേക്ഷിച്ച പണമടങ്ങുന്ന ബാഗ് എടുക്കുന്നതിനായി പ്രധാന പ്രതി ഭൂരേവാൾ എത്തിയപ്പോൾ പൊലീസ് ഇയാളെ പിടികൂടി. ചോദ്യം ചെയ്യലിൽ കുട്ടിയെവിടെയാണെന്നുള്ള വിവരം പ്രതി പൊലീസിനോട് പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ രക്ഷപ്പെടുത്തുകയും മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുകകയുമായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തതായി ജില്ല പൊലീസ് സൂപ്രണ്ട് (എസ്‌പി) അജയ് കുമാർ ബൻസാൽ പറഞ്ഞു.
Also Read: മലേഷ്യയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടി ; സുഹൃത്തിനെതിരെ പരാതി