കേരളം

kerala

ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 : ഛത്തീസ്‌ഡില്‍ സിആര്‍പിഎഫ്‌ ജവാന്‍ കൊല്ലപ്പെട്ടു, ബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം - Lok Sabha election 2024 first phase - LOK SABHA ELECTION 2024 FIRST PHASE

LOK SABHA ELECTION 2024  LOK SABHA ELECTION 2024 FIRST PHASE  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ടം
Lok Sabha election 2024 first phase

By ETV Bharat Kerala Team

Published : Apr 19, 2024, 6:45 AM IST

Updated : Apr 19, 2024, 5:12 PM IST

16:35 April 19

സ്‌ഫോടനത്തില്‍ പരിക്കേറ്റ സിആര്‍പിഎഫ്‌ ജവാന്‍ മരിച്ചു

ഛത്തീസ്‌ഗഡിലെ ബസ്‌തർ ലോക്‌സഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കിടെ യുബിജിഎൽ സ്‌ഫോടനത്തില്‍ പരിക്കേറ്റ സിആര്‍പിഎഫ്‌ ജവാന്‍ മരിച്ചു. സിആർപിഎഫിന്‍റെ 196-ാം ബറ്റാലിയനിലെ ജവാനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മാവോയിസ്റ്റ് സ്വാധീനമുള്ള മണ്ഡലമാണ് ബീജാപൂർ ജില്ലയില്‍ ഉള്‍പ്പെടുന്ന ബസ്‌തർ. ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഗൽഗാം ഗ്രാമത്തിന് സമീപത്താണ് സ്‌ഫോടനമുണ്ടായ പോളിങ്‌ ബൂത്ത്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വച്ചാണ് ജവാന്‍ മരണത്തിന് കീഴടങ്ങിയത്.

16:12 April 19

മണിപ്പൂരിലും സംഘർഷം

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് പുരോഗമിക്കുന്നു. ബംഗാളിന് പുറമെ മണിപ്പൂരിലും സംഘർഷം. ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ സംഘർഷമുണ്ടായതായാണ് റിപ്പോര്‍ട്ട്. തംനാപോക്‌പിയിലെ ഒരു പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവരെ ഭയപ്പെടുത്തി ഓടിപ്പിക്കുന്നതിനായി ആയുധധാരികൾ വെടിയുതിർത്തു.

14:17 April 19

തമിഴ്‌നാട്ടില്‍ 39.57 ശതമാനം, പോളിങ് കൂടുതല്‍ ത്രിപുരയില്‍

ഉച്ചയ്ക്ക് 1 മണിവരെയുള്ള വോട്ടിങ് ശതമാനം : ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (35.70%), അരുണാചൽ പ്രദേശ് (37.39%), അസം (45.12%), ബിഹാർ (32.41%), ഛത്തീസ്‌ഗഡ് (42.57%), ജമ്മു കശ്‌മീർ (43.11%), ലക്ഷദ്വീപ് (29.91%), മധ്യപ്രദേശ് (44.43%), മഹാരാഷ്ട്ര (32.36%), മണിപ്പൂർ (46.92%), മേഘാലയ (48.91%), മിസോറാം (39.39%), നാഗാലാൻഡ് (43.62%) %), പുതുച്ചേരി (44.95%), രാജസ്ഥാൻ (33.75%), സിക്കിം (36.82%), തമിഴ്‌നാട് (39.57%), ത്രിപുര (53.04%), ഉത്തർപ്രദേശ് (36.96%), ഉത്തരാഖണ്ഡ് (37.33%), പശ്ചിമ ബംഗാൾ (50.96%).

