കേരളം

kerala

ETV Bharat / bharat

Lok Sabha Election Results 2024 Live Updates : ഉറച്ച കോട്ടകളില്‍ പോലും വിയര്‍ത്ത് എന്‍ഡിഎ, വെല്ലുവിളി ഉയര്‍ത്തി ഇന്ത്യാസഖ്യം - LOK SABHA ELECTION RESULTS 2024 - LOK SABHA ELECTION RESULTS 2024

LOK SABHA ELECTION 2024 RESULTS  LOK SABHA ELECTION 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
Lok Sabha election 2024 results (ETV Bharat)

By ETV Bharat Kerala Team

Published : Jun 4, 2024, 6:51 AM IST

Updated : Jun 4, 2024, 5:20 PM IST

ന്യൂഡല്‍ഹി : ഒന്നര മാസം നീണ്ട വോട്ടെടുപ്പിന്‍റെയും പ്രചാരണ പരിപാടികളുടെയും ആരോപണ- പ്രത്യാരോപണങ്ങളുടെയും ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിന്‍റെ ജനവിധിക്കായി കാത്തിരിക്കുകയാണ്. എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ബിജെപി ഹാട്രിക് വിജയം പ്രതീക്ഷിക്കുമ്പോള്‍ ആദ്യമായി ഭരണം പിടിക്കാമെന്ന ആത്‌മവിശ്വാസത്തിലാണ് ഇന്ത്യാമുന്നണി. രാജ്യത്തെ 543 ലോക്‌സഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നാണ് ആരംഭിച്ചത്. ഏഴ് ഘട്ടങ്ങളിലായി നടന്ന പോളിങ് ജൂണ്‍ ഒന്നിന് അവസാനിച്ചു. വോട്ടെടുപ്പ് അവസാനിച്ചതോടെ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ ബിജെപിയ്‌ക്ക് അനുകൂലമായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ പാടെ തള്ളിക്കളയുന്ന നിലപാടാണ് ഇന്ത്യാമുന്നണി സ്വീകരിച്ചത്. തികഞ്ഞ വിജയ പ്രതീക്ഷയില്‍ തന്നെയാണ് ഇന്ത്യാസഖ്യം. യഥാര്‍ഥ ഫലം വരുന്നതോടെ എക്‌സിറ്റ് പോളുകളിലെ സസ്‌പെന്‍സിന് വിരാമമാകും.

LIVE FEED

5:19 PM, 4 Jun 2024 (IST)

വിദിഷയില്‍ ശിവരാജ് സിങ് ചൗഹാന്‍ വിജയിച്ചു

മധ്യപ്രദേശ് വിദിഷ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ശിവരാജ് സിങ് ചൗഹാന്‍ വിജയിച്ചു. ഇന്‍ഡോര്‍, ടികംഗഡ് സീറ്റുകളിലും ബിജെപിക്ക് ജയം.

5:12 PM, 4 Jun 2024 (IST)

റായ്‌ബറേലിയില്‍ രാഹുല്‍, ജയം 4 ലക്ഷം വോട്ടുകള്‍ക്ക്

റായ്‌ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ജയം. 4 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. ഇതോടെ സോണിയ ഗാന്ധിയുടെ ഭൂരിപക്ഷം രാഹുല്‍ ഗാന്ധി തിരുത്തി. വയനാട്ടിലും രാഹുല്‍ മുന്നിലാണ്.

4:52 PM, 4 Jun 2024 (IST)

വാരണാസിയില്‍ മോദിയ്‌ക്ക് ജയം

വാരണാസി ലോക്‌സഭ മണ്ഡലത്തില്‍ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നരേന്ദ്ര മോദിക്ക് ജയം. കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയെ 152355 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മോദി പരാജയപ്പെടുത്തിയത്. അതേസമയം അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി പിന്നില്‍.

4:35 PM, 4 Jun 2024 (IST)

ആന്ധ്രയ്‌ക്ക് പ്രത്യേക പദവി; ചന്ദ്രബാബു നായിഡുവിനെ കൂടെക്കൂട്ടാന്‍ ഇന്ത്യാമുന്നണി

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ കോണ്‍ഗ്രസ്. ചന്ദ്രബാബു നായിഡുവിനെ കൂടെ നിര്‍ത്താന്‍ ഇന്ത്യന്‍ സഖ്യത്തിന്‍റെ നീക്കം.

