ന്യൂഡൽഹി:വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ തീയതികൾ അന്തിമമാക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ വ്യക്തത വരുത്തി ചീഫ് ഇലക്‌ടറൽ ഓഫിസർ (Chief Electoral Officer). ഡല്‍ഹിയിലെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് തയ്യാറെടുപ്പിനായി അയച്ച സര്‍ക്കുലറിൽ ഏപ്രില്‍ 16ന് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള താല്‍ക്കാലിക തീയതിയായി നല്‍കിയിരുന്നു (Lok Sabha Polls 2024).
എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പദ്ധതി പ്രകാരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടി, ഉദ്യോഗസ്ഥര്‍ക്ക് റഫറന്‍സിനായി മാത്രമാണ് ഡല്‍ഹി ചീഫ് ഇലക്‌ടല്‍ ഓഫിസറുടെ സര്‍ക്കുലറില്‍ തീയതി നല്‍കിയിട്ടുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ പുറത്തുവന്ന സര്‍ക്കുലര്‍ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.
"ഏപ്രിൽ 16 ലോക്‌സഭ ഇലക്ഷൻ 2024 താൽക്കാലിക വോട്ടെടുപ്പ് ദിവസമാണോ എന്ന് വ്യക്തമാക്കാൻ ഡല്‍ഹി ചീഫ് ഇലക്‌ടല്‍ ഓഫിസറുടെ സർക്കുലറിനെ പരാമർശിച്ച് ചില മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇലക്ഷൻ കമ്മീഷന്‍റെ തെരഞ്ഞെടുപ്പ് പ്ലാനർ അനുസരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഉദ്യോഗസ്ഥർക്ക് 'റഫറൻസിനായി' മാത്രമാണ് ഈ തീയതി പരാമർശിച്ചത്"- ഡൽഹി ചീഫ് ഇലക്‌ടറൽ ഓഫിസർ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.
2024ലെ ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി, തെരഞ്ഞെടുപ്പ് പ്ലാനറിൽ റഫറൻസിനും ആരംഭ-അവസാന തീയതികൾ കണക്കാക്കുന്നതിനും വേണ്ടിയാണ് കമ്മീഷൻ 16.04.2024 എന്ന് താൽക്കാലികമായി തിരഞ്ഞെടുപ്പ് ദിവസം നൽകിയതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ഇലക്ഷൻ പ്ലാനറിൽ പറഞ്ഞിരിക്കുന്ന ഓരോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ആരംഭിക്കുന്നതിനും പൂർത്തിയാക്കുന്നതിനുമായി നൽകിയിരിക്കുന്ന സമയക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും സർക്കുലറിൽ അസിസ്റ്റന്‍റ് ചീഫ് ഇലക്‌ടറൽ ഓഫിസർ നിർദേശിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തുടക്കവും ഒടുക്കവും സംബന്ധിച്ച തീയതികൾ കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും ഡൽഹി സിഇഒയുടെ ഓഫിസായ സിഇഒ (COE) ബ്രാഞ്ചിന് റിപ്പോർട്ട് അയയ്‌ക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.