മുംബൈ:മഹാരാഷ്‌ട്രയില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍ സര്‍വേകള്‍. പി മാര്‍ക്, മാട്രിസ്, ചാണക്യ സ്‌ട്രാറ്റജീസ്, പീപ്പിള്‍ പള്‍സ്, പോള്‍ ഡയറി തുടങ്ങിയ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ പ്രവചനം സംസ്ഥാനത്ത് മഹായുതി തുടര്‍ഭരണത്തിലേക്കെന്നാണ്.
സംസ്ഥാനത്ത് കടുത്ത മത്സരമാണ് ചില ഏജന്‍സികള്‍ പ്രവചിച്ചിരിക്കുന്നത്. 288 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ കേവല ഭൂരിപക്ഷം 145 ആണ്. മഹായുതി 135 മുതല്‍ 157 സീറ്റുകള്‍ നേടുമെന്നാണ് പി മാര്‍കിന്‍റെ പ്രവചനം. മഹാവികാസ് അഘാടിയ്‌ക്ക് 126 മുതല്‍ 146 സീറ്റുകളും മറ്റുള്ളവര്‍ക്ക് 2 മുതല്‍ എട്ട് സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
150 മുതൽ 170 വരെ സീറ്റുകൾ മഹായുതി നേടുമെന്നാണ് മാട്രിസ് പ്രവചനം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി 110 മുതല്‍ 130 വരെ സീറ്റുകള്‍ നേടുമെന്നും മറ്റുള്ളവര്‍ 8 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.
ചാണക്യ സ്‌ട്രാറ്റജീസ് 152 മുതല്‍ 160 സീറ്റുകള്‍ വരെ സീറ്റുകളിലാണ് മഹായുതിയ്‌ക്ക് സാധ്യത കല്‍പിക്കുന്നത്. 130 മുതല്‍ 138 സീറ്റുകള്‍ മഹാവികാസ് അഘാടി നേടുമെന്നും ഏജന്‍സി പറയുന്നു.
പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ പ്രകാരം ബിജെപി നേതൃത്വത്തിലുള്ള സഖ്യം 175-195 സീറ്റുകൾ നേടും. കോൺഗ്രസ് നേതൃത്വം നൽകുന്ന എംവിഎ 85-112 സീറ്റുകൾ നേടും. മറ്റ് പാർട്ടികളും സ്വതന്ത്രരും 7-12 സീറ്റുകൾ നേടും.
മഹായുതിയ്‌ക്ക് 122 മുതല്‍ 186 വരെ സീറ്റാണ് പോള്‍ ഡയറി പ്രവചിക്കുന്നത്. എംവിഎ 69 മുതല്‍ 121 സീറ്റുകള്‍ നേടുമെന്നും മറ്റുള്ളവര്‍ 12 മുതല്‍ 29 വരെ സീറ്റുകള്‍ നേടുമെന്നും ഏജന്‍സി പ്രവചിക്കുന്നു.
ജാര്‍ഖണ്ഡ്
ജാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. സംസ്ഥാനത്തെ 81 സീറ്റുകളില്‍ 42 മുതല്‍ 47 സീറ്റുകള്‍ വരെ എന്‍ഡിഎ സഖ്യം നേടുമെന്നാണ് മാട്രിസ് പ്രവചനം. സംസ്ഥാനത്ത് ഭരണത്തിലുള്ള ജെഎംഎം-കോൺഗ്രസ് സഖ്യം 25 മുതല്‍ക്ക് 30 വരെ സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ നാല് സീറ്റുവരെ ലഭിക്കുമെന്നാണ് പ്രവചനം. 45 മുതല്‍ 50 സീറ്റ് വരെയാണ് ചാണക്യ സ്‌ട്രാറ്റജീസ് എന്‍ഡിഎയ്‌ക്ക് പ്രവചിച്ചിരിക്കുന്നത്. ടൈംസ് നൗ-ജെവിസി സര്‍വേ 40 മുതല്‍ 44 വരെ സീറ്റുകള്‍ എന്‍ഡിഎയ്‌ക്കും 30 മുതല്‍ 40 വരെ സീറ്റുകള്‍ ഇന്ത്യ സഖ്യത്തിനും ലഭിക്കുമെന്നാണ് പറയുന്നത്.