4:03 PM, 4 Jun 2024 (IST)

ഖാദൂർ സാഹിബ് മണ്ഡലം: ഒന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് അമൃത്‌പാൽ സിങ് വിജയിച്ചു

ജയിലിൽ കഴിയുന്ന സിഖ് വിഘടനവാദി നേതാവും വാരിസ് പഞ്ചാബ് ഡി തലവനുമായ അമൃത്‌പാൽ സിങ് ഖാദൂർ സാഹിബ് ലോക്‌സഭ സീറ്റിൽ നിന്ന് 1.5 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 347667 വോട്ടുകൾ നേടിയ ഖദൂർ കോൺഗ്രസ് സ്ഥാനാർഥി കുൽബീർ സിങ് സിറയ്‌ക്കെതിരെ 159099 വോട്ടിന്‍റെ വൻ ലീഡാണ് അമൃത്‌പാൽ സിങ് നേടിയത്. സ്വതന്ത്ര സ്ഥാനാർഥിയായാണ് അമൃത്‌പാല്‍ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ദേശീയ സുരക്ഷ നിയമപ്രകാരം അസമിലെ ദിബ്രുഗഢ് ജയിലിലാണ് അമൃത്‌പാലിപ്പോള്‍.

3:48 PM, 4 Jun 2024 (IST)

മാണ്ഡി ലോക്‌സഭ മണ്ഡലത്തിൽ നടി കങ്കണ റണാവത്തിന് ജയം

മാണ്ഡി ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കങ്കണ റണാവത്ത് വിജയിച്ചു. 70,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കങ്കണ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി വിക്രമാദിത്യ സിങ്ങിനെയാണ് ബോളിവുഡ് ക്വീൻ പരാജയപ്പെടുത്തിയത്. 5,25,691 വോട്ടുകളാണ് കങ്കണ നേടിത്. സിംഗിനെതിരെ 72696 ലീഡാണ് കങ്കണയ്‌ക്ക്. മാണ്ഡി തന്‍റെ നാടാണെന്നും ജനങ്ങളെ സേവിച്ച് താന്‍ ഇവിടെ തന്നെ ഉണ്ടാകുമെന്നും കങ്കണ പ്രതികരിച്ചു.

3:30 PM, 4 Jun 2024 (IST)

ബിജെപിയ്‌ക്ക് ഘടക കക്ഷികളുടെ പിന്തുണ വേണം

രാജ്യത്ത് ഇന്ത്യ തരംഗം. 231 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപിയ്‌ക്ക് ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷമില്ല. ഘടക കക്ഷികളുടെ കനിവ് കാത്ത് ബിജെപി.

3:05 PM, 4 Jun 2024 (IST)

തിരുവനന്തപുരത്ത് വിജയം ഉറപ്പിച്ച് തരൂര്‍

തിരുവനന്തപുരം മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച് ശശി തരൂര്‍. 15700 വോട്ടുകള്‍ക്ക് തരൂര്‍ മുന്നിലാണ്. മധുരം വിതരണം ചെയ്‌ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എന്‍ഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖര്‍ തരൂരിന് കനത്ത വെല്ലുവിളി തന്നെ ഉയര്‍ത്തിയിരുന്നു.

2:53 PM, 4 Jun 2024 (IST)

എന്‍ഡിഎ ലീഡ് തുടരുന്നു

298 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് തുടരുന്നു. 227 മണ്ഡലങ്ങളില്‍ ഇന്ത്യാസഖ്യം മുന്നില്‍. 18 ഇടങ്ങളില്‍ മറ്റുള്ള കക്ഷികള്‍.

2:44 PM, 4 Jun 2024 (IST)

തിരുവനന്തപുരത്ത് തരൂര്‍ മുന്നില്‍

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ മുന്നില്‍. ലീഡ് പതിനയ്യായിരം കടന്നു.

2:26 PM, 4 Jun 2024 (IST)

ചന്ദ്രബാബു നായിഡുവിനെ കൂട്ടിപ്പിടിക്കാന്‍ ബിജെപി

ചന്ദ്രബാബു നായിഡു മറുകണ്ടം ചാടാതിരിക്കാന്‍ വലവിരിച്ച് ബിജെപി. നരേന്ദ്ര മോദിയും അമിത്‌ ഷായും നായിഡുവിനെ ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം നായിഡുവിന് നല്‍കുമെന്ന് സൂചന.

