ന്യൂഡല്‍ഹി: ആറ് ഭാഷകളില്‍ കൂടി ലോക്‌സഭ നടപടികളുടെ മൊഴിമാറ്റ സേവനങ്ങള്‍ ലഭ്യമാകുമെന്ന് സ്‌പീക്കര്‍ ഓം ബിര്‍ള. ബോഡോ, ഡോഗ്രി, മൈഥിലി, മണിപ്പൂരി, ഉര്‍ദു, സംസ്‌കൃതം ഭാഷകളിലാണ് ഇനി മുതല്‍ സഭ നടപടികള്‍ ലഭിക്കുക. നേരത്തെ പത്ത് ഭാഷകളില്‍ ഇത് ലഭ്യമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു എന്നീ ഭാഷകളിലാണ് ഇവ ലഭ്യമായിരുന്നത്. ഇതിന് പുറമെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും സേവനം ലഭ്യമാണ്. കൂടുതല്‍ ഭാഷകളില്‍ മൊഴിമാറ്റം ലഭ്യമാക്കാന്‍ മനുഷ്യവിഭവശേഷിയുടെ ലഭ്യതയ്ക്ക് അനുസരിച്ച് തങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പാര്‍ലമെന്‍റ് സംവിധാനം ജനാധിപത്യ ചട്ടക്കൂട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ ഭാഷകളില്‍ സേവനങ്ങള്‍ ലഭ്യമാണ്. 22 ഭാഷകളിലും ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രാജ്യാന്തര തലങ്ങളില്‍ ഈ ശ്രമം അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേവലം 70,000 പേര്‍ മാത്രം സംസാരിക്കുന്ന സംസ്‌കൃതത്തിലേക്ക് എന്തിനാണ് ഇത് മൊഴിമാറ്റം ചെയ്യുന്നതെന്ന ചോദ്യവുമായി ഡിഎംകെ എംപി ദയാനിധി മാരന്‍ രംഗത്തെത്തി. ആര്‍എസ്‌എസ് പ്രത്യയശാസ്‌ത്രങ്ങള്‍ക്ക് വേണ്ടി എന്തിനാണ് നികുതിദായകരുടെ പണം പാഴാക്കുന്നതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
എന്നാല്‍ മാരന്‍റെ ആരോപണങ്ങള്‍ ഓം ബിര്‍ള തള്ളി. ഏത് രാജ്യത്താണ് താങ്കള്‍ ജീവിക്കുന്നതെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി. ഇന്ത്യയുടെ മൂലഭാഷ സംസ്‌കൃതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്‌കൃതം എന്ന് മാത്രമല്ല 22 ഭാഷകളെക്കുറിച്ചാണ് തങ്ങള്‍ പറയുന്നത്. താങ്കള്‍ക്ക് സംസ്‌കൃതവുമായി എന്താണ് പ്രശ്‌നമെന്നും ബിര്‍ള ചോദിച്ചു.
Also Read:റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങുന്നത് ഡോളറിന് പകരമല്ല: നിര്‍മ്മല സീതാരാമന്‍