12:08 April 19

ചൂണ്ടുവിരലിലെ അടയാളം പൗരന്‍റെ അധികാര മുദ്ര: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി

'ഇത് ജനാധിപത്യത്തിന്‍റെ ഉത്സവം. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായതില്‍ അതിയായ സന്തോഷവും അഭിമാനവും. ചൂണ്ടുവിരലിലെ ഈ അടയാളം പൗരന്‍റെ അധികാര മുദ്രയാണ്. എല്ലാ പൗരന്മാരോടും, പ്രത്യേകിച്ച് കന്നിവോട്ടര്‍മാരോട്, ആവേശത്തോടെ ഈ ഉത്സവത്തിന്‍റെ ഭാഗമാകണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്' -തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

11:56 April 19

ഉത്തര്‍പ്രദേശില്‍ 25.20 ശതമാനം പോളിങ്

ഉത്തര്‍പ്രദേശിലെ 8 ലോക്‌സഭ മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 11 മണി വരെ രേഖപ്പെടുത്തിയത് 25.20 ശതമാനം പോളിങ്. മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടിങ് ശതമാനം: ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (21.82%), അരുണാചൽ പ്രദേശ് (22.54%), അസം (27.22%), ബിഹാർ (20.42%), ഛത്തീസ്‌ഗഡ് (28.12%), ജമ്മു കശ്‌മീർ (22.60%), ലക്ഷദ്വീപ് (16.33%), മധ്യപ്രദേശ് (30.46%), മഹാരാഷ്ട്ര (19.17%), മണിപ്പൂർ (29.61%), മേഘാലയ (33.12%), മിസോറാം (29.53%), നാഗാലാൻഡ് (27.69%), പുതുച്ചേരി (28.10%), രാജസ്ഥാൻ (22.59%), സിക്കിം (21.20%), തമിഴ്‌നാട് (23.92%), ത്രിപുര (34.54%), ഉത്തരാഖണ്ഡ് (24.83%), പശ്ചിമ ബംഗാൾ (33.56%).

11:30 April 19

വോട്ടെടുപ്പിനിടെ മണിപ്പൂരില്‍ സംഘര്‍ഷം

വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ മണിപ്പൂര്‍ ബിഷ്‌ണുപൂരില്‍ സംഘര്‍ഷം. ബൂത്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ഇംഫാല്‍ ഈസ്റ്റില്‍ വോട്ടിങ് യന്ത്രം അടിച്ച് തകര്‍ത്തതായും റിപ്പോര്‍ട്ട്.

11:13 April 19

തമിഴ്‌നാട്ടില്‍ ഡിഎംകെ-ഇന്ത്യ മുന്നണി: വിജയ പ്രതീക്ഷ പങ്കുവച്ച് ഉദയനിധി സ്റ്റാലിന്‍

ഉദയനിധി സ്റ്റാലിന്‍

ഡിഎംകെയും ഇന്ത്യ സഖ്യവും തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ചെന്നൈയിലെ പോളിങ് സ്റ്റേഷനില്‍ ഭാര്യയ്‌ക്കൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

11:07 April 19

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കിടെ യുബിജിഎൽ ഷെൽ പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്ക്

ഛത്തീസ്‌ഗഡിലെ ബീജാപൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കിടെ അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറിന്‍റെ (യുബിജിഎല്‍) ഷെല്‍ പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന് പരിക്ക്. ഷെല്‍ അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബീജാപൂര്‍ നക്‌സല്‍ ബാധിത മേഖലയായതിനാല്‍ ഗല്‍ഗാം ഗ്രാമത്തിന് സമീപമുള്ള പോളിങ് സ്റ്റേഷന് 500 മീറ്റര്‍ ചുറ്റളവില്‍ കനത്ത സുരക്ഷ സജ്ജീകരിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ജോലിയില്‍ ഉണ്ടായിരുന്ന ജവാനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വിശ്രമത്തിനയച്ചു.

10:37 April 19

വോട്ട് രേഖപ്പെടുത്തി കമല്‍ ഹാസനും വിജയ് സേതുപതിയും

വോട്ട് രേഖപ്പെടുത്തി കമല്‍ ഹാസനും വിജയ് സേതുപതിയും

ചെന്നൈയിലെ കോയമ്പേട്ട് പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി സിനിമ താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. മക്കള്‍ നീതി മയ്യം ഇത്തവണ മത്സര രംഗത്തില്ല. ഡിഎംകെയ്‌ക്കാണ് കമല്‍ ഹാസന്‍റെയും പാര്‍ട്ടിയുടെയും പിന്തുണ. അതേസമയം ചെന്നൈയില്‍ തമിഴ്‌ സിനിമ താരം വിജയ് സേതുപതിയും വോട്ട് രേഖപ്പെടുത്തി.