1:54 PM, 4 Jun 2024 (IST)

റായ്‌ബറേലിയിലും രാഹുല്‍ തരംഗം, 2 ലക്ഷം കടന്ന് ലീഡ്

റായ്‌ബറേലിയില്‍ രാഹുല്‍ ഗാന്ധി ബഹുദൂരം മുന്നില്‍. ലീഡ് രണ്ട് ലക്ഷം കടന്നു.

12:56 PM, 4 Jun 2024 (IST)

സ്‌മൃതി ഇറാനി ബഹുദൂരം പിന്നില്‍

അമേഠിയില്‍ സ്‌മൃതി ഇറാനി പിന്നില്‍. അരലക്ഷത്തോളം വോട്ടിനാണ് ബിജെപി നേതാവ് പിന്നിലുള്ളത്.

12:18 PM, 4 Jun 2024 (IST)

ഏറിയും കുറഞ്ഞും ലീഡ് നില, കടുത്ത മത്സരം

270 സീറ്റില്‍ ലീഡ് ചെയ്‌ത് എന്‍ഡിഎ സഖ്യം. 251 ഇടത്ത് ഇന്ത്യാസഖ്യത്തിന് മുന്നേറ്റം. 22 സീറ്റില്‍ മറ്റ് കക്ഷികള്‍. തെലങ്കാനയില്‍ ബിആര്‍എസ് തന്ത്രം ഫലിച്ചില്ല. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 32 സീറ്റില്‍ ലീഡ്.

12:10 PM, 4 Jun 2024 (IST)

വയനാട്ടില്‍ 'ആര്‍ജി തരംഗം', ലീഡ് 2 ലക്ഷത്തിലേക്ക്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് രണ്ട് ലക്ഷത്തിലേക്ക്.

11:50 AM, 4 Jun 2024 (IST)

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, ലീഡ് തുടര്‍ന്ന് എന്‍ഡിഎ

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 292 സീറ്റുകളില്‍ ലീഡ് ചെയ്‌ത് എന്‍ഡിഎ. ഇന്ത്യാസഖ്യം 228 സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു. 23 സീറ്റില്‍ മറ്റുള്ള കക്ഷികള്‍ മുന്നിട്ടുനില്‍ക്കുന്നു.

11:08 AM, 4 Jun 2024 (IST)

തമിഴ്‌നാട്ടില്‍ മുന്നില്‍ ഇന്ത്യാസഖ്യം, അണ്ണാമലൈയ്‌ക്ക് ഒരു ബൂത്തില്‍ നിന്ന് ഒരുവോട്ട്

തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ തരംഗം. തമിഴ്‌നാട്ടില്‍ 36 സീറ്റില്‍ ഇന്ത്യാസഖ്യം മുന്നില്‍. അണ്ണാമലൈയ്‌ക്ക് തരിച്ചടി. ഒരുബൂത്തില്‍ നിന്ന് ലഭിച്ചത് ഒരു വോട്ട് മാത്രം. കര്‍ണാടകയില്‍ എന്‍ഡിഎ മുന്നില്‍. 21 സീറ്റില്‍ ലീഡ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍. 31 സീറ്റില്‍ ലീഡ്. രാജസ്ഥാനില്‍ എന്‍ഡിഎ മുന്നില്‍. മാഹാരാഷ്‌ട്രയില്‍ എന്‍ഡിഎ കുതിക്കുന്നു. രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

10:50 AM, 4 Jun 2024 (IST)

ഹാസനില്‍ പ്രജ്വല്‍ രേവണ്ണ ലീഡ് ചെയ്യുന്നു

ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ ഹാസന്‍ സിറ്റിങ് എംപി പ്രജ്വല്‍ രേവണ്ണ ലീഡ് ചെയ്യുന്നു.

10:44 AM, 4 Jun 2024 (IST)

വയനാട്ടില്‍ ഒരുലക്ഷത്തിലേക്ക് അടുത്ത് രാഹുലിന്‍റെ ലീഡ്

വയനാട് ഉറപ്പിച്ച് രാഹുല്‍ ഗാന്ധി. 98628 വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫിന്‍റെ ആനി രാജ.

