ഹൂബ്ലി: പ്രതിയുടെ നിരാശയാണ് നേഹ ഹിരെമതിന്‍റെ കൊലപാതകത്തിന് കാരണമെന്ന് സിഐഡി പൊലീസിന്‍റെ കുറ്റപത്രം. കുറ്റപത്രത്തില്‍ ലവ് ജിഹാദിനെക്കുറിച്ച് പരാമര്‍ശമേയില്ല. 483 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്.
99 തെളിവുകള്‍ ശേഖരിച്ചിരുന്നു. നേഹയുടെ അമ്മ, അച്‌ഛന്‍, സഹോദരന്‍, സഹപാഠികള്‍, പെണ്‍സുഹൃത്തുക്കള്‍, ബിവിബി കോളജിലെ അധ്യാപകര്‍, ദൃക്‌സാക്ഷികള്‍, സിസിടിവി ദൃശ്യങ്ങള്‍, ചില രേഖകള്‍, പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാരുടെ അഭിപ്രായങ്ങള്‍, ഫൊറന്‍സിക് റിപ്പോര്‍ട്ട് തുടങ്ങിയവ അടക്കമുള്ളവ പരിശോധിച്ചാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പ്രതി ഫയാസിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 (ജീവപര്യന്തമോ വധശിക്ഷയോ), 341 (ഒരു മാസം തടവ്), 506 എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.
2020-21ല്‍ ഹൂബ്ലിയില്‍ പി സി ജോബിന്‍ കോളജില്‍ ബിസിഎയ്ക്ക് നേഹയും ഫയാസും സഹപാഠികളായിരുന്നു. ആദ്യം ഇരുവരും സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് ഇത് പ്രണയമായി മാറി. 2024 മാര്‍ച്ചില്‍ ഇരുവരും തമ്മില്‍ പിണങ്ങി. നേഹ ഫയാസുമായി മിണ്ടാതായി. നേഹയുടെ അവഗണന സഹിക്കാനാകാതെ അവളെ കൊലപ്പെടുത്താന്‍ ഫയാസ് തീരുമാനിക്കുകയായിരുന്നു. 2024 ഏപ്രില്‍ പതിനെട്ടിന് വൈകിട്ട് 4.40ഓടെ കത്തി ഉപയോഗിച്ച് കുത്തി കൊല്ലുകയായിരുന്നു. കൊല്ലും മുമ്പ് തന്നെ ഇത്രനാളും സ്നേഹിച്ചിട്ട് വഞ്ചിക്കുകയായിരുന്നോ എന്നും തന്നെ വിവാഹം കഴിക്കാനാകില്ലേ എന്നും ചോദിച്ചിരുന്നുവെന്നും പറയുന്നു. പിന്നീട് കത്തി സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച് ഇയാള്‍ ഓടിപ്പോയി.