തിരുപ്പതി: തിരുമല ക്ഷേത്രത്തിലെ വഴിപാടായി ലഭിച്ച സ്വർണ്ണത്തിൽ നിന്ന് മോഷണം നടത്തിയ ജീവനക്കാരൻ അറസ്‌റ്റിൽ. കാണിക്കകള്‍ എണ്ണുന്ന ഇടമായ പരകാമണിയിൽ നിന്ന് 46 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും വെള്ളിയും അടക്കമുള്ളവ മോഷ്‌ടിച്ച കരാർ ജീവനക്കാരൻ വീരഷെട്ടി പെന്‍ചാലയ്യയാണ് പിടിയിലായത്.
തിരുപ്പതി മാരുതി നഗറിലെ കൊറാല്‍ഗുട്ട നിവാസിയാണ് ഇയാള്‍. താന്‍ നടത്തിയിട്ടുള്ള നിരവധി മോഷണങ്ങളെക്കുറിച്ച് വീരഷെട്ടി കുറ്റസമ്മതം നടത്തിയതായാണ് വിവരം. രണ്ട് വര്‍ഷമായി ഇയാള്‍ കാണിക്ക എണ്ണുന്ന ഇടത്ത് ജോലി ചെയ്‌ത് വരുന്നു. അഗ്രിഗോസ് കമ്പനി വഴിയാണ് ഇയാള്‍ ഇവിടെ ജോലിക്കെത്തിയത്. ശനിയാഴ്‌ച ഒരു ട്രോളി പൈപ്പില്‍ 100 ഗ്രാം സ്വര്‍ണബിസ്‌ക്കറ്റ് കടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താഴത്തെ നിലയില്‍ നിന്ന് മുകള്‍ നിലയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇയാള്‍ സ്വര്‍ണം വച്ചിരുന്ന ട്രേ കൈക്കലാക്കിയ ശേഷം കടത്താനാണ് ശ്രമിച്ചത്. പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥര്‍ ഒളിപ്പിച്ച സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചതോടെ മോഷണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇയാളെ തിരുമല പൊലീസിന് കൈമാറി.
വിജിലന്‍സ് ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് തിരുമല പൊലീസ് കേസെടുത്തു. അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ മുമ്പ് നടത്തിയ മോഷണക്കുറ്റങ്ങളും ഇയാള്‍ സമ്മതിച്ചു. ഇയാളില്‍ നിന്ന് 555 ഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു. 100 ഗ്രാം സ്വര്‍ണാഭരണങ്ങളും 157 ഗ്രാം വെള്ളിയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനെല്ലാം കൂടി 46 ലക്ഷം രൂപ വിലവരും.
2023 ഏപ്രിലില്‍ 72000 രൂപ മോഷ്‌ടിക്കാന്‍ ശ്രമിച്ച സി വി രവികുമാര്‍ എന്ന ഒരു ക്ലര്‍ക്കിനെ പിടികൂടിയിരുന്നു. ക്ഷേത്ര വിജിലന്‍സും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയ ഇയാളെ പിന്നീട് പൊലീസിന് കൈമാറി. 2024 നവംബറില്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്ന് 15000 രൂപ മോഷ്‌ടിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തനായ വേണുലിംഗമെന്നയാളെയും പിടികൂടിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷണം സ്ഥിരീകരിച്ച ശേഷം ഇയാളെ പൊലീസിന് കൈമാറി.