ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയിലെ പിപല്യയില്‍ കുഴൽക്കിണറിൽ വീണ 10 വയസുകാരൻ മരിച്ചു. 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്‌ച (ഡിസംബര്‍ 28) വൈകുന്നേരമാണ് സുമിത് കുഴല്‍ക്കിണറില്‍ വീണത്.
സുഹൃത്തുകളുമൊത്ത് പട്ടം പറത്തി കൊണ്ടിരിക്കവെ കുട്ടിയുടെ കാലിടറി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ റെസ്ക്യൂ ടീമും അധികൃതരും സ്ഥലത്തെത്തി. കുട്ടിക്ക് പൈപ്പ് വഴി ഓക്‌സിജൻ എത്തിച്ച് നല്‍കി.
എസ്‌ഡിആർഎഫ് സംഘം സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാനുളള ശ്രമങ്ങളും ആരംഭിച്ചു. വൈകീട്ട് ആറ് മണി മുതല്‍ രാവിലെ 10 മണി വരെ 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ കുട്ടിയെ അടുത്തുളള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടിയന്തര ചികിത്സയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും നേരത്തെ തന്നെ ആശുപത്രിയില്‍ ഒരുക്കിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്ക് ശേഷം കുട്ടി മരിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു. 16 മണിക്കൂറുകളോളം വെളളത്തില്‍ കിടന്നത് മൂലം ഹൈപ്പോതെർമിയ ഉണ്ടാകുകയും കുട്ടിയുടെ അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്‌തതായും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
45 അടി താഴ്‌ചയുള്ള കുഴിയിൽ 39 അടി താഴ്‌ചയിലാണ് സുമിത്ത് വീണത്. കുട്ടിയുടെ കഴുത്തോളം വെള്ളമുണ്ടായിരുന്നെന്നാണ് വിവരം. അതേസമയം രാജസ്ഥാനിലുണ്ടായ സമാന സംഭവത്തില്‍ മൂന്ന് വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് രാജസ്ഥാനില്‍ മൂന്ന് വയസുകാരി കുഴല്‍ക്കിണറില്‍ വീണത്. 700 അടി താഴ്‌ചയുളള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. കുട്ടികള്‍ കുഴല്‍ക്കിണറില്‍ വീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
Also Read:കുഴല്‍കിണറില്‍ വീണ 3 വയസുകാരിക്കായി രക്ഷാപ്രവർത്തനം ആറാം ദിവസം; ജില്ലാ ഭരണകൂടത്തിനെതിരെ കുടുംബം