ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയം തള്ളി പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്‍റെ അഞ്ചാം ദിവസം രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദി പ്രമേയ ചര്‍ച്ചയിലേക്ക് കടന്നു. ഇതോടെ ലോക്‌സഭയില്‍ ബഹളം. തുടര്‍ന്ന് പന്ത്രണ്ട് വരെ സഭ നിര്‍ത്തി വച്ചു. വീണ്ടും സമ്മേളിച്ചപ്പോഴും പ്രക്ഷുബ്‌ധമായതോടെ തിങ്കളാഴ്‌ചവ രെ ലോക്‌സഭ നിര്‍ത്തി വയ്ക്കുന്നതായി സ്‌പീക്കര്‍ പ്രഖ്യാപിച്ചു. ഇനി ചൊവ്വാഴ്‌ച സമ്മേളിക്കും.
കോണ്‍ഗ്രസ് എംപിമാരായ സയീദ് നസീര്‍ ഹുസൈനും രഞ്ജിത് രഞ്ജനും വിഷയം സഭ നിര്‍ത്തി വച്ച് നീറ്റ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും നോട്ടീസ് നല്‍കി. നിരവധി അംഗങ്ങള്‍ ഇരുസഭയിലും വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ രാജ്യസഭയിലും ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം ബഹളവുമായി രംഗത്ത് എത്തി. ഇതോടെ രാജ്യസഭയും 12 മണി വരെ നിര്‍ത്തി വച്ചു.
നെറ്റും നീറ്റും ഏറ്റവും പുതിയ ചോദ്യപേപ്പര്‍ ചോര്‍ച്ചകളാണ്. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ മത്സര പരീക്ഷകളിലടക്കം നിരവധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് എക്‌സില്‍ കുറിച്ചു. 2.26 കോടി യുവാക്കളെയാണ് ഈ ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിന്‍റെ കാര്യക്ഷമതയില്ലായ്‌മയാണ് ഇത് കാട്ടുന്നത്. അതേസമയം സര്‍ക്കാരിന്‍റെ അഴിമതിയും ഇത് വെളിവാക്കുന്നു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പരീക്ഷ നടത്തിപ്പ് ഏജന്‍സി നിരവധി പരീക്ഷ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ആരോപണമുയര്‍ത്തി. ഉത്തര്‍ പ്രദേശ് പൊലീസ് കോണ്‍സ്‌റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ അടക്കം ചോര്‍ന്നു. 48 ലക്ഷം അപേക്ഷകരെയാണ് ഇത് ബാധിച്ചത്. ഏജന്‍സിക്ക് മോദി സര്‍ക്കാരിന്‍റെയും ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെയും പിന്തുണ ലഭിക്കുന്നുവെന്നും ജയറാം രമേഷ് ആരോപിച്ചു.