കൊൽക്കത്ത:ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് ഒഴിവാക്കണമെന്ന കേളജ് അധികൃതരുടെ നിര്‍ദേശത്തിന് പിന്നാലെ ജോലിയില്‍ നിന്നും രാജിവച്ച് അധ്യാപിക. കൊൽക്കത്ത സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്വകാര്യ ലോ കോളജിലെ അധ്യാപിക സഞ്ജിദ ഖാദർ ആണ് ജോലിയില്‍ നിന്നും രാജി വച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു സഞ്ജിദ രാജി സമര്‍പ്പിച്ചത്.
മെയ് 31 ന് ശേഷം ജോലിസ്ഥലത്ത് ഹിജാബ് ധരിക്കരുതെന്ന് കോളജ് അധികൃതർ നിർദേശം നല്‍കിയിരുന്നതായി സഞ്ജിദ ഖാദർ പറഞ്ഞു. സ്ഥാപനത്തില്‍ മൂന്ന് വര്‍ഷത്തോളം കാലമായി ജോലി ചെയ്‌തുവരികയാണ് സഞ്ജിദ. മൂല്യങ്ങളും മതവികാരങ്ങളും കണക്കിലെടുത്താണ് താന്‍ രാജിവെച്ചതെന്ന് അവർ പറഞ്ഞു.
അധ്യാപികയുടെ രാജി വിവാദമായതോടെ ഇത്തരം നിര്‍ദേശങ്ങള്‍ തങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും തെറ്റിദ്ധാരണയുടെ പേരിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നതെന്നുമാണെന്ന വിശദീകരണമാണ് കേളജ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. രാജിക്കത്ത് പിൻവലിച്ച് ഇന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കാൻ അധ്യാപികയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായും കോളജുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
രാജിയുടെ വിവരം അറിഞ്ഞതിന് പിന്നാലെ അധ്യാപികയുമായി ബന്ധപ്പെട്ടിരുന്നു. തെറ്റിദ്ധാരണയുടെ പുറത്താണ് ഈ നടപടി അവര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി. ജോലിസമയത്ത് വസ്‌ത്രം കൊണ്ട് തല മറയ്ക്കുന്നത് തങ്ങൾ ഒരിക്കലും വിലക്കിയിട്ടില്ലെന്നും അധ്യാപികയെ അറിയിച്ചതായി കോളജ് അധികൃതര്‍ പറഞ്ഞു. അതേസമയം, കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ന് തിരികെ കോളജിലേക്ക് എത്തില്ലെന്ന് അധ്യാപിക വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ:തോല്‍വിക്കു പിന്നാലെ തൃശൂര്‍ ഡിസിസിയില്‍ നാടകീയ നീക്കങ്ങള്‍; ജോസ് വള്ളൂരിന്‍റെയും എം പി വിന്‍സന്‍റിന്‍റെയും രാജി അംഗീകരിച്ചു