ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 543 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഓരോ മണ്ഡലങ്ങളിലെയും വിധിയെ കാതോര്‍ത്തിരിക്കുകയാണ് ജനങ്ങള്‍. എന്നാല്‍ ഇന്ത്യ മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും രാജ്യത്തുണ്ട്. വാരണാസി, റായ്‌ബറേലി, അമേഠി, ബെഹ്‌റാംപൂര്‍, ന്യൂഡൽഹി, രാജ്‌നന്ദ്ഗാവ്, ചുരു, ചിന്ദ്വാര, ഷിമോഗ തുടങ്ങിയവ അവയില്‍ ചിലതാണ്.
കൂടാതെ കേരളത്തിലെ തിരുവനന്തപുരം, വയനാട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളും ശ്രദ്ധാകേന്ദ്രങ്ങളാണ്. മത്സരത്തിനിറങ്ങിയ സ്ഥാനാര്‍ഥികളാണ് മറ്റ് മണ്ഡലങ്ങളില്‍ നിന്നും ഇവയെ വ്യത്യസ്‌തമാക്കുന്നത്.
നരേന്ദ്ര മോദി വാരണാസിയിൽ:രാജ്യത്തെ പ്രധാന മണ്ഡലങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശിലെ വാരണാസി. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും മത്സരത്തിനിറങ്ങിയത് കൊണ്ട് തന്നെയാണ് വാരണാസി ശ്രദ്ധാകേന്ദ്രമാകുന്നത്. 2014ൽ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ അദ്ദേഹം 2019ൽ സമാജ്‌വാദി പാർട്ടിയുടെ ശാലിനി യാദവിനെതിരെയും മത്സരിച്ച് വിജയിച്ചു.
2014ലും 2019ലും മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി കൂടിയായ അജയ് റായ്‌യെയാണ് മോദിക്കെതിരെ കോൺഗ്രസ് മത്സരിപ്പിച്ചത്. മോദിക്ക് മുമ്പ് വാരണാസി മണ്ഡലം ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയുടെ കൈവശമായിരുന്നു. നേരത്തെ രണ്ട് തവണയും പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇത്തവണയും അജയ് റായ്‌യെ തന്നെ ഗോദയിലിറക്കിയാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടം.
വാരണാസിയില്‍ ബിജെപി വിജയം ഉറപ്പിക്കുമ്പോഴും മോദി ഇത്തവണ മത്സരിക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രണ്ട് പാര്‍ട്ടികളും വിജയ പ്രതീക്ഷയില്‍ നീങ്ങുമ്പോഴും ജനങ്ങള്‍ ആര്‍ക്കൊപ്പമെന്നത് നാളെ അറിയാം. വാരണാസിയിലെ ഇത്തവണത്തെ വിധി ഏറെ നിര്‍ണായകമായിരിക്കും.
അമ്മയുടെ കൈപിടിച്ച് റായ്‌ബറേലിയിലും: സോണിയ ഗാന്ധി കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തുസൂക്ഷിച്ച റായ്‌ബറേലിയില്‍ ഇത്തവണ മത്സരത്തിനിറങ്ങിയത് മകന്‍ രാഹുല്‍ ഗാന്ധി. അങ്കം കുറിക്കാന്‍ റായ്‌ബറേലിയില്‍ രാഹുല്‍ എത്തുന്നത് ഹിന്ദി ഹൃദയ ഭൂമിയില്‍ ചലനമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇവിടുത്തെ രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് ഏറെ ശക്തി പകരുമെന്നാണ് നേതാക്കളുടെ വിശ്വാസം.
റായ്‌ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയത്തിലേറിയാല്‍ അതിലൂടെ ഉത്തര്‍പ്രദേശിലെ മറ്റിടങ്ങളിലേക്ക് വരും കാലത്ത് കോണ്‍ഗ്രസിന്‍റെ വേരുറപ്പിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുക്കൂട്ടല്‍. കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെ ജനങ്ങളുമായി ഇടപഴകിയുള്ള ജോഡോ യാത്ര നല്‍കിയ കരുത്തിലാണ് രാഹുല്‍ ഗാന്ധിയുടെ റായ്‌ബറേലിയിലേക്കുള്ള വരവ്.
ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ ഏറ്റുമുട്ടല്‍. അമേഠിയിൽ നിന്ന് മൂന്ന് തവണ എംപിയായ അദ്ദേഹം 2019ൽ സിറ്റിങ് എംപിയായ സ്‌മൃതി ഇറാനിയോട് പരാജയപ്പെട്ടു. ഫെബ്രുവരി വരെ അമ്മ സോണിയ ഗാന്ധി കൈവശം വച്ചിരുന്ന സീറ്റ്, 1977, (ജനതാ പാർട്ടി), 1996, 1999 (ബിജെപി) എന്നീ മൂന്ന് തെരഞ്ഞെടുപ്പുകൾ ഒഴികെ 1952 മുതൽ കോൺഗ്രസിൽ തുടർന്നു.
രാഹുല്‍ ഗാന്ധിയുടെ മത്സരത്തിലൂടെ റായ്‌ബറേലിയില്‍ വീണ്ടും കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. അമേഠിയയ്‌ക്ക് പകരം രാഹുല്‍ റായ്‌ബറേലിയയില്‍ മത്സരിച്ചത് സ്‌മൃതി ഇറാനിക്കെതിരെയുള്ള മത്സരം ഭയന്നാണെന്നാണ് ബിജെപി വാദം. എന്നാല്‍ ജോഡോ യാത്രയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസമുള്ള രാഹുലിന്‍റെ റായ്‌ബറേലിയിലേക്കുള്ള സര്‍പ്രൈസ് എന്‍ട്രിയും ഉത്തരേന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇരുപാര്‍ട്ടികളും വിജയം പ്രതീക്ഷ മണ്ഡലം ആര്‍ക്കൊപ്പമാകുമെന്ന് നാളെ അറിയാം.
വയനാട്ടിൽ രാഹുൽ ഗാന്ധി, ആനി രാജ പോരാട്ടം: കേരളത്തിലെ വയനാട്ടിൽ നിന്ന് രണ്ടാം തവണയും ജനവിധി തേടുമ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എതിരിടുന്നത് സിപിഐ നേതാവും വനിത അവകാശ പ്രവർത്തകയുമായ ആനി രാജയെയാണ്. കോൺഗ്രസും സിപിഐയും ഇന്ത്യൻ സഖ്യത്തിൽ അംഗങ്ങളായതിനാൽ മത്സരം പൊതു താത്‌പര്യം ഉണർത്തിയിട്ടുണ്ട്.
2019ൽ വയനാട് മണ്ഡലത്തിൽ നിന്ന് സിപിഐയിലെ പിപി സുനീറിനെ 4.31 ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെ നേതാക്കള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആര് ഭരണത്തിലേറുമെന്ന ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ജനങ്ങളും.
അമേഠിയിൽ സ്‌മൃതി ഇറാനി: ഒരു കാലത്ത് ഗാന്ധി കുടുംബത്തിന്‍റെ കുത്തകയായിരുന്നു അമേഠി. കഴിഞ്ഞ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും കടുത്ത പോരാട്ടമാണ് മണ്ഡലത്തിലുണ്ടായത്. 2014ൽ ലോക്‌സഭ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് അരങ്ങേറ്റം കുറിച്ച ബിജെപിയുടെ സ്‌മൃതി ഇറാനി രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ടു. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ചരിത്രം മാറ്റി കുറിക്കപ്പെട്ടു.
