ചെന്നൈ: ഒരാഴ്‌ചയിലേറെ നീണ്ട മലക്കംമറിച്ചിലുകൾക്കൊടുവിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി പിഎംകെ (പട്ടാളി മക്കള്‍ കച്ചി). പാർട്ടി സ്ഥാപകൻ എസ്. രാമദോസിന്‍റെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിലാണ് അണ്ണാ ഡിഎംകെയെ തള്ളി ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം സീറ്റ് പങ്കിടാനും തീരുമാനമായി (BJP & PMK's Anbumani Ramadoss sign seat sharing agreement for Lok Sabha election).
തമിഴ്‌നാട് ബിജെപി പ്രസിഡന്‍റ് കെ. അണ്ണാമലൈയും, പിഎംകെ പ്രസിഡന്‍റ് അന്‍പുമണി രാമദോസും ചേര്‍ന്നാണ് സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കിയത്. 'കഴിഞ്ഞ 60 വര്‍ഷമായി തമിഴ്‌നാട് ഭരിച്ച പാര്‍ട്ടികളോട് വെറുപ്പാണ്. സംസ്ഥാനത്തിന്‍റെ മാറ്റത്തിനായി ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജനങ്ങളുടെ ആ ആഗ്രഹം നിറവേറ്റാന്‍ വേണ്ടിയാണ് എന്‍ഡിഎ സഖ്യത്തില്‍ ചേരാന്‍ തീരുമാനിച്ചത്'. അന്‍പുമണി രാമദോസ് പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലങ്ങളും, പിഎംകെ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ബുധനാഴ്‌ച (20-03-2024) പ്രഖ്യാപിക്കുമെന്ന് പിഎംകെ ജനറല്‍ സെക്രട്ടറി വടിവേല്‍ രാവണന്‍ പറഞ്ഞു. ഇന്ന് (19-03-2024) സേലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രചാരണ പരിപാടിയിൽ അൻപുമണി രാമദോസ് പങ്കെടുക്കും.
ഞായാറാഴ്‌ച വൈകിട്ട് എടപ്പാടി പളനിസ്വാമിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ ഏകദേശം ധാരണയായിരുന്നു. എന്നാൽ, പാർട്ടി പ്രസിഡന്‍റ് അൻപുമണി രാമദാസിന്‍റെ എതിർപ്പാണ് തീരുമാനം മാറ്റാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്‌ചയിലേറെയായി അണ്ണാ ഡിഎംകെയുമായും, ബിജെപിയുമായും മാറിമാറി ചർച്ച നടത്തിയതിന് ശേഷമാണ് ഇപ്പോൾ ബിജെപി സഖ്യത്തില്‍ ചേരാന്‍ പിഎംകെ തീരുമാനമെടുത്തത് (Lok Sabha election 2024).
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയും ബിജെപിയും ഉൾപ്പെടുന്ന എൻഡിഎ സഖ്യത്തിലായിരുന്നു പിഎംകെ. 2014-ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഴവിൽ സഖ്യത്തിലും പിഎംകെയുണ്ടായിരുന്നു. ധർമപുരിയിൽ മത്സരിച്ച അൻപുമണി രാമദാസ് വിജയിച്ചിരുന്നു. അൻപുമണിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കാതെ വന്നതോടെ അധികം വൈകാതെ പിഎംകെ സഖ്യം വിട്ടു.
പിന്നീട് അണ്ണാ ഡിഎംകെയുടെ ക്ഷണത്തെത്തുടർന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിൽ വീണ്ടുമെത്തിയത് (BJP & PMK's Anbumani Ramadoss sign seat sharing agreement for Lok Sabha election). പട്ടാളി മക്കള്‍ കച്ചി സ്ഥാപിച്ച എസ്. രാമദോസിന്‍റെ മകന്‍ അൻപുമണി രാമദോസാണ് ഇപ്പോള്‍ പട്ടാളി മക്കള്‍ കച്ചിയെ നയിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഭരിച്ചിരുന്നപ്പോള്‍ മന്‍മോഹന്‍സിങ്ങ് സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു രാമദോസ്. തമിഴ്‌നാട്ടില്‍ പിന്നാക്കക്കാരായ വണ്ണിയാര്‍ സമുദത്തിനുള്ളില്‍ നല്ല വേരോട്ടമുള്ള പാര്‍ട്ടിയാണ് പിഎംകെ.
തമിഴ്‌നാട്ടിൽ ബിജെപിക്ക് ഒരു പ്രധാന സഖ്യകക്ഷിയില്ല എന്നത് ശ്രദ്ധേയമാണ്. തമിഴ്‌നാട്ടില്‍ പിഎംകെയ്‌ക്ക് ഏകദേശം 6 ശതമാനം വോട്ട് ബാങ്കുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം അഞ്ച് തവണ തമിഴ്‌നാട്ടിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ബിജെപി മുന്നണിയില്‍ പിഎംകെയ്ക്ക് പത്ത് സീറ്റുകള്‍ കിട്ടുമെന്നാണ് സൂചന. തമിഴ്‌നാട്ടിലെ 39 ലോക്‌സഭ സീറ്റുകളിലേക്കും ഏപ്രില്‍ 19-ന് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.