10:33 April 19

വോട്ടെടുപ്പിനിടെ കല്ലേറ്, പിന്നില്‍ ടിഎംസി എന്ന് ബിജെപി

ചശ്ചിമ ബംഗാളിലെ കൂച്ച്‌ബെഹാര്‍ ചന്ദ്‌മാരി ഗ്രാമത്തില്‍ വോട്ടെടുപ്പിനിടെ കല്ലേറ്. പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് ബിജെപി ആരോപണം. ആളുകള്‍ വോട്ടു ചെയ്യുന്നത് തടയാന്‍ ടിഎംസി പ്രവര്‍ത്തകര്‍ പ്രശ്‌നം ഉണ്ടാക്കുകയാണെന്ന് ബിജെപി. അതേസമയം, ബെഗര്‍കത്തയിലെ ജനങ്ങളെ ബിജെപി ഭീഷണി പെടുത്തിയെന്ന് ടിഎംസി ആരോപിച്ചു. കൂച്ച്ബെഹാര്‍ അക്രമ സംഭവത്തില്‍ ഇരു പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി.

09:41 April 19

തമിഴ്‌നാട്ടില്‍ 12.55 ശതമാനം പോളിങ്

ആദ്യ മണിക്കൂറുകളിലെ പോളിങ് ശതമാനം പുറത്ത് വരുമ്പോള്‍ തമിഴ്‌നാട്ടില്‍ 12.55 ശതമാനം പോളിങ് (9 മണി വരെയുള്ള കണക്ക്) ആണ് രേഖപ്പെടുത്തിയത്. മറ്റ് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലെ പോളിങ് ശതമാനം: ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (8.64%), അരുണാചൽ പ്രദേശ് (4.95%), അസം (11.15%), ബിഹാർ (9.23%), ഛത്തീസ്‌ഗഡ് (12.02%), ജമ്മു കശ്‌മീർ (10.43%), ലക്ഷദ്വീപ് (5.59%), മധ്യപ്രദേശ് (14.12%), മഹാരാഷ്ട്ര (6.98%), മണിപ്പൂർ (7.63%), മേഘാലയ (12.96%), മിസോറാം (9.36%), നാഗാലാൻഡ് (8%), പുതുച്ചേരി (7.49%), രാജസ്ഥാൻ (10.67%), സിക്കിം (6.63%), ത്രിപുര (13.62%), ഉത്തർപ്രദേശ് (12.22%), ഉത്തരാഖണ്ഡ് (10.41%), പശ്ചിമ ബംഗാൾ (15.09%).

09:32 April 19

പിലിഭിത്തില്‍ വോട്ടെടുപ്പ് നിര്‍ത്തിവച്ചു

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ വോട്ടിങ് നിര്‍ത്തിവച്ചു. പിലിഭിത്ത് ജിജിഐസി ഇന്‍റര്‍ കോളജിലെ പോളിങ് സ്റ്റേഷനിലെ വോട്ടെടുപ്പാണ് നിര്‍ത്തിവച്ചത്. പോളിങ് ഏജന്‍റുമാര്‍ ബൂത്തിലേക്ക് പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞതായി ആരോപണം.

09:27 April 19

വോട്ട് രേഖപ്പെടുത്തി കനിമൊഴി

വോട്ട് രേഖപ്പെടുത്തി കനിമൊഴി

ചെന്നൈയിലെ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി ഡിഎംകെ നേതാവും തൂത്തുക്കുടി മണ്ഡലം എംപി സ്ഥാനാര്‍ഥിയുമായ കനിമൊഴി.