രാഹുൽ ഗാന്ധിയിൽ നിന്ന് സീറ്റ് സ്‌മൃതി ഇറാനിയിലെത്തി. ബിജെപിയും കോണ്‍ഗ്രസും എക്കാലവും കനത്ത പോരാട്ടം നടത്തുന്ന മണ്ഡലത്തില്‍ ഇത്തവണ സ്‌മൃതി ഇറാനിക്കെതിരായി കിഷോരി ലാൽ ശർമ്മയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. 25 വർഷത്തിന് ശേഷം ആദ്യമായാണ് അമേഠി ലോക്‌സഭ മണ്ഡലത്തിൽ ഗാന്ധി കുടുംബാംഗം മത്സരിക്കാതിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ അമേഠിയില്‍ ആരാകും വിജയിയെന്നത് ഏറെ ആവേശകരമാണ്. അമേഠിയയുടെ മണ്ണില്‍ വീണ്ടും താമര വിരിയുമോ അതോ അമേഠിക്കാര്‍ കോണ്‍ഗ്രസിന്‍റെ കൈ പിടിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
അനന്തപുരിയില്‍ ശശി തരൂരും രാജീവ് ചന്ദ്രശേഖറും: സിറ്റിങ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ തിരുവനന്തപുരത്ത് നിന്ന് തുടർച്ചയായി നാലാം തവണയും ജനവിധി തേടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ചുവടുവച്ച ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെയാണ് അദ്ദേഹം നേരിടുന്നത്.
കേരളത്തിൽ ബിജെപി കാവി പാർട്ടിയുടെ അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്നയിടങ്ങളിലൊന്നാണ് അനന്തപുരി. എംപിയും കേന്ദ്രമന്ത്രിയും തമ്മില്‍ നടക്കുന്ന പോരാട്ടമാണ് ഇവിടുത്തേത്. 2005ൽ മണ്ഡലത്തിൽ നിന്ന് വിജയിച്ച സിപിഐയിലെ പന്ന്യൻ രവീന്ദ്രനാണ് മത്സരരംഗത്തുള്ള മറ്റൊരു പ്രമുഖൻ.
തൃശൂരിനെ ആരെടുക്കും: കേരളത്തിലെ വടകരയിൽ നിന്നുള്ള കോൺഗ്രസ് എംപിയും മുൻ മുഖ്യമന്ത്രി കരുണാകരന്‍റെ മകനുമായ കെ മുരളീധരനാണ് ഇത്തവണ തൃശൂരിൽ മത്സരത്തിനിറങ്ങിയത്. ബിജെപിയാകട്ടെ നടനും രാഷ്‌ട്രീയക്കാരനുമായ സുരേഷ് ഗോപിയെ തന്നെയാണ് രണ്ടാം തവണയും ഇവിടെ മത്സരിപ്പിക്കുന്നത്.
ബിജെപി അക്കൗണ്ട് തുറക്കാനിടയുള്ള തൃശൂരില്‍ ശക്തനായ എതിരാളി വേണമെന്നതും കൊണ്ട് കരുണാകരന്‍റെ മകള്‍ പത്മജയുടെ ബിജെപിയിലേക്കുള്ള ചുവടുമാറ്റവുമാണ് കെ.മുരളീധരനെ തൃശൂരില്‍ മത്സരിക്കാന്‍ കാരണം. മുരളീധരന്‍ തൃശൂരില്‍ മത്സരത്തിറങ്ങിയതോടെ ബിജെപിയുടെ സുരേഷ് ഗോപിക്ക് രണ്ട് ശക്തരായ എതിരാളികളെ നേരിടേണ്ടിവന്നു.
അതിലൊരാള്‍ സിപിഐയുടെ വിഎസ് സുനില്‍ കുമാറാണ്. മുൻ കൃഷി മന്ത്രി കൂടിയായ വിഎസ് സുനിൽ കുമാറിനും ഏറെ പിന്തുണയുള്ള മണ്ഡലമാണ് തൃശൂര്‍. മൂന്ന് കരുത്തുറ്റ നേതാക്കളുടെ ഏറ്റുമുട്ടലില്‍ ആര് വിജയ കീരിടം ചൂടുമെന്ന് നാളെ അറിയാം.