ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് അടക്കം സംഭാല്‍ സന്ദര്‍ശനത്തിന് പോയ കോണ്‍ഗ്രസ് നേതാക്കളെ ഘാസിപ്പൂര്‍ അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് ലോക്‌സഭാംഗം പ്രിയങ്കാ ഗാന്ധി വാദ്ര, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ഡല്‍ഹി-മീററ്റ് അതിവേഗപാതയിലെ ഘാസിപ്പൂരിലാണ് സംഘത്തെ പൊലീസ് തടഞ്ഞത്.
റോഡില്‍ ബാരിക്കേഡുകള്‍ നിരത്തിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തെ തടഞ്ഞത്. ഇത് അതിവേഗ പാതയില്‍ വന്‍ ഗതാഗതക്കുരുക്കും സൃഷ്‌ടിച്ചു. തങ്ങളുടെ നേതാക്കളും നേരത്തെ അവിടം സന്ദര്‍ശിക്കാനായി പോയിരുന്നെന്നും എന്നാല്‍ അവരെയും തടയുകയായിരുന്നുവെന്നും സമാജ് വാദി പാര്‍ട്ടി എംപി രാം ഗോപാല്‍ യാദവ് പറഞ്ഞു. സംഘര്‍ഷബാധിത പ്രദേശമായ സംഭാലിലേക്ക് രാഹുലും പ്രിയങ്കയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നതറിഞ്ഞ് പ്രദേശത്ത് സുരക്ഷ സന്നാഹങ്ങള്‍ കര്‍ശനമാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്ത് വന്നാലും സംഭാല്‍ സന്ദര്‍ശിക്കുമെന്നും ഇരകളുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അവരുടെ ശബ്‌ദം സഭയിലെത്തിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് കുമാര്‍ ലല്ലു നേരത്തെ പറഞ്ഞിരുന്നു. എന്ത് കൊണ്ടാണ് സര്‍ക്കാര്‍ തങ്ങളെ തടയുന്നത്?. അവര്‍ക്ക് എന്താണ് തങ്ങളില്‍ നിന്ന് മറയ്ക്കാനുള്ളത്?. എന്തിനെയാണ് അവര്‍ ഭയക്കുന്നത്?.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള അവകാശം രാഹുലിനുണ്ട്. സംഭാല്‍ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ജനങ്ങള്‍ കൊല്ലപ്പെടുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍?. പ്രതിപക്ഷ നേതാവ് സ്ഥലം സന്ദര്‍ശിച്ചില്ലെങ്കില്‍ ഈ വിഷയം എങ്ങനെ പാര്‍ലമെന്‍റില്‍ എത്തും?. സംഭാലില്‍ എന്ത് സംഭവിച്ചുവെന്ന് തങ്ങള്‍ക്കറിയണം. എന്നാല്‍ സര്‍ക്കാര്‍ ഇതിന് അനുവദിക്കുന്നില്ല. ഇത് ഏകാധിപത്യമല്ലേ? രാഹുല്‍ ഏതായാലും സംഭാല്‍ സന്ദര്‍ശിക്കുക തന്നെ ചെയ്യുമെന്നും ഇരകളുടെ കുടുംബാംഗങ്ങളെ കാണുമെന്നും ലല്ലു എഎന്‍ഐയോട് പറഞ്ഞു.