09:09 April 19

'തമിഴ്‌നാട്ടില്‍ ബിജെപി രണ്ടാമത് എത്തുമെന്ന് പോലും തോന്നുന്നില്ല' : കനിമൊഴി

വിജയ പ്രതീക്ഷ പങ്കുവച്ച് ഡിഎംകെ നേതാവ് കനിമൊഴി. 'തമിഴ്‌നാട്ടില്‍ ബിജെപി രണ്ടാമത് എത്തുമെന്ന് പോലും തോന്നുന്നില്ല. ഇവിടെ ഡിഎംകെയും എഐഎഡിഎംകെയും തമ്മിലാണ് മത്സരം, അത് വ്യക്തവുമാണ്. ബിജെപിയ്‌ക്ക് ഇവിടെ ഒരു സ്ഥാനം കണ്ടെത്തുക എന്നത് അസാധ്യം. തമിഴ്‌നാട്ടില്‍ 39 സീറ്റും പുതുച്ചേരിയില്‍ ഒരു സീറ്റും ഇന്ത്യ മുന്നണിയ്‌ക്ക് ലഭിക്കും' -കനിമൊഴി പറഞ്ഞു.

09:03 April 19

പ്രാര്‍ഥിച്ച് തുടക്കം; പുഷ്‌കര്‍ സിങ് ധാമി പൂര്‍ണഗിരി ക്ഷേത്രത്തില്‍

പുഷ്‌കര്‍ സിങ് ധാമി

വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍പായി ഖാതിമയിലെ പൂര്‍ണഗിരി ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഉത്തരാഖണ്ഡിലെ അഞ്ച് ലോക്‌സഭ സീറ്റില്‍ ഇന്നാണ് പോളിങ്.

08:56 April 19

'എല്ലാവരും വോട്ട് ചെയ്യണം'; പ്രാദേശിക ഭാഷയില്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി

രാജ്യത്തെ ജനങ്ങളോട് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളോടും കന്നി വോട്ടര്‍മാരോടും പ്രത്യേകം നിര്‍ദേശം. ഓരോ വോട്ടും, ഓരോ ശബ്‌ദവും പ്രധാനമാണെന്ന് പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്.

08:46 April 19

വോട്ട് ചെയ്‌ത് തമിഴ്‌നാട് മുഖ്യമന്ത്രി

എംകെ സ്റ്റാലിന്‍

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി.

08:33 April 19

ജനങ്ങള്‍ മോദിയ്‌ക്കൊപ്പം, വിജയം ഉറപ്പ് : അണ്ണാമലൈ

വിജയ പ്രതീക്ഷ പങ്കുവച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ അണ്ണാമലൈ. 'തമിഴ്‌ ജനത മോദിയ്‌ക്കൊപ്പമാണ്. ഞങ്ങള്‍ക്ക് ശുഭാപ്‌തി വിശ്വാസമുണ്ട്. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. ജൂണ്‍ നാല് എന്നത് എന്‍ഡിഎയ്‌ക്ക് തീര്‍ച്ചയായും ഒരു ചരിത്ര ദിവസമായിരിക്കും. ഇത്തവണ കര്‍ണാടകയില്‍ ഞങ്ങള്‍ തൂത്തുവാരും. തെലങ്കാനയില്‍ നമ്പര്‍ വണ്‍ പാര്‍ട്ടിയാകും ബിജെപി. തമിഴ്‌നാട്ടില്‍ ഇക്കുറി വലിയൊരു ഫലമാണ് ഉണ്ടാകുക. ദ്രവീഡിയന്‍ രാഷ്‌ട്രീയത്തിന്‍റെ കാലം കഴിഞ്ഞു' -അണ്ണാമലൈ പ്രതികരിച്ചു

08:26 April 19

ഒന്നാം ഘട്ടത്തില്‍ വോട്ട് ചെയ്‌ത് കമല്‍ നാഥ്

കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് വോട്ടു ചെയ്‌തു. അദ്ദേഹത്തിന്‍റെ മകന്‍ നകുല്‍ നാഥ് ചിന്ദ്വാര ലോക്‌സഭ മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്.

08:21 April 19

വോട്ട് രേഖപ്പെടുത്തി രജിനികാന്ത്

ചെന്നൈയിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത്. 'എല്ലാവരോടും വോട്ട് ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. സംസ്ഥാനത്തിന് ഇത് പ്രധാനമാണ്. വോട്ട് ചെയ്യുക എന്നത് എല്ലാവരുടെയും കടമയാണ്' -എന്ന് താരം.

07:46 April 19

വോട്ട് രേഖപ്പെടുത്തി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്‌മ

മേഘാലയ മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കോണ്‍റാഡ് കെ സാങ്‌മ തുറയിലെ വാല്‍ബക്‌ഗ്രെ കേന്ദ്രത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തി. 6.30 ന് തന്നെ അദ്ദേഹം പോളിങ് സ്റ്റേഷനില്‍ എത്തിയിരുന്നു. നേരത്തെ വോട്ടു ചെയ്യാമെന്ന് കരുതി എത്തിയ താന്‍ പോളിങ് സ്റ്റേഷനിലെ വോട്ടര്‍മാരുടെ വരി കണ്ട് അഭിമാനിക്കുന്നു എന്ന് സാങ്‌മ.

07:28 April 19

ശിവഗംഗയില്‍ വോട്ട് രേഖപ്പെടുത്തി പി ചിദംബരം

വോട്ട് രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ശിവഗംഗയിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമെന്ന് പ്രതികരണം. തമിഴ്‌നാട്ടില്‍ 39 സീറ്റുകളില്‍ ഇന്ത്യ മുന്നണി വിജയിക്കുമെന്നും അദ്ദേഹം.

07:17 April 19

വോട്ടെടുപ്പ് ആരംഭിച്ചു

തമിഴ്‌നാട് ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 5 കേന്ദ്ര ഭരണ പ്രദേശങ്ങളും വിധി എഴുതുന്നു.

06:17 April 19

പോളിങ് രാവിലെ 7 മണി മുതല്‍, ജനവിധി തേടി പ്രമുഖര്‍

ഹൈദരാബാദ് : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 16.63 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനം രേഖപ്പെടുത്തുക. ഇവരില്‍ 8.4 കോടി പുരുഷ വോട്ടര്‍മാരും 8.23 കോടി വനിത വോട്ടര്‍മാരും 11,371 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പോളിങ്.

ആദ്യഘട്ട വോട്ടങ്കം ഇവിടെങ്ങളില്‍ :തമിഴ്‌നാട് (39 സീറ്റ്), ഉത്തരാഖണ്ഡ് (5 സീറ്റ്), രാജസ്ഥാന്‍ (12 സീറ്റ്), ഉത്തര്‍പ്രദേശ് (8 സീറ്റ്), മധ്യപ്രദേശ് (6 സീറ്റ്), അസം (5 സീറ്റ്), മഹാരാഷ്‌ട്ര (5 സീറ്റ്), ബിഹാര്‍ (4 സീറ്റ്), പശ്ചിമ ബംഗാള്‍ (3 സീറ്റ്), മണിപ്പൂര്‍ (2 സീറ്റ്), മേഘാലയ (2 സീറ്റ്), അരുണാചല്‍ പ്രദേശ് (2 സീറ്റ്), ജമ്മു കശ്‌മീര്‍ (1 സീറ്റ്), ഛത്തീസ്‌ഗഡ് (1 സീറ്റ്), ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (1 സീറ്റ്), മിസോറാം (1 സീറ്റ്), നാഗാലാന്‍ഡ് 1 സീറ്റ്), പുതുച്ചേരി (1 സീറ്റ്), സിക്കിം (1 സീറ്റ്), ലക്ഷദ്വീപ് (1 സീറ്റ്).

ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍ : നിതിൻ ഗഡ്‌കരി, സർബാനന്ദ സോനോവാൾ, ഭൂപേന്ദ്ര യാദവ്, കോൺഗ്രസിന്‍റെ ഗൗരവ് ഗൊഗോയ്, ഡിഎംകെയുടെ കനിമൊഴി, ബിജെപിയുടെ കെ അണ്ണാമലൈ, കിരൺ റിജിജു, സഞ്ജീവ് ബലിയാൻ, ജിതേന്ദ്ര സിങ്, അർജുൻ റാം മേഘ്‌വാൾ, എൽ മുരുകൻ, നിസിത് പ്രമാണിക്, ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, അരുണാചല്‍ മുന്‍ മുഖ്യമന്ത്രി നബാം തുകി, മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര രാജൻ എന്നിവര്‍ ഇന്ന് ജനവിധി തേടും.

Last Updated : Apr 19, 2024, 5:12 PM IST

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