10:29 AM, 4 Jun 2024 (IST)

ലീഡ് വീണ്ടും 300 കടന്ന് എന്‍ഡിഎ സഖ്യം

310 സീറ്റില്‍ ലീഡ് ചെയ്‌ത് എന്‍ഡിഎ സഖ്യം. ഇന്ത്യാസഖ്യം 212 സീറ്റില്‍ ലീഡ് ചെയ്യുന്നു. അതേസമയം ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി. ഉറച്ച കോട്ടകളില്‍ പോലും പിന്നില്‍. എന്നാല്‍ ഗുജറാത്ത് ബിജെപിയുടെ ശക്തമായ കോട്ടയായി. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍. ഹരിയാനയില്‍ കോണ്‍ഗ്രസിന് ലീഡ്. ബിഹാറില്‍ രാഹുല്‍-തേജസ്വി കൂട്ടുകെട്ട് ഫലം കണ്ടില്ല. പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നില്‍.

10:18 AM, 4 Jun 2024 (IST)

വയനാട്ടില്‍ ജയം ഉറപ്പിച്ച് രാഹുല്‍ ഗാന്ധി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച ലീഡ്. അറുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

10:04 AM, 4 Jun 2024 (IST)

ലീഡ് ഉയര്‍ത്തി എന്‍ഡിഎ

മുഴുവന്‍ മണ്ഡലങ്ങളിലെയും ആദ്യഘട്ട പോളിങ് വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ 301 സീറ്റില്‍ ലീഡ് ചെയ്‌ത് എന്‍ഡിഎ. 221 സീറ്റില്‍ ഇന്ത്യാസഖ്യം മുന്നിട്ട് നില്‍ക്കുന്നു. 21 സീറ്റില്‍ മറ്റ് കക്ഷികള്‍ ലീഡ് ചെയ്യുന്നു.

9:58 AM, 4 Jun 2024 (IST)

റായ്‌ബറേലിയിലും രാഹുല്‍ തരംഗം

റായ്‌ബറേലിയിലും ലീഡ് ഉയര്‍ത്തി രാഹുല്‍ ഗാന്ധി. രാഹുലിന്‍റെ ലീഡ് പതിനായിരം കടന്നു. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയം ഏറെക്കുറെ ഉറപ്പിച്ചു.

9:50 AM, 4 Jun 2024 (IST)

വീണ്ടും ഒപ്പത്തിനൊപ്പം

വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎ, ഇന്ത്യാസഖ്യം വീണ്ടും ഒപ്പത്തിനൊപ്പം. 260 സീറ്റുകളില്‍ ഇരു സഖ്യങ്ങളും ലീഡ് ചെയ്യുന്നു.

9:47 AM, 4 Jun 2024 (IST)

ലീഡ് ഉയര്‍ത്തി രാഹുല്‍ ഗാന്ധി

വയനാട്ടില്‍ ലീഡ് ഉയര്‍ത്തി രാഹുല്‍ ഗാന്ധി. 45151 വോട്ടുകള്‍ക്ക് രാഹുല്‍ ലീഡ് ചെയ്യുകയാണ്.

9:40 AM, 4 Jun 2024 (IST)

വാരണാസിയില്‍ മോദി പിന്നില്‍, അജയ്‌ റായ്‌ ലീഡ് ചെയ്യുന്നു

വാരണാസിയില്‍ അയ്യായിരത്തോളം വോട്ടിന് നരേന്ദ്ര മോദി പിന്നില്‍. കോണ്‍ഗ്രസിന്‍റെ അജയ്‌ റായ് 4998 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. തുടര്‍ച്ചയായ മൂന്നാംതവണയാണ് അജയ്‌ റായ് മോദിയ്‌ക്കെതിരെ മത്സരിക്കുന്നത്.

9:36 AM, 4 Jun 2024 (IST)

കേരളത്തില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു

കേരളത്തില്‍ യുഡിഎഫിന് ലീഡ്. 17 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. രണ്ട് സീറ്റില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നു.

9:31 AM, 4 Jun 2024 (IST)

വയനാട്ടില്‍ രാഹുല്‍ ബഹുദൂരം മുന്നില്‍

വയനാട് മണ്ഡലത്തില്‍ ലീഡ് ഉയര്‍ത്തി രാഹുല്‍ ഗാന്ധി. 21836 വോട്ടുകളുടെ ലീഡ് ആണ് രാഹുല്‍ ഗാന്ധിക്ക്.

9:22 AM, 4 Jun 2024 (IST)

ഇഞ്ചോടിഞ്ച് പോരാട്ടം

500 മണ്ഡലത്തില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ സഖ്യവും ഇന്ത്യാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇരു സഖ്യവും 244 മണ്ഡലങ്ങളില്‍ ലീഡ് തുടരുന്നു.

9:19 AM, 4 Jun 2024 (IST)

നരേന്ദ്ര മോദി പിന്നില്‍

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നില്‍. പകുതിയിലധികം വോട്ടുകള്‍ക്കാണ് മോദി പിന്നില്‍.

9:16 AM, 4 Jun 2024 (IST)

ഇന്ത്യാസഖ്യത്തിന്‍റെ ലീഡ് ഉയരുന്നു

ലീഡ് ഉയര്‍ത്തി ഇന്ത്യാസഖ്യം. 232 സീറ്റിലാണ് ഇന്ത്യാസഖ്യം നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്. നേരത്തെ 350ലധികം സീറ്റില്‍ മുന്നിട്ട് നിന്നിരുന്ന എന്‍ഡിഎ സഖ്യം 252ലേക്ക് ചുരുങ്ങി.

9:13 AM, 4 Jun 2024 (IST)

എന്‍ഡിഎയുടെ ലീഡ് കുറയുന്നു

290ലേക്ക് ചുരുങ്ങി എന്‍ഡിഎ സഖ്യത്തിന്‍റെ ലീഡ്. 196 സീറ്റില്‍ ഇന്ത്യാസഖ്യം ലീഡ് ചെയ്യുന്നു. മറ്റ് കക്ഷികള്‍ 22 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു.

9:05 AM, 4 Jun 2024 (IST)

തിരുവനന്തപുരത്ത് തരൂരിന് ലീഡ്

തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നില്‍. 1003 വോട്ടുകള്‍ക്കാണ് തരൂര്‍ ലീഡ് ചെയ്യുന്നത്.

9:03 AM, 4 Jun 2024 (IST)

ആലപ്പുഴയില്‍ കെസി വേണുഗോപാലിന് ലീഡ്

ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മുന്നില്‍. 1392 വോട്ടുകളുടെ ലീഡ്.

8:58 AM, 4 Jun 2024 (IST)

ദക്ഷിണേന്ത്യയിലും എന്‍ഡിഎ കുതിപ്പ്

കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ എന്‍ഡിഎയ്‌ക്ക് ലീഡ്.

8:55 AM, 4 Jun 2024 (IST)

ബംഗാളില്‍ എന്‍ഡിഎ മുന്നില്‍

പശ്ചിമ ബംഗാളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പിന്നില്‍

8:52 AM, 4 Jun 2024 (IST)

രാജീവ് ചന്ദ്രശേഖര്‍ ലീഡ് ചെയ്യുന്നു

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നില്‍. 132 വോട്ടുകള്‍ക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്.

8:49 AM, 4 Jun 2024 (IST)

300ലധികം സീറ്റില്‍ എന്‍ഡിഎ ലീഡ്

491 മണ്ഡലങ്ങളില്‍ നിന്നുള്ള വിവരം പുറത്തുവരുമ്പോള്‍ 302 സീറ്റില്‍ എന്‍ഡിഎ മുന്നേറുന്നു. 170 സീറ്റിലാണ് ഇന്ത്യാസഖ്യം ലീഡ് ചെയ്യുന്നത്. മറ്റുള്ള കക്ഷികള്‍ 19 സീറ്റില്‍ മുന്നില്‍.

8:37 AM, 4 Jun 2024 (IST)

ദേശീയ തലത്തില്‍ എന്‍ഡിഎ തരംഗം, 250ലധികം സീറ്റില്‍ ലീഡ്

405 മണ്ഡലങ്ങളില്‍ നിന്നുള്ള വിവരം പുറത്തുവരുമ്പോള്‍ 254 സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. 135 സീറ്റിലാണ് ഇന്ത്യാസഖ്യം മുന്നിലുള്ളത്. മറ്റുള്ള കക്ഷികള്‍ 16 സീറ്റുകളില്‍.

8:30 AM, 4 Jun 2024 (IST)

200 സീറ്റ് കടന്ന് എന്‍ഡിഎ ലീഡ്

345 മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടിങ് വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ 221 ഇടത്ത് എന്‍ഡിഎ, 120 സീറ്റില്‍ ഇന്ത്യാസഖ്യം, 14 സീറ്റില്‍ മറ്റ് കക്ഷികള്‍ ലീഡ് ചെയ്യുന്നു.

8:24 AM, 4 Jun 2024 (IST)

തമിഴ്‌നാട്ടില്‍ ഇന്ത്യാസഖ്യം മുന്നില്‍

തമിഴ്‌നാട്ടില്‍ ഇന്ത്യാസഖ്യം മുന്നില്‍. പഞ്ചാബില്‍ ആദ്യ ലീഡ് കോണ്‍ഗ്രസിന്. മഹാരാഷ്‌ട്രയില്‍ ഇന്ത്യാസഖ്യം ലീഡ് ചെയ്യുന്നു. തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

8:21 AM, 4 Jun 2024 (IST)

136 സീറ്റില്‍ കുതിപ്പ് തുടര്‍ന്ന് എന്‍ഡിഎ

216 മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടെണ്ണല്‍ വിവരം പുറത്തുവരുമ്പോള്‍ 136 സീറ്റില്‍ എന്‍ഡിഎ മുന്നില്‍. 70 സീറ്റില്‍ ഇന്ത്യാസഖ്യം. ഡല്‍ഹിയില്‍ ഏഴ് സീറ്റില്‍ ബിജെപി കുതിപ്പ്.

8:16 AM, 4 Jun 2024 (IST)

മൂന്നക്കം കടന്ന് എന്‍ഡിഎ ലീഡ്

തപാല്‍ ബാലറ്റുകളുടെ എണ്ണല്‍ പുരോഗമിക്കവെ എന്‍ഡിഎ 123 സീറ്റില്‍ ലീഡ് ചെയ്യുന്നു. 45 സീറ്റില്‍ ഇന്ത്യാസഖ്യം മുന്നില്‍. 10 സീറ്റില്‍ മറ്റ് കക്ഷികള്‍.

8:13 AM, 4 Jun 2024 (IST)

രാഹുല്‍ ഗാന്ധി മുന്നില്‍

റായ്‌ബറേലിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി മുന്നില്‍. വയനാട്ടില്‍ 324 വോട്ടിനാണ് രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നത്.

8:10 AM, 4 Jun 2024 (IST)

70 സീറ്റില്‍ എന്‍ഡിഎയ്‌ക്ക് ലീഡ്, ഇന്ത്യാസഖ്യം 15 സീറ്റില്‍ മുന്നില്‍

എന്‍ഡിഎ 70 സീറ്റില്‍ ലീഡ് ചെയ്യുന്നു. 20 സീറ്റുകളില്‍ ഇന്ത്യാസഖ്യം മുന്നില്‍. മറ്റുള്ളവ 5 സീറ്റില്‍. ബിഹാറിലും യുപിയിലും എന്‍ഡിഎ കുതിക്കുന്നു.

8:06 AM, 4 Jun 2024 (IST)

ആദ്യ സൂചനകളില്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നു

ആദ്യ സൂചനകള്‍ എന്‍ഡിഎ സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നു. കര്‍ണാടകയില്‍ നിന്നാണ് ആദ്യ ട്രെന്‍ഡ് പുറത്തുവരുന്നത്. എന്‍ഡിഎ 7 സീറ്റ്, ഇന്ത്യാസഖ്യം 3 സീറ്റ് എന്നാണ് തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ വരുന്ന വിവരം.

8:01 AM, 4 Jun 2024 (IST)

വോട്ടെണ്ണല്‍ തുടങ്ങി

രാജ്യത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണുന്നു. ശേഷമാകും മെഷീന്‍ വോട്ടുകള്‍ എണ്ണുക. വിജയാഘോഷത്തിന് തയ്യാറെടുത്ത് വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍. മധുര പലഹാരങ്ങളും പടക്കങ്ങളും ഒരുക്കിയാണ് പ്രവര്‍ത്തകര്‍ സജ്ജമായിരിക്കുന്നത്.

7:11 AM, 4 Jun 2024 (IST)

സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നു, ഫല സൂചന 10 മണിയോടെ

സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നു. തപാല്‍ വോട്ടുകള്‍ എണ്ണുന്നതിന് പ്രത്യേക മേശ. 8.30ഓടെ മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 10 മണിയോടെ ഫല സൂചനകള്‍ പുറത്തുവരും. പത്തരലക്ഷം കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ശക്തമായ സിസിടിവി നിരീക്ഷണത്തിലാണ്.

6:57 AM, 4 Jun 2024 (IST)

തപാല്‍ വോട്ടില്‍ തുടങ്ങും, 15 മിനിട്ടില്‍ ആദ്യ ലീഡ് സൂചന

ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ച് 8.15 ആകുമ്പോഴേക്ക് ആദ്യ ലീഡ് സൂചനകള്‍ പുറത്തുവരും.

Last Updated : Jun 4, 2024, 5:20 PM IST

ABOUT THE AUTHOR